Join News @ Iritty Whats App Group

ജില്ലയിലുള്ളവര്‍ പയ്യാമ്പലത്തേക്ക് വരരുത്; അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ മട്ടന്നൂര്‍ മുതല്‍ തലശേരി വരെ 14 കേന്ദ്രങ്ങളില്‍ സൗകര്യം



അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം ഇന്ന് കണ്ണൂരിലെത്തിക്കും. ജനത്തിരക്ക് നിയന്ത്രിക്കാന്‍ വിപുലമായ ക്രമീകരണങ്ങളാണ് ജില്ലയില്‍ ഒരുക്കിയിട്ടുള്ളത്. ജില്ലയിലുള്ളവര്‍ പയ്യാമ്പലത്തേക്ക് വരരുതെന്നും മട്ടന്നൂര്‍ മുതല്‍ തലശേരി വരെ 14 കേന്ദ്രങ്ങളില്‍ വിലാപയാത്ര നിര്‍ത്തുമെന്നും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ പറഞ്ഞു.

ഇന്ന് രാവിലെ 11.40ന് കോടിയേരിയുടെ മൃതദേഹം എയര്‍ ആംബുലന്‍സില്‍ കണ്ണൂര്‍ വിമാനത്താവളത്തിലെത്തും. എം.വി ജയരാജന്റെ നേതൃത്വത്തില്‍ മൃതദേഹം ഏറ്റുവാങ്ങും. തുറന്ന വാഹനത്തില്‍ വിലാപ യാത്രയായി തലശ്ശേരി ടൗണ്‍ ഹാളിലേക്ക് കൊണ്ടുപോകും. വിലാപ യാത്ര കടന്നു പോകുന്ന വഴിയില്‍ 14 കേന്ദ്രങ്ങളില്‍ ജനങ്ങള്‍ക്ക് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ നിര്‍ത്തും.

മട്ടന്നൂര്‍ ടൗണ്‍, നെല്ലൂന്നി, ഉരുവച്ചാല്‍, നീര്‍വേലി, മൂന്നാംപിടിക, തൊക്കിലങ്ങാടി, കൂത്തുപറമ്പ്, പൂക്കോട്, കോട്ടയംപൊയില്‍, ആറാം മൈല്‍, വേറ്റുമ്മല്‍, കതിരൂര്‍, പൊന്ന്യം സ്രാമ്പി, ചുങ്കം എന്നിവിടങ്ങളിലാണ് വിലാപയാത്ര നിര്‍ത്തുക.

തുടര്‍ന്ന് ഇന്ന് മുഴുവന്‍ തലശ്ശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. തിങ്കളാഴ്ച രാവിലെ 10 മണി മുതല്‍ മാടപ്പീടികയില്‍ അദ്ദേഹത്തിന്റെ വീട്ടിലും 11 മണി മുതല്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതു ദര്‍ശനമുണ്ടാകും. തിങ്കളാഴ്ച മൂന്ന് മണിക്ക് പയ്യാമ്പലത്ത് സംസ്‌കാരത്തിനായി വിപുലമായ ഒരുക്കങ്ങളാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തുന്നത്

Post a Comment

أحدث أقدم
Join Our Whats App Group