Join News @ Iritty Whats App Group

കാക്കി പൊലീസിന് മാത്രമാക്കണം, മറ്റ് സേന വിഭാഗങ്ങളുടെ യൂണിഫോം മാറ്റണം: ആവശ്യമറിയിച്ച് ഡിജിപി

കാക്കി യൂണിഫോം പൊലീസിന് മാത്രമാക്കണമെന്ന് ഡിജിപി. എഡിജിപിമാരുടെ യോഗനിര്‍ദ്ദേശം ഡിജിപി സര്‍ക്കാരിന് കൈമാറി. ഫയര്‍ഫോഴ്‌സ്, വനം, എക്‌സൈസ് വിഭാഗങ്ങള്‍ക്കുള്ള യൂണിഫോമും ജയില്‍ വിഭാഗത്തിനുള്ള യൂണിഫോമും മാറ്റണമെന്നാണ് ആവശ്യം. ആശയക്കുഴപ്പം ഒഴിവാക്കാനാണിതെന്നാണ് വിശദീകരണം.

പൊലീസിന്റെ കൂടാതെ എക്‌സൈസ്, വനം, മോട്ടോര്‍, വാഹനവകുപ്പ്, ഫര്‍ഫോഴ്‌സ് എന്നീ സേന വിഭാഗങ്ങളും, സെക്യൂരിറ്റിക്കാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍, സ്റ്റുഡന്റ് പൊലീസ് അധ്യാപകര്‍ എന്നിവരും കാക്കി ഉപയോഗിക്കുന്നുണ്ട്. കാക്കി മാത്രമല്ല പൊലീസിന് സമാനമായ സ്ഥാന ചിഹ്നങ്ങളും ഉപയോഗിക്കുന്നു. ഇത് സമൂഹത്തില്‍ വലിയ തെറ്റിദ്ധാരണ ഉണ്ടാക്കുന്നു എന്നാണ് വിമര്‍ശനം.

കേരള പൊലീസ് ആക്ട് പ്രകാരം ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഒരു പൊലീസ് ഉദ്യോഗസ്ഥനല്ലാതെ മറ്റാര്‍ക്കും കാക്കി യൂണിഫോം ധരിക്കാന്‍ പാടില്ലെന്ന് നിര്‍ക്ഷര്‍ച്ചിരിക്കെയാണ് മറ്റ് സേന വിഭാഗങ്ങളും യൂണിഫോം ധരിക്കുന്നതെന്നായിരുന്നു വിമര്‍ശനം. ഇതേ കുറിച്ച് ബറ്റാലിയന്‍ എഡിജിപിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് ഡിജിപി സര്‍ക്കാരിന് നല്‍കിയത്.

ആഭ്യന്തര വകുപ്പിന് നല്‍കിയിട്ടുള്ള ശുപാര്‍ശ നിയമവകുപ്പ് പരിശോധിച്ചുവരികയാണ്. പൊലീസിന് മാത്രം കാക്കി നല്‍കി കാക്കി ഉപേക്ഷിക്കാന്‍ മറ്റ് സേനാവിഭാഗങ്ങള്‍ തയ്യാറാകാനുള്ള സാധ്യത കുറവാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്.

Post a Comment

Previous Post Next Post
Join Our Whats App Group