Join News @ Iritty Whats App Group

കള്ളനോട്ടടിച്ച് ചില്ലറയായി യാത്രക്കാര്‍ക്ക് വിതരണം ചെയ്തു; ഓട്ടോഡ്രൈവര്‍ പിടിയില്‍

തൃശൂരില്‍ കള്ളനോട്ടുമായി യുവാവ് പിടിയില്‍. കട്ടിലപ്പൂവം കോട്ടപ്പടി വീട്ടില്‍ ജോര്‍ജ് ആണ് തൃശൂര്‍ വെസ്റ്റ് പൊലീസ് പിടികൂടിയത്. ഇയാളില്‍ നിന്നും 100 രൂപയുടെ 24 നോട്ടുകളും 50 രൂപയുടെ 48 നോട്ടുകളും പൊലീസ് പിടിച്ചെടുത്തു. 

ഓട്ടോ ഡ്രൈവറായ ജോര്‍ജിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഇയാളുടെ ഓട്ടോയില്‍ ഒരു വൃദ്ധ കയറിയിരുന്നു.ഇവര്‍ നല്‍കിയ അഞ്ഞൂറു രൂപയ്ക്ക് ചില്ലറയായി രണ്ട് 200 രൂപ നോട്ടുകളും ഒരു നൂറു രൂപ നോട്ടും ഇയാള്‍ കൈമാറി. സാധനങ്ങള്‍ വാങ്ങാന്‍ വൃദ്ധ കടയില്‍ കൊടുത്തപ്പോഴാണ് കള്ളനോട്ടാണെന്ന് അറിഞ്ഞത്. ഇതേ തുടര്‍ന്ന് നോട്ടുകള്‍കത്തിച്ചു. വിവരമറിഞ്ഞ സ്‌പെഷ്യല്‍
ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.

വെസ്റ്റ് പൊലീസിന് ലഭിച്ച നിര്‍ദേശ പ്രകാരമാണ് അന്വേഷണം തുടങ്ങിയത്. അയ്യന്തോള്‍ചുങ്കത്ത് വച്ച് ഓട്ടോ ഡ്രൈവറായ ജോര്‍ജിനെ പൊലീസ് പരിശോധിച്ചു. ഇയാളില്‍ നിന്ന് കള്ളനോട്ട് പിടികൂടിയതോടെ കട്ടിലപ്പൂവത്തുള്ള വീട്ടിലും പരിശോധന നടത്തി. നോട്ട് പ്രിന്റ് ചെയ്യാന്‍ ഉപയോഗിച്ച പ്രിന്ററും ഒരു ഭാഗം പ്രിന്റ് ചെയ്ത വ്യാജ നോട്ടുകളും കണ്ടെടുത്തു. പ്രായമായവരെയും മദ്യപന്‍മാരെയും അന്യ സ്ഥലങ്ങളില്‍ നിന്നും വരുന്നവരെയും ആണ് ഇയാള്‍ സ്ഥിരമായി കള്ളനോട്ട് ചില്ലറയായി നല്‍കി പറ്റിച്ചിരുന്നത്. ചെറിയ തുകയല്ലേ എന്നു കരുതി പറ്റിക്കപ്പെട്ടവര്‍ പരാതി കൊടുക്കാത്തത് ഇയാള്‍ക്ക് പ്രോത്സാഹനമായതാണ് പിടിക്കപ്പെടാതിരുന്നത്. വെസ്റ്റ് സി.ഐ ഫര്‍ഷാദിന്റെ നേതൃത്വത്തില്‍ എസ്.ഐ കെ.സി ബൈജു, സിവില്‍ പൊലീസ് ഓഫീസര്‍മാരായ അബീഷ് ആന്റണി, സിറില്‍ എന്നിവര്‍ ചേര്‍ന്നാണ് ജോര്‍ജിനെ പിടികൂടിയത്.

Post a Comment

أحدث أقدم
Join Our Whats App Group