Join News @ Iritty Whats App Group

ഗവര്‍ണറുടെ നടപടിക്കെതിരെ വിസി, 'കോടതിയെ സമീപിക്കും, കാരണം കാണിക്കല്‍ നോട്ടീസില്‍ തുടര്‍നടപടികള്‍ മറ്റന്നാള്‍'


കണ്ണൂര്‍: പ്രിയ വർഗീസ് ഒന്നാമതെത്തിയ റാങ്ക് പട്ടിക മരവിപ്പിച്ച ഗവർണറുടെ നടപടിയെ ചോദ്യം ചെയ്ത് കണ്ണൂര്‍ വി സി ഗോപിനാഥ് രവീന്ദ്രന്‍. കോടതിയെ സമീപിക്കുമെന്ന് വി സി പറഞ്ഞു. കണ്ണൂർ സർവകലാശാല ചട്ട പ്രകാരം സിന്‍റിക്കേറ്റ് തീരുമാനം റദ്ദാക്കാൻ 
ഗവര്‍ണര്‍ക്ക് അധികാരം ഇല്ലെന്നാണ് വിസിയുടെ വാദം. കാരണം കാണിക്കല്‍ നോട്ടീസില്‍ തുടര്‍നടപടികള്‍ മറ്റന്നാളെന്ന് വിസി പറഞ്ഞു. പ്രിയ വ‍ർഗീസിന് നിയമന ഉത്തരവ് രണ്ട് ദിവസത്തിനകം പുറപ്പെടുവിക്കുമെന്ന് വൈസ് ചാൻസലർ ഡോ ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞതിന് പിന്നാലെയാണ് ഗവർണറും സർവകലാശാല ചാൻസലറുമായ ആരിഫ് മുഹമ്മദ് ഖാന്‍ റാങ്ക് പട്ടിക മരവിപ്പിച്ചത്. 

സർവകലാശാല മലയാളം ഡിപ്പാർട്മെന്‍റില്‍ അസോസിയേറ്റ് പ്രൊഫസർ സ്ഥാനത്തേക്കുള്ളതായിരുന്നു റാങ്ക് ലിസ്റ്റ്. ആവശ്യമായ അധ്യാപന പരിചയം പോലുമില്ലാത്ത പ്രിയ വർഗീസിന് ചട്ട വിരുദ്ധമായി റാങ്ക് പട്ടികയിൽ ഒന്നാമതെത്താൻ സാധിച്ചത് സ്വജന പക്ഷപാതമെന്ന് ആരോപണം ഉയർന്നിരുന്നു. സിമിലാരിറ്റി ചെക്കിംഗ് ബാക്കിയുള്ളതിനാലാണ് നിയമനം വൈകുന്നതെന്നായിരുന്നു ഇന്ന് വിസി പറഞ്ഞത്. ഇക്കാര്യം പൂർത്തിയാകുന്നതോടെ നിയമന ഉത്തരവ് നൽകും. ഗവർണർ തനിക്കെതിരെ പരസ്യമായി ആരോപണം ഉന്നയിക്കുകയാണ്. ഇത്തരത്തിൽ ആരോപണം ഉന്നയിക്കുന്നതിന് പകരം എഴുതി നൽകുകയാണെങ്കിൽ മറുപടി നൽകാമെന്നും ഡോ ഗോപിനാഥൻ രവീന്ദ്രൻ പറ‍ഞ്ഞു. 

റിസർച്ച് സ്കോർ എന്നത് ഉദ്യോഗാർത്ഥികളുടെ അവകാശം മാത്രമല്ല, യൂണിവേഴ്സിറ്റി സ്ക്രീനിങ് കമ്മിറ്റി പരിശോധിച്ച് അംഗീകരിച്ചതാണെന്നായിരുന്നു വിസിയുടെ നിലപാട്. ഇക്കാര്യത്തിൽ പ്രിയ വർഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധിച്ചിട്ടില്ല. വിവരാവകാശ രേഖ വഴി ഇന്റർവ്യൂവിന്റെ റെക്കോർഡ് പുറത്തു വിടാൻ കഴിയുമോ എന്നതിൽ വ്യക്തത ഇല്ല എന്നും വൈസ് ചാൻസലർ പറഞ്ഞു. പുറത്തു വിടാൻ കഴിയില്ലെന്നാണ് നിയമ വൃത്തങ്ങളിൽ നിന്ന് മനസിലാകുന്നത്. അത്തരത്തിൽ ചെയ്യണമെങ്കിൽ ഇന്റർവ്യൂ ബോർഡിലെ 11 പേരുടെയും അഭിമുഖത്തിൽ പങ്കെടുത്ത ആറു പേരുടെയും അനുമതി വേണ്ടി വരുമെന്നും ഡോ.ഗോപിനാഥൻ നായർ വ്യക്തമാക്കി. സർവകലാശാലയ്ക്ക് ഇക്കാര്യത്തിൽ ബുദ്ധിമുട്ടൊന്നും ഇല്ലെന്നും വൈസ് ചാൻസലർ അറിയിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group