Join News @ Iritty Whats App Group

വിദേശ സർവ്വകലാശാലകളിലെ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാകില്ല;നയം വ്യക്തമാക്കി കേന്ദ്രം

ദില്ലി : വിദേശ സർവ്വകലാശാലകളിലെ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇന്ത്യൻ സർവകലാശാലകളിൽ പഠനം തുടരാനാവില്ലെന്ന് കേന്ദ്ര സർക്കാർ. നിലവിലെ നിയമത്തിൽ ഇതിനുള്ള വ്യവസ്ഥയില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി പാർലമെൻറിനെ രേഖാമൂലം അറിയിച്ചു. നാനൂറിലധികം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠനാവസരം നൽകിയ ബംഗാൾ സർക്കാർ നടപടി ദേശീയ മെഡിക്കൽ കമ്മീഷന്റെ അറിവോടെയല്ലെന്നും മന്ത്രി സഭയിൽ വിശദീകരിച്ചു. 

യുക്രൈനിൽ  നിന്നും നാട്ടിലെത്തിയ  വിദ്യാർഥ‌ികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാവില്ലെന്ന് നേരത്തെയും കേന്ദ്ര സര്‍ക്കാര്‍ ആവർത്തിച്ചിരുന്നു. വിദ്യാർത്ഥികർക്ക് മെഡിക്കൽ കോളേജുകളിൽ പഠനം അനുവദിച്ച പശ്ചിമ ബംഗാളിൻറെ നീക്കത്തെ എതിർത്ത കേന്ദ്രം, വിദേശത്ത് പഠനം നടത്തുന്നവര്‍ക്ക് ഇന്ത്യയിൽ തുടര്‍ പഠനം അനുവദിക്കാനാകില്ലെന്നും മെഡിക്കൽ കൗൺസിൽ ചട്ടം ഇതനുവദിക്കുന്നില്ലെന്നുമുള്ള  നിലപാടിലാണ്. 

റഷ്യ- യുക്രൈൻ യുദ്ധ സാഹചര്യത്തിൽ മലയാളികളടക്കമുള്ള ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഇന്ത്യയിലേക്ക് മടങ്ങിയതെത്തിയത്. ഇവരിൽ ഭൂരിപക്ഷവും മെഡിക്കൽ- ദന്തൽ വിദ്യാര്‍ത്ഥികളാണ്.  തങ്ങളുടെ തുടർപഠനത്തിനായി സർക്കാർ ഇടപെടൽ വേണമെന്ന് രക്ഷിതാക്കളും തിരിച്ചെത്തിയ വിദ്യാർത്ഥികളും ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെവിടെയും പഠിക്കാൻ തയ്യാറാണെന്നും തുടർ പഠനത്തിന് നിയമ ഭേദഗതിയുൾപ്പെടെയുള്ളവ പരിഗണിക്കണമെന്നുമാണ് രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും ആവശ്യം. ലക്ഷങ്ങൾ വായ്പയെടുത്താണ് വിദ്യാര്‍ത്ഥികളിൽ ഭൂരിഭാഗം പേരും മെഡിക്കൽ പഠനത്തിനായി വിദേശത്തേക്ക് പോയത്. 

എന്നാൽ അതേ സമയം, റഷ്യ യുക്രെയ്ൻ യുദ്ധസാഹചര്യത്തിൽ ഇന്ത്യയിലേക്ക് മടങ്ങിയ എംബിബിഎസ് ഇന്റേൺഷിപ്പ് വിദ്യാർത്ഥികൾക്ക് 12 മാസത്തെ നിർബന്ധിത ഇന്റേൺഷിപ്പ് ഇന്ത്യയിൽ പൂർത്തിയാക്കാൻ അനുമതി നൽകുമെന്ന് നാഷണൽ മെഡിക്കൽ കമ്മീഷൻ നേരത്തെ അറിയിച്ചിരുന്നു. 

Post a Comment

أحدث أقدم
Join Our Whats App Group