Join News @ Iritty Whats App Group

ദേശീയപതാക നിര്‍മാണത്തിലൂടെ സ്വയംതൊഴിൽ കണ്ടെത്തി ആറളം ഫാമിലെ വനിതകള്‍


ദേശീയപതാക നിര്‍മാണത്തിലൂടെ സ്വയംതൊഴിലിന് തുടക്കമിട്ട് കണ്ണൂർ ആറളം ഫാമിലെ പട്ടിക വിഭാഗം വനിതകള്‍. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം പ്രമാണിച്ചുള്ള 'ആസാദി കാ അമൃത് മഹോത്സവത്തിന്റെ' ഭാഗമായി 'ഹര്‍ ഘര്‍ തിരംഗ' ക്യാംപയിനായാണ് ഇവര്‍ പതാക നിര്‍മിക്കുന്നത്. ആറളം ഫാം 11ാം ബ്ലോക്കിലെ മഞ്ജു മാധവന്‍, 10ാം ബ്ലോക്കിലെ രമ്യ എന്നിവരാണ് ചൊവ്വാഴ്ച മുതല്‍ തയ്യല്‍ ജോലി ആരംഭിച്ചത്.
ത്രിവര്‍ണ പതാക നിര്‍മിച്ച് ജോലി ആരംഭിക്കണമെന്ന ഇവരുടെ ആഗ്രഹമാണ് ഇതിലൂടെ പൂവണിഞ്ഞത്. നേരത്തെ ഫാമില്‍ പരിശീലനം ലഭിച്ച് തയ്യില്‍ ജോലി ചെയ്യുന്ന 11-ാം ബ്ലോക്കിലെ മിനി ഗോപിയും പതാക നിര്‍മിക്കുന്നുണ്ട്. മൂവരും കൂടി 2500 പതാകകളാണ് നിര്‍മിക്കുക. ഇത് കുടുംബശ്രീ ജില്ലാ മിഷന്‍ വഴി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറും.

മഞ്ജുവിനും രമ്യക്കും ആറളം കുടുംബശ്രീ സിഡിഎസിന്റെ കമ്മ്യൂണിറ്റി എന്റര്‍പ്രെസസ് ഫണ്ടില്‍ ഉള്‍പ്പെടുത്തി കുടുംബശ്രീ ജില്ലാ മിഷന്‍ തയ്യല്‍ സംരംഭം ആരംഭിക്കാന്‍ വായ്പ നല്‍കിയിരുന്നു. ഇത് ഉപയോഗിച്ചാണ് ഉപജീവനമാര്‍ഗത്തിനായി തയ്യല്‍ മെഷീന്‍ വാങ്ങി സ്വയംതൊഴില്‍ തുടങ്ങിയത്. കുടുംബശ്രീ മിഷന്റെ ഭാഗമായി ഇരുവര്‍ക്കും ഫാഷന്‍ ഡിസൈനിങ്ങില്‍ രണ്ടുമാസത്തെ പരിശീലനം നല്‍കിയിരുന്നു.

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലയിൽ കുടുംബശ്രീ മിഷൻ മുഖേന രണ്ട് ലക്ഷം ദേശീയപതാകൾ നിർമ്മിച്ചിട്ടുണ്ട്. 60 യൂനിറ്റുകളിലായി 380ഓളം പേരാണ് പതാക നിർമ്മിച്ചത്. സ്‌കൂളുകൾക്കും വീടുകൾക്കും 30 രൂപയ്ക്കും സ്ഥാപനങ്ങൾക്ക് 35 രൂപയ്ക്കുമാണ് ദേശീയപതാക നൽകുക. തദ്ദേശസ്ഥാപനങ്ങൾ വഴി സ്‌കൂളുകൾക്ക് ദേശീയപതാക വിതരണം നടത്താനാണ് കലക്ടർ നിർദേശിച്ചിട്ടുളളത്. ആഗസ്റ്റ് 11 മുതൽ വിതരണം ആരംഭിക്കും.

Post a Comment

Previous Post Next Post
Join Our Whats App Group