Join News @ Iritty Whats App Group

വീട്ടിലെത്താൻ 200 രൂപ നൽകി; പിന്നാലെ സഹായിച്ച ആളുടെ മൊബൈലും മോഷ്ടിച്ച് കടന്നു; യുവാവ് പിടിയിൽ

കൊല്ലം: കൈയിലുണ്ടായിരുന്ന പണം നഷ്ടപ്പെട്ടെന്നും വീട്ടിലെത്താന്‍ മാര്‍ഗമില്ലെന്നും അറിയിച്ച യുവാവ്, യാത്രക്കാരനില്‍നിന്ന് പണം ലഭിച്ചതിന് പിന്നാലെ മൊബൈല്‍ഫോണും തട്ടിയെടുത്ത് കടന്നു. പത്തനാപുരം ഏനാദിമംഗലം കുറുമ്പകര ബിനുഭവനില്‍ ബിനു(20)വാണ് യാത്രക്കാരനെ തെറ്റിദ്ധരിപ്പിച്ച് പണം വാങ്ങിയശേഷം മൊബൈല്‍ഫോണും കവര്‍ന്നത്. ഇയാളെ പിന്നീട് പത്തനാപുരം പൊലീസ് പിടികൂടി.
പത്തനാപുരം മഞ്ചള്ളൂര്‍ ജംഗ്ഷനില്‍വെച്ച് പുനലൂര്‍ സ്വദേശി അയ്യപ്പന്റെ മൊബൈല്‍ ഫോണാണ് ബിനു മോഷ്ടിച്ചത്. ബസ് കാത്തുനിന്ന അയ്യപ്പന്റെ സമീപം പണം നഷ്ടപ്പെട്ട കാര്യംപറഞ്ഞ് ബിനു അടുത്തൂകൂടുകയായിരുന്നു. യുവാവിന്റെ ദൈന്യതകണ്ടു മനസ്സലിഞ്ഞ അയ്യപ്പന്‍ 200 രൂപ നല്‍കി. വീട്ടിലേക്ക് വിളിക്കാന്‍ ഫോണ്‍ വാങ്ങിയ ബിനു സംസാരിക്കുന്നെന്ന വ്യാജേന ഫോണുമായി ഓടിപ്പോകുകയായിരുന്നു. ഉടന്‍ പത്തനാപുരം പോലീസില്‍ അയ്യപ്പന്‍ വിവരമറിയിച്ചതോടെ പൊലീസ് നടത്തിയ വാഹനപരിശോധനയിലാണ് ബിനു പിടിയിലായത്.

യുവാവ് ധരിച്ചിരുന്ന വസ്ത്രങ്ങളുടെ നിറവും ആളുടെ രൂപവും അയ്യപ്പന്‍ പൊലീസിനെ അറിയിച്ചിരുന്നു. സംഭവംനടന്ന് അധികം വൈകാതെ പത്തനാപുരം ടൗണില്‍ ബൈക്കിനു പിന്നിലിരുന്ന് യാത്രചെയ്യുകയായിരുന്ന ബിനുവിനെ പൊലീസ് പിടികൂടുകയായിരുന്നു. എസ് എച്ച് ഒ ജയകൃഷ്ണന്‍, എസ് ഐ ജെ പി അരുണ്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് യുവാവിനെ പിടികൂടിയത്.

ഇയാള്‍ നിരവധി മോഷണക്കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. പത്തനാപുരം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Post a Comment

Previous Post Next Post
Join Our Whats App Group