Join News @ Iritty Whats App Group

ഹിജാബ് നിരോധനം ശരിവെച്ച കർണാടക ഹൈക്കോടതി വിധിക്കെതിരായ ഹർജികൾ സുപ്രീം കോടതി അടുത്ത ആഴ്ച പരിഗണിക്കും

ദില്ലി: കർണാടകത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരായ ഹർജികൾ സുപ്രീം കോടതി അടുത്ത ആഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്. ഹർജികൾ മാർച്ച് കോടതിയിൽ എത്തിയതാണെന്നും ഇതുവരെ പരിഗണിച്ചിട്ടില്ലെന്നും മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ കോടതിയെ അറിയിച്ചു. ഹര്‍ജികള്‍ അടിയന്തിരമായി പരിഗണിക്കണമെന്നും പ്രശാന്ത് ഭൂഷണ്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനോട് ആവശ്യപ്പെട്ടു. 

പെണകുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങുന്ന സാഹചര്യമാണെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു. ഇതിന് പിന്നാലെയാണ് ഹര്‍ജികള്‍ അടുത്ത ആഴ്ച പരിഗണിക്കാമെന്ന് കോടതി അറിയിച്ചത്. മാര്‍ച്ച് 15-നാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിരോധനം ശരിവച്ച് കര്‍ണാടക ഹൈക്കോടതി ഉത്തരവിറക്കിയത്. ഹിജാബ് ഇസ്ലാം മതാചാരത്തിലെ അവിഭാജ്യഘടകമല്ലെന്നായിരുന്നു കോടതി നിരീക്ഷണം. മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്, സമസ്ത തുടങ്ങിയ സംഘടനകളാൺേ ഹിജാബ് നിരോധന ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. 

ഹിജാബ് അനുവദിക്കാത്തതിന്‍റെ പേരില്‍ മംഗ്ലൂരു സര്‍ക്കാര്‍ കോളേജിലെ 20 വിദ്യാര്‍ത്ഥിനികള്‍ ബിരുദ പഠനം അവസാനിപ്പിച്ചു. കോളേജിലേക്ക് ഇനിയില്ലെന്നും സ്വകാര്യ കംമ്പ്യൂട്ടര്‍ സെന്‍ററില്‍ തുടര്‍പഠനത്തിന് ചേരുമെന്നും വിദ്യാര്‍ത്ഥിനികള്‍ വ്യക്തമാക്കി.എന്നാല്‍ ഹൈക്കോടതി ഉത്തരവ് അനുസരിച്ച് ഒരു കാരണവശാലും ഹിജാബ് അനുവദിക്കില്ലെന്ന് കോളേജ് അധികൃതര്‍ ചൂണ്ടികാട്ടി.

മംഗ്ലൂരു ഹലേങ്ങാടി സര്‍ക്കാര്‍ കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളാണ് ടിസി വാങ്ങിയത്. ഹിജാബ് ധരിക്കാതെ ക്ലാസിലിരിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടികാട്ടി വിദ്യാര്‍ത്ഥിനികള്‍ കോളേജ് പ്രിന്‍സിപ്പളിന് കത്ത് നല്‍കിയിരുന്നു. തയ്യല്‍ പഠിക്കാനും കംമ്പ്യൂട്ടര്‍ പഠനത്തിനുമായി പോകുമെന്നാണ് ഇവരുടെ രക്ഷിതാക്കള്‍ കോളേജ് അധികൃതരെ അറിയിച്ചിരിക്കുന്നത്. 

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഹിജാബ് ധരിച്ച് പ്രായോഗിക പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിനികളോട് ഹിജാബ് അഴിച്ചുമാറ്റണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് വിസ്സമ്മതിച്ച വിദ്യാര്‍ത്ഥിനികള്‍ പ്രധാന കവാടത്തിന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു. മറ്റ് വിദ്യാര്‍ത്ഥികളെ കൂടി സംഘടിപ്പിച്ച് ആസൂത്രിതമായ പ്രതിഷേധത്തിന് ശ്രമിക്കുന്നുവെന്ന് ചൂണ്ടികാട്ടി നാല് വിദ്യാര്‍ത്ഥിനികളെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു. 

ഇതിന് പിന്നാലെയാണ് 19 വിദ്യാര്‍ത്ഥിനികള്‍ കഴിഞ്ഞ ദിവസവും ഒരു വിദ്യാര്‍ത്ഥിനി ഇന്നും എത്തി ടിസി വാങ്ങിയത്. കഴി‌ഞ്ഞ ഒന്നരമാസത്തോളം ഇവര്‍ കൃത്യമായി ക്ലാസിലെത്താറില്ലെന്ന് കോളേജ് അധികൃതര്‍ വ്യക്തമാക്കി. വര്‍ഷങ്ങളായി ഹിജാബ് ധരിച്ചാണ് എത്തുന്നതെന്നും മൗലികാവകാശങ്ങളുടെ ഭാഗമെന്നും ചൂണ്ടികാട്ടി ജില്ലാ വിദ്യാഭ്യാസ വകുപ്പിന് നാല് വിദ്യാര്‍ത്ഥിനികള്‍ പരാതി നല്‍കിയെങ്കിലും തള്ളിയിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചുള്ള ഹൈക്കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ പ്രത്യേക ഇളവ് നല്‍കാനാകില്ലെന്നാണ് കോളേജ് അധികൃതരുടെ നിലപാട്.

Post a Comment

أحدث أقدم
Join Our Whats App Group