Join News @ Iritty Whats App Group

പ്രസവത്തെ തുടര്‍ന്ന് നവജാതശിശുവും അമ്മയും മരിച്ച സംഭവം; ആരോഗ്യമന്ത്രിക്ക് പ്രാഥമിക റിപ്പോര്‍ട്ട് കൈമാറി

പാലക്കാട് തങ്കം ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് നവജാത ശിശുവും അമ്മയും മരിച്ച സംഭവത്തില്‍ ഡിഎംഒ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കൈമാറി. ചിറ്റൂര്‍ തത്തമംഗലം സ്വദേശിനി ഐശ്വര്യയും കുഞ്ഞുമാണ് മരിച്ചത്. ഇവര്‍ക്ക് ലഭിച്ച ചികിത്സ, പരിചരണം എന്നീ കാര്യങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ഡിഎംഒ അറിയിച്ചു.

ഗര്‍ഭിണിയായ 25 കാരിയായ ഐശ്വര്യയ്ക്ക പ്രസവ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ ആദ്യം അറിയിച്ചിരുന്നത്. പിന്നീട് സാധാരണ പ്രസവം മതിയെന്ന് പറഞ്ഞു. വാക്വം ഉപയോഗിച്ച് കുട്ടിയെ പുറത്തെടുത്തു. ഇതിനിടെ അമിത രക്തസ്രാവമുണ്ടായി. തുടര്‍ന്ന് ഐശ്വര്യയെ വെന്റിലേറ്ററിലേക്ക് മാറ്റി. പിന്നാലെ മരിച്ചു. പ്രസവ സമയത്ത് തന്നെ കുഞ്ഞും മരിച്ചിരുന്നു. ചികിത്സാ പിഴവ് മൂലമാണ് മരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. നവജാത ശിശുവിന്റെ കഴുത്തില്‍ പൊക്കിള്‍ക്കൊടി ചുറ്റി വരിഞ്ഞ നിലയിലായിരുന്നു. വാക്വം ഉപയോഗിച്ച് കുഞ്ഞിനെ പുറത്തെടുക്കാന്‍ ഏറെ പാടുപെട്ടു. ഇതിന്റെ ലക്ഷണങ്ങള്‍ കുഞ്ഞിന്റെ ശരീരത്തിലുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്.

അതേസമയം തങ്കം ആശുപത്രിക്കെതിരെ ആരോപണങ്ങള്‍ ആവര്‍ത്തിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ചികിത്സയിലിരുന്ന ഒരു യുവതിയും മരിച്ചിരുന്നു. ഭിന്നശേഷിക്കാരിയായ കാര്‍ത്തികയാണ് മരിച്ചത്. അനസ്‌തേഷ്യ നല്‍കിയതിലെ പിഴവാണ് കാര്‍ത്തികയുടെ മരണത്തിന് കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്.

ആശുപത്രിക്കെതിരെ നടപടിയെടുക്കാന്‍ കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമപ്രകാരം നടപടി സ്വീകരിക്കാനാണ് നിര്‍ദ്ദേശം. കളക്ടര്‍ ചെയര്‍മാനും ഡിഎംഒ വൈസ് ചെയര്‍മാനുമായുള്ള ജില്ലാ രജിസ്റ്ററിംഗ് അതോറിറ്റി സംഭവത്തെപ്പറ്റി കൃത്യമായി അന്വേഷിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഒരാശുപത്രിയ്ക്കെതിരെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമം ഉപയോഗിക്കുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group