Join News @ Iritty Whats App Group

നീറ്റ് പരീക്ഷയിൽ യോഗ്യത ലഭിച്ചില്ല; രണ്ട് വിദ്യാർത്ഥിനികൾ ജീവനൊടുക്കി


മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയിൽ യോഗ്യത നേടാൻ കഴിയാത്തതിനെ തുടർന്ന് രാജ്യത്ത് രണ്ട് വിദ്യാർഥിനികൾ ജീവനൊടുക്കി. നോയിഡ സ്വദേശിനിയും ചെന്നൈ സ്വദേശിനിയുമാണ് ആത്മഹത്യ ചെയ്തത്. ഇന്നലെ രാത്രിയാണ് നീറ്റ് യുജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്. തുടർന്നാണ് പരീക്ഷയിൽ യോഗ്യത നേടാൻ സാധിക്കാതിരുന്ന വിദ്യാർത്ഥിനികൾ ജീവനൊടുക്കിയത്. 

നോയിഡ സ്വദേശിനിയായ 22കാരി സമ്പദ സൊസൈറ്റി കെട്ടിടത്തിന്റെ 19ആം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ചെന്നൈയിലെ സർക്കാർ സ്കൂൾ ഹെഡ്മിസ്ട്രസ് അമുദയുടെ മകളായ ലക്ഷ്മണ ശ്വേത ഷാൾ കഴുത്തിൽ കെട്ടി തൂങ്ങിമരിക്കുകയായിരുന്നു. ഫിലിപ്പീൻസിൽ രണ്ടാംവർഷ മെഡിക്കൽ വിദ്യാർഥിയായിരുന്ന ശ്വേത ഇത്തവണ നീറ്റ് പാസാകുമെന്ന് പ്രതീക്ഷിച്ചിരുന്നതായി അയൽവാസികൾ പറഞ്ഞു.

മെഡിക്കൽ പ്രവേശനത്തിന് 9.93 ലക്ഷം പേരാണ് ഇക്കുറി യോഗ്യത നേടിയത്. രാജസ്ഥാൻ സ്വദേശിനി തനിഷ്ക്കയ്ക്കാണ് ഒന്നാം റാങ്ക്. ആദ്യ 20 റാങ്കിൽ കേരളത്തിൽ നിന്ന് ആരുമില്ല. യോഗ്യത നേടിയവരിൽ പെൺകുട്ടികളാണ് മുന്നിലുള്ളത്.

ആൺകുട്ടികളെക്കാൾ 1.3 ലക്ഷം പെൺകുട്ടികൾ അധികമായി യോഗ്യത നേടിയിട്ടുണ്ട്. നീറ്റ് പരീക്ഷ എഴുതിയത് 17.64 ലക്ഷം വിദ്യാർത്ഥികളാണ്

പരീക്ഷയ്‌ക്കെത്തിയ പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ വിവാദത്തിൽ ആയ കൊല്ലത്തെ നീറ്റ് പരീക്ഷ വീണ്ടും നടത്തിയിരുന്നു. കൊല്ലം ആയൂർ മാർത്തോമ എഞ്ചിനീയറിങ് കോളജിൽ പരീക്ഷ എഴുതിയ പെൺകുട്ടികൾക്ക് വേണ്ടിയാണ് പുനഃപരീക്ഷ നടത്തുന്നത്.

ഈ മാസം നാലിന് ഉച്ചയ്ക്ക് രണ്ടിന് കൊല്ലം ശ്രീനാരായണ പബ്ലിക് സ്‌കൂളിലാണ് പരീക്ഷ നടത്തിയത്. കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം രാജ്യ തലത്തിൽ തന്നെ വിവാദമായിരുന്നു. തുടർന്ന് വിഷയം അന്വേഷിക്കാൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസി സംഘത്തെ നിയോഗിച്ചു. പരീക്ഷ ചുമതലയിൽ ഉണ്ടായിരുന്നവർക്ക് തെറ്റ് സംഭവിച്ചു എന്ന് അന്വേഷണസമിതി കണ്ടെത്തി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും പരീക്ഷ നടത്താൻ തീരുമാനിച്ചത്. ആയൂർ കേന്ദ്രത്തിൽ പരീക്ഷ എഴുതിയ എല്ലാ വിദ്യാർഥിനികൾക്കും ഹാൾടിക്കറ്റ് അയച്ചിട്ടുണ്ടെങ്കിലും പരാതി ഉള്ളവർ മാത്രം പുനഃപരീക്ഷയിൽ പങ്കെടുത്താൽ മതിയാകും.


Post a Comment

Previous Post Next Post
Join Our Whats App Group