Join News @ Iritty Whats App Group

"ഹെല്‍മറ്റില്‍ ക്യാമറ വയ്ക്കുന്നവര്‍ക്ക് ഒരൊറ്റ ചിന്ത മാത്രം.." നിരോധനത്തില്‍ നിലപാട് വ്യക്തമാക്കി എംവിഡി!

സംസ്ഥാനത്തെ ഇരുചക്ര വാഹന യാത്രക്കാ‍ർ ഹെൽമറ്റുകളിൽ ക്യാമറ ഘടിപ്പിക്കുന്നത് വിലക്കിയ മോട്ടോർ വാഹന വകുപ്പ് ഉത്തരവിനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ കത്തിപ്പടരുകയാണ്. ഹെൽമറ്റുകളിൽ ക്യാമറ ഘടിപ്പിച്ചത് കണ്ടെത്തിയാൽ 1000 രൂപ പിഴ ഈടാക്കാനാണ് തീരുമാനം. ആവശ്യമെങ്കിൽ മൂന്ന് മാസത്തേക്ക് ലൈസൻസ് റദ്ദാക്കാനും കഴിഞ്ഞ ദിവസം ട്രാൻസ്പോർട്ട് കമ്മീഷണർ ഉദ്യോഗസ്ഥര്‍ക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞു. ഇതിനെത്തുടര്‍ന്നാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച കൊഴുക്കുന്നത്.

അടുത്തിടെ ഉണ്ടായ അപകടങ്ങളിൽ ക്യാമറ വച്ച ഹെൽമറ്റ് ധരിച്ചവർക്ക് പരിക്കേൽക്കുന്നതായി ശ്രദ്ധയിൽ പെട്ടതിനെ തുട‍ർന്നാണ് മോട്ടോർ വാഹന വകുപ്പിന്‍റെ തീരുമാനം. എന്നാല്‍ ഉദ്യോഗസ്ഥരുടെ കൈക്കൂലി ഉള്‍പ്പെടെയുള്ള അഴിമതികള്‍ മറയ്ക്കാനാണ് ലോകവ്യാപകമായി ഉപയോഗിക്കുന്ന ഇത്തരം ക്യാമറകളുടെ നിരോധനം എന്നാണ് ഒരുവിഭാഗം വാദിക്കുന്നത്. എന്നാല്‍ ഹെൽമറ്റുകളുടെ ഘടനയിൽ വരുത്തുന്ന മാറ്റം അപകടങ്ങൾ ഉണ്ടാക്കുമെന്നതിനാലാണ് നടപടി എന്ന് മോട്ടോര്‍വാഹന വകുപ്പിലെ ഒരു ഉന്നതോദ്യോഗസ്ഥന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

"റൈഡ് റെക്കോര്‍ഡ് ചെയ്യുക എന്ന ഒറ്റ ഉദ്ദേശത്തോടെയാണ് പലരും ഹെല്‍മറ്റില്‍ ക്യാമറ ഘടിപ്പിക്കുന്നത്.. ഇത്തരം ക്യാമറ ഹെല്‍മറ്റില്‍ വച്ച് ബൈക്കോടിക്കുന്നവരുടെ മനസിലെ ചിന്ത മുഴുവന്‍ ഇതിനെക്കുറിച്ചും റെക്കോര്‍ഡിംഗിനെക്കുറിച്ചുമൊക്കെ മാത്രമായിരിക്കും.. പെട്ടെന്നൊരു ദൃശ്യം കണ്ട് ഷൂട്ട് ചെയ്യാന്‍ ക്യാമറയുള്ള തല തിരിച്ചാല്‍ എന്താകും അവസ്ഥ..? ഇത്തരത്തിലുള്ള റെക്കോര്‍ഡിംഗുകള്‍ യാതൊരുവിധ ആവശ്യവും ഇല്ലാത്തതാണ്.." പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത എംവിഡി ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുന്നു. 

ഇത്തരം റൈഡര്‍മാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സുരക്ഷിതമായി വാഹനം ഓടിക്കുന്നതിനു പകരം റൈഡ് റെക്കോര്‍ഡിംഗ് ചെയ്യുന്നതില്‍ മാത്രമായിരിക്കും. അതുകൊണ്ട് തൊട്ടുമുന്നിലുള്ള അപകടങ്ങളെ തിരിച്ചറിയാന്‍ പോലും പലര്‍ക്കും കഴിയാറില്ല. മുമ്പിലുള്ള കല്ലോ , കമ്പിയോ കുഴിയൊ ഒന്നും ഇവര്‍ കാണില്ല. മാത്രമല്ല ഇത്തരം സ്റ്റണ്ടുുകളും മറ്റും ഷൂട്ട് ചെയ്‍ത് സോഷ്യല്‍ മീഡിയയില്‍ താരമാകുക എന്ന ലക്ഷ്യം മാത്രമാണ് പലര്‍ക്കും. 200 കിലോമീറ്റര്‍ വേഗതയിലൊക്കെ പായുന്ന ബൈക്കിന്‍റെ സ്‍പീഡോ മീറ്ററിന്‍റെ വീഡിയോ ദൃശ്യങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് ഇങ്ങനെയാണ്. അനാരോഗ്യകരമായ മത്സരങ്ങള്‍ക്കും അപകടങ്ങള്‍ക്കുമൊക്കെയാണ് ഇത് വഴി വക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.


Post a Comment

أحدث أقدم
Join Our Whats App Group