Join News @ Iritty Whats App Group

'ചായ കുടിക്കാനെത്തിയപ്പോൾ പൊലീസ് അതിക്രമം', വീഡിയോ സഹിതം പരാതിയുമായി യുവതി, നിഷേധിച്ച് പൊലീസ്

മലപ്പുറം: വാഹനപരിശോധനയുമായി ബന്ധപ്പെട്ട് യുവതിയെയും സഹോദരനെയും സുഹൃത്തുക്കളെയും മലപ്പുറം മഞ്ചേരി പൊലീസ് മര്‍ദിച്ചെന്ന് പരാതി. 10 വയസുള്ള മകന്റെ മുന്നില്‍ വച്ചാണ് അതിക്രമമെന്ന് മഞ്ചേരി സ്വദേശി അമൃത ജോസ് ആരോപിച്ചു. യുവതിയും കൂടെയുള്ളവരും കൃത്യനിർവഹണം തടഞ്ഞെന്നാണ് പൊലീസിന്റെ വിശദീകരണം.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പത്തരയോടെ നടന്ന സംഭവത്തെക്കുറിച്ച് യുവതി പറയുന്നതിങ്ങനെ. മകനും സഹോദരനും സുഹൃത്തുക്കള്‍ക്കുമൊപ്പമുള്ള യാത്രാമധ്യേ മഞ്ചേരിയില്‍ ചായ കുടിക്കാന്‍ ഇറങ്ങിയപ്പോള്‍ പൊലീസ് അതിക്രമിച്ചു കയറി വാഹനം പരിശോധിച്ചു. കാരണം അന്വേഷിച്ചപ്പോള്‍ പൊലീസ് അപമര്യാദയായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്തു. 

ദൃശ്യങ്ങളെടുത്ത സഹോദരന്റെ കൈ പിടിച്ച് തിരിച്ചെന്നും തുടര്‍ന്ന് സ്റ്റേഷനിലേക്ക് ബലം പ്രയോഗിച്ച് കൊണ്ടുപോയെന്നും പത്തു വയസുള്ള മകന്റെ മുന്നില്‍ വച്ചായിരുന്നു അതിക്രമമെന്നും യുവതി പറയുന്നു. 'എന്റെ സഹോദരനെ വലിച്ചിഴച്ചുകൊണ്ടുപോയി, കരണം നോക്കി അടിച്ചു. ചോരയൊക്കെ വന്നു. അതേപോലെ എന്നെയും കൊണ്ടുപോയി. പത്ത് വയസുള്ള എന്റെ കുട്ടിയുടെ മുന്നിലായിരുന്നു അതിക്രമം. കുടുംബത്തോടൊപ്പമാണ് വന്നതെന്നും കുഞ്ഞുണ്ടെന്നും പറഞ്ഞിട്ടും പൊലീസ് ചെവികൊണ്ടില്ല. നീതിക്കായി ഏതറ്റം വരെയും പോകും. കഴിയുന്നിടത്തെല്ലാം പരാതി നൽകും എന്നും ആയിരുന്നു അവരുടെ വാക്കുകൾ. യുവതിയെയും സഹോദരനെയും പിടിച്ചുകൊണ്ടുപോകുന്നത് അടക്കമുള്ള ദൃശ്യങ്ങൾ ഇവരുടെ കയ്യിലുണ്ട്. 

സ്റ്റേഷനില്‍ എത്തിച്ച ശേഷം പൊലീസ് ഭീഷണിപ്പെടുത്തിയെന്നും പുലർച്ചെ മൂന്നു മണിക്കാണ് വിട്ടയച്ചതെന്നും ആക്ഷേപമുണ്ട്. എന്നാല്‍ ആരോപണങ്ങള്‍ മഞ്ചേരി പൊലീസ് നിഷേധിക്കുകയാണ്. രാത്രി അസ്വാഭാവികത തോന്നി വാഹന പരിശോധന നടത്തുകയായിരുന്നു. എന്നാൽ യുവതിയും കൂടെയുള്ളവരും ബഹളം വച്ച് ഇത് തടഞ്ഞു. തുടർന്നാണ് ഇവരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത് എന്നാണ് വിശദീകരണം.

Post a Comment

Previous Post Next Post
Join Our Whats App Group