Join News @ Iritty Whats App Group

ആഭ്യന്തരം നിതീഷിന് തന്നെ, തേജസ്വിക്ക് ആരോഗ്യം; ബിഹാറിൽ ആർജെഡിക്ക് 16 മന്ത്രിമാർ


ബിഹാർ: ബിഹാറിൽ മഹാസഖ്യ സർക്കാരിൽ ആഭ്യന്തര വകുപ്പ്, മുഖ്യമന്ത്രി നിതീഷ് കുമാർ തന്നെ കൈകാര്യം ചെയ്യും. ഉപ മുഖ്യമന്ത്രി തേജസ്വി യാദവിന് ആരോഗ്യ വകുപ്പിന്റെ ചുമതലയാണ്. തേജസ്വിയുടെ സഹോദരൻ തേജ് പ്രതാപിന് പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം എന്നീ വകുപ്പുകൾ നൽകി. 31 പേരെ കൂടി ഉൾപ്പെടുത്തിയാണ് മഹാസഖ്യ സർക്കാർ മന്ത്രിസഭാ വികസനം പൂർത്തിയാക്കിയത്. ആർജെഡിയില്‍ നിന്ന് പതിനാറും ജനതാദളില്‍ നിന്ന് പതിനൊന്നും പേർ മന്ത്രിമാരായി. കോൺഗ്രസിന് രണ്ടും എച്ചഎഎമ്മിനും ഒരു മന്ത്രി പദവിയും ലഭിച്ചു. പിന്നോക്ക വിഭാഗത്തില്‍ നിന്നുള്ള പതിനേഴ് പേരാണ് മന്ത്രിസഭയിലുള്ളത്.

മഹാസഖ്യ സർക്കാർ വികസിപ്പിച്ചപ്പോൾ കൂടുതൽ നേട്ടം സ്വന്തമാക്കിയത് ആർജെഡിയാണ്. 79 എംഎൽമാരുള്ള ആർജെഡിക്ക് 16 മന്ത്രിമാരെ ലഭിച്ചു. മുഖ്യമന്ത്രി പദവിക്ക് പുറമേ, ആഭ്യന്തരവും കൈകാര്യം ചെയ്യുന്ന നിതീഷിന്റെ പാർട്ടിക്ക് 11 മന്ത്രിമാരുണ്ട്. സ്വതന്ത്ര എംഎല്‍എ ആയ സുമിത് കുമാറിനെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ച് മന്ത്രിസ്ഥാനങ്ങള്‍ ഭാവിയിലെ മന്ത്രിസഭ വികസനം മുന്നില്‍ കണ്ട് ഒഴിച്ചിട്ടിരിക്കുകയാണ്.

പന്ത്രണ്ട് എംഎല്‍എമാരുള്ള സിപിഐ എംഎല്‍ സഖ്യ സർക്കാരിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും മന്ത്രിസഭയുടെ ഭാഗമാകാനില്ലെന്ന നിലപാട് എടുത്തിരിക്കുകയാണ്. രണ്ട് വീതം എംഎല്‍എമാരുള്ള സിപിഎം, സിപിഐ പാര്‍ട്ടികളും മന്ത്രിസഭയുടെ ഭാഗമാകുന്നില്ല. സർക്കാർ നയങ്ങളില്‍ നിർണായക സ്വാധീനം ചെലുത്താൻ കഴിയുന്നത്ര എംഎല്‍എമാരില്ലാത്തതിനാലാണ് മന്ത്രിസഭയുടെ ഭാഗമാകാത്തതെന്നാണ് ഇടത് നേതൃത്വത്തിന്റെ വിശദീകരണം.

Post a Comment

أحدث أقدم
Join Our Whats App Group