Join News @ Iritty Whats App Group

ഗുരുവായൂരിൽ വൻ സുരക്ഷാ വീഴ്ച; ക്ഷേത്ര നടയിൽ ബൈക്കുമായി യുവാവിന്റെ പരാക്രമം

രാജു ഗുരുവായൂര്‍
ഗുരുവായൂർ ക്ഷേത്രത്തിൽ വൻ സുരക്ഷാ വീഴ്ച ,ക്ഷേത്ര നടയിൽ ബൈക്കുമായി യുവാവിന്റെ പരാക്രമം. അമിത വേഗതയിൽ യുവാവ് ബൈക്ക് ഓടിച്ച് കിഴക്കേ ഗോപുരം വരെ യെത്തി. ക്ഷേത്ര നടയിൽ ഉണ്ടായിരുന്ന ഭക്തർ ജീവനും കൊണ്ട് ചിതറിയോടി. ചൊവ്വാഴ്ച രാത്രി അത്താഴ പൂജ കഴിഞ്ഞ സമയത്താണ് ക്ഷേത്രത്തിൽ വൻ സുരക്ഷാ വീഴ്ച ഉണ്ടായത്.

കിഴക്കേ നടയിൽ നിന്നും ബൈക്ക് അമിത വേഗതയിൽ സത്രം ഗേറ്റ് കടന്നു ദീപസ്തംഭം വരെ യെത്തി. അവിടെ ബാരിക്കേഡ് കണ്ടതിനാൽ നേരെ തെക്കേ നടപന്തലിലേക്ക് തിരിഞ്ഞു. തെക്കേ നടപന്തലിലെ ഗേറ്റ് അടഞ്ഞു കിടക്കുന്നത് കണ്ട യുവാവ് വാഹനം വെട്ടിച്ചു കൂവളത്തിന് സമീപത്തു കൂടെ പടിഞ്ഞറെ നടയിലെത്തി. അവിടെ നിന്നും പടിഞ്ഞാറേ നടപ്പന്തലിലൂടെ പാഞ്ഞെങ്കിലും പന്തലിന്റെ പടിഞ്ഞാറേ അറ്റത്തുള്ള ബാരിക്കേഡ് കാരണം പുറത്തേക്ക് കടക്കാൻ കഴിഞ്ഞില്ല. അപ്പോഴേക്കും ഓടിയെത്തിയ ക്ഷേത്രം സെക്യൂരിറ്റിക്കാരും പോലീസും ചേർന്ന് യുവാവിനെ പിടികൂടി.

കണ്ടാണശേരി ആളൂർ പാറമ്പുള്ളി വീട്ടിൽ സുബ്രഹ്‌മണ്യൻ മകൻ പ്രണവ് (31) ആണ് പിടിയിലായത്. ബൈക്ക് പോലീസുകാർ സ്റ്റേഷനിൽ എത്തിച്ചു. പടിഞ്ഞാറേ ദീപസ്തംഭത്തിന് സമീപത്ത് നിന്ന് വടക്കേ ക്ഷേത്ര കുളം ഭാഗത്തേക്ക് പോകുകയായിരുന്നു വെങ്കിൽ യുവാവിന്റെ പൊടി പോലും കിട്ടുമായിരുന്നില്ല എന്നാണ് ദൃക് സാക്ഷികൾ പറയുന്നത്. ഗേറ്റ് ഇല്ലാതെ വിശാലമായി കിടക്കുകയാണ് ഇവിടെ. പിടിയിലായ യുവാവിന്റെ മെഡിക്കൽ പരിശോധന പോലീസ് നടത്തി. ഈ സംഭവത്തോടെ ഗുരുവായൂർ ക്ഷേത്രത്തിന് എന്ത് സുരക്ഷ ആണ് ഉള്ളതെന്ന ചോദ്യമാണ് ഉയരുന്നത്.

എല്ലാ ഗേറ്റിലും പോലീസ് കാരെ വിന്യസിച്ചിട്ടുണ്ട് . കൂടാതെ ദേവസ്വത്തിന്റെ സെക്യൂരിറ്റി വിഭാഗവും നിൽക്കുന്നുണ്ട് . എന്നിട്ടും സുരക്ഷാ വീഴ്ച്ച ഉണ്ടായത് പോലീസിനെ ഞെട്ടിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group