Join News @ Iritty Whats App Group

മുക്കുപണ്ടവുമായി ബാങ്കിന് മുന്നില്‍ കാത്തു നിന്നു, ജ്വല്ലറി ഉടമയെ പറ്റിച്ച് 3 ലക്ഷം തട്ടി; യുവാവ് പിടിയില്‍


അടിമാലി: ഇടുക്കിയില്‍ ജ്വല്ലറി ഉടമയെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അടിമാലി മുനിതണ്ട് സ്വദേശി അമ്പാട്ടുകുടി ജിബി ( 43)യാണ് പൊലീസ് പിടിയിലായത്. ജ്വല്ലറി ഉടമയുടെ പരാതിയില്‍ വെള്ളത്തൂവൽ പൊലീസ് ആണ് ജിബിയെ ആനച്ചാലിൽ നിന്നും വെള്ളിയാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്. മുക്കുപണ്ടം നല്‍കി ജിബി അടിമാലി കൃഷ്ണ ജ്വല്ലറി ഉടമയിൽ നിന്നും മൂന്ന് ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.

കഴിഞ്ഞ ജൂലൈ ഒന്നിനാണ് തട്ടിപ്പ് നടന്നത്. കേസിലെ പ്രതിയായ ജിബി, കൃഷ്ണ ജൂവലറി ഉടമയെ ഫോണിൽ വിളിച്ച് സ്വര്‍ണ്ണം വില്‍ക്കാനുണ്ടെന്നും അത് വാങ്ങി പണം തരണമെന്നും ആവശ്യപ്പെടുകയായിരുന്നു. ആനച്ചാൽ കാർഷിക വികസന ബാങ്കിൽ താന്‍ 13 പവൻ സ്വർണ്ണം പണയം വെച്ചിട്ടുണ്ടെന്നും വായ്പയുടെ കാലാവധി കഴിഞ്ഞതിനാല്‍ സ്വർണ്ണം എടുത്ത് വിൽക്കാന്‍ മൂന്ന് ലക്ഷം രൂപ നൽകണമെന്നുമായിരുന്നു ജിബി ജ്വല്ലറി ഉടമയോട് ആവശ്യപ്പെട്ടത്. 

ജൂലൈ ഒന്നിന് ഉച്ചയോടെ ജ്വല്ലറി ഉടമ മൂന്നു ലക്ഷം രൂപ ജിബിക്ക് നല്‍കാനായി തന്‍റെ രണ്ട് ജീവനക്കാരെ ആനച്ചാലിന് അയച്ചു. ജീവനക്കാർ അവിടെ എത്തുമ്പോൾ ജിബിയും ഇയാളുടെ സുഹൃത്തായ നൗഷാദും, മറ്റൊരാളും ഇവരെ കാത്ത് നിന്നിരുന്നു. ജീവനക്കാര്‍ എത്താന്‍ താമസിച്ചതിനാൽ സ്വർണ്ണം ഒരു മണികൂർ മുൻപ് ബാങ്കിൽ നിന്നും എടുത്തതായി ജീവനക്കാരോട് പ്രതികൾ പറഞ്ഞു. പിന്നീട് കൈവശം കരുതിയിരുന്ന മുക്കുപണ്ടം ജ്വല്ലറി ജീവനക്കാരെ ഏൽപ്പിച്ച് മൂന്നു ലക്ഷം രൂപ കൈപ്പറ്റി.

പിന്നീട് ഇടപാടുകള്‍ തീര്‍ത്ത് ജീവനക്കാരെ ഓട്ടോയിൽ അടിമാലിക്ക് തിരിച്ചയച്ചു. ബാങ്കിൽ നിന്നും എടുത്ത സ്വർണ്ണമാണെന്ന വിശ്വാസത്തിലുരുന്ന ജ്വല്ലറി ഉടമയ്ക്കും ആദ്യം സംശയം തോന്നിയില്ല. എന്നാല്‍ തൂക്കത്തിൽ കുറവുള്ളതായി സംശയം തോന്നി. തുടര്‍മ്മ് ബാങ്കിൽ എത്തി പരിശോധിച്ചശേഷം സ്വര്‍ണ്ണത്തിന്‍റെ ഗുണനിലവാരം പരിശോധിച്ചപ്പോഴാണ് ഇത് മുക്കുപണ്ടമാണെന്ന് ജൂവലറി ഉടമ അറിഞ്ഞത്. അന്ന് തന്നെ വെള്ളത്തൂവൽ പോലീസിൽ പരാതി നൽകി. കേസെടുത്ത പൊലീസ് അന്വേഷണത്തില്‍ ജിബി ജ്വല്ലറി ഉടമയെ കബളിപ്പിച്ച് പണം തട്ടിയെടുത്തതാണെന്ന് കണ്ടെത്തി. പണം തട്ടിയെടുത്ത ശേഷം മുങ്ങിയ ജിബിയെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടുകയായിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group