Join News @ Iritty Whats App Group

സര്‍ക്കാരിന്റെ ക്ലീന്‍ചിറ്റ് തള്ളി ഫാ.തേലക്കാട്ട്; ഇ.ഡി അന്വേഷണവും മൂന്ന് കോടി പിഴയിട്ടതും പിന്നെയെന്തിന്?

കൊച്ചി: അതിരൂപത ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ക്ലീന്‍ ചിറ്റ് നല്‍കി സംസ്ഥാന സര്‍ക്കാര്‍സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം തള്ളി ഫാ.പോള്‍ തേലക്കാട്ട്. ഇടപാടുകള്‍ എല്ലാം നിയമപരമായിരുന്നുവെങ്കില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേസെടുത്ത് അന്വേഷണം നടത്തിയതും അതിരൂപതയുടെ പേരില്‍ ഇന്‍കംടാക്‌സ് മൂന്ന് കോടിയിലേറെ രൂപ പിഴ ചുമത്തിയതും എന്തിനായിരുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

അതിരൂപതയ്‌ക്കെതിരെ ഇ.ഡി കേസെടുത്തിട്ടുണ്ട്. ഇതൊക്കെ എന്തിനാണെന്നാണ് മനസ്സിലാകാത്തത്. ആലഞ്ചേരിക്ക് ക്ലീന്‍ചിറ്റി നല്‍കി സത്യവാങ്മൂലം നല്‍കിയ സര്‍ക്കാര്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണമെന്നും ഫാ.പോള്‍ തേലക്കാട്ട് ആവശ്യപ്പെട്ടു.

ഭൂമി ഇടപാടില്‍ കള്ളപ്പണം വെളുപ്പിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്‍കം ടാക്‌സ് വകുപ്പ് അതിരൂപതയ്ക്ക് ഭീമമായ തുക നികുതി ചുമത്തിയിരുന്നു. ഇന്‍കം ടാക്‌സ് കര്‍ദിനാളിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. വത്തിക്കാന്‍ നിയോഗിച്ച കെപിഎംജിയുടെ അന്വേഷണ റിപ്പോര്‍ട്ടിലും ഭൂമി ഇടപാടില്‍ ക്രമക്കേട് നടന്നതായി സ്ഥിരീകരിക്കുകയും അതുപ്രകാരം നഷ്ടം വരുത്തിയവര്‍ അതിരൂപതയോട് പ്രായശ്ചിത്തം ചെയ്യണമെന്നും നിര്‍ദേശിച്ചിരുന്നു.

സിറോ മലബാര്‍ സഭയെ പ്രീണിപ്പിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് സഭാ സംരക്ഷണ സമിതി വക്താവ് ഷൈജു ആന്റണി പ്രതികരിച്ചു. സര്‍ക്കാരും കര്‍ദിനാളും തമ്മിലുള്ള ഡീല്‍ എന്താണെന്ന് വ്യക്തമാക്കണം. മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനവ കരുണാകരനായി മാറുകയാണ്. 'പിണറായി അഭിനവ കരുണാകരനാകുന്നു എന്നത് നൂറുശതമാനം ഉറപ്പാണ്. പിണറായി വിജയന്‍ മതമേലദ്ധ്യക്ഷന്മാരെ പ്രീണിപ്പിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. സര്‍ക്കാര്‍ തന്നെ വിവിധ ഘട്ടങ്ങളില്‍ സ്വീകരിച്ചിട്ടുള്ള നിലപാടുകള്‍ക്ക് ഘടകവിരുദ്ധമായ നിലപാടാണ് പിണറായി വിജയന്‍ സ്വീകരിക്കുന്നത്.

സര്‍ക്കാര്‍ കര്‍ദിനാളിനെ വെള്ളപൂശിയതുകൊണ്ട് വിശ്വാസികള്‍ എല്‍ഡിഎഫിന് അനുകൂലമാകും എന്ന തെറ്റിദ്ധാരണ ഇവര്‍ക്കുണ്ട്. ഇവര്‍ ഈ കാലഘട്ടത്തിലല്ല ജീവിക്കുന്നത്. കുറച്ച് കര്‍ദിനാള്‍ ഭക്തരും കുറച്ച് ആളുകളും ഒഴിച്ചാല്‍ സിറോ മലബാര്‍ സഭയിലെ 90 ശതമാനം വിശ്വാസികളും സര്‍ക്കാരിന് എതിരായാണ് വോട്ടുചെയ്യാന്‍ പോകുന്നത്. കാനോന്‍ നിയമപ്രകാരമല്ല ഇടപാടുകള്‍ നടന്നതെന്ന് സഭയുടെ അന്വേഷണ കമ്മീഷനുകള്‍ തന്നെ കണ്ടെത്തിയിട്ടുണ്ട്. പക്ഷെ സര്‍ക്കാര്‍ പറയുന്നത് നേരെ തിരിച്ചാണ്', ഷൈജു ആന്റണി പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group