Join News @ Iritty Whats App Group

പ്രിൻസിപ്പാളും അദ്ധ്യാപകരുമില്ലാതെ ആറളം ഫാം ഗവ. ഹയർസെക്കണ്ടറി വിഭാഗം - പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്

ഇരിട്ടി: പ്രിസിപ്പാളും സ്ഥിരം അദ്ധ്യാപകരുമില്ലാതെ പ്രവർത്തനം പ്രതിസന്ധിയിലായ ആറളം ഫാമിലെ ഗവ. ഹയർസെക്കണ്ടറി സ്ക്കൂളിൽ അദ്ധ്യാപകരെ നിയമിക്കാത്തതിന് കാരണം കാണിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ. സ്‌ക്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ സ്ഥിരം അധ്യാപകരെ നിയമിക്കാത്തത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കണമെന്നാവശ്യപ്പെട്ടാണ് മനുഷ്യാവകാശക്കമ്മീഷൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നോട്ടീസയച്ചിരിക്കുന്നത്. ഹയർ സെക്കൻഡറി വിഭാഗം (കോഴിക്കോട്) റീജിയണൽ ഡപ്യൂട്ടി ഡയറക്ടർ രണ്ടാഴ്ചക്കകം ഇതിന് വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നോട്ടീസിൽ ആവശ്യപ്പെട്ടു. ജൂലൈ 21 ന് കണ്ണൂരിൽ നടക്കുന്ന സിറ്റിംഗിൽ ഇതുസംബന്ധിച്ച കേസ് പരിഗണിക്കും. ഇതുസംബന്ധിച്ച് മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. 
ഏഷ്യയിലെതന്നെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ മേഖലയായ ആറളം ഫാമിലെ ഈ സർക്കാർ സ്‌കൂളിൽ താത്കാലിക അടിസ്ഥാനത്തിൽ പോലും ഇപ്പോൾ അധ്യാപകരില്ല. പ്രിൻസിപ്പൽ തസ്തികയും ഒഴിഞ്ഞുകിടക്കുകയാണ്.10 സ്ഥിരം അധ്യാപകരുടെ തസ്തികയാണ് ഇവിടെ ഉള്ളത്. ഇതിൽ മൂന്നു വർഷമായി ഒരു സ്ഥിരം അദ്ധ്യാപകനെപ്പോലും നിയമിച്ചിട്ടില്ല. താത്കാലികമായിപ്പോലും ഒരു അദ്ധ്യാപകൻ ഇല്ലാത്തത് മൂലം സേ പരീക്ഷക്ക് ഫീസ് അടയ്ക്കാൻ പോലും നിവൃത്തിയില്ലാത്ത അവസ്ഥയിയിരുന്നു വിദ്യാർത്ഥികൾ.    
 കഴിഞ്ഞ അധ്യായന വർഷം താല്ക്കാലിക അടിസ്ഥാനത്തിൽ നിയമനം നേടിയ അധ്യാപകർ എത്തിയാണ് സേപരീക്ഷയ്ക്കുള്ള അപേക്ഷ സമർപ്പിച്ചത്. ഹയർസെക്കൻഡറിയിൽ ഒന്നര വർഷത്തോളം പ്രിൻസിപ്പൽ തസ്തിക പോലും അനുവദിച്ചിരുന്നില്ല. പി ടി എ യുടേയും നാട്ടുകാരുടേയും ശക്തമായ പ്രതിഷേധത്തിനൊടുവിൽ ആണ് പ്രിൻസിപ്പൽ നിയമനം നടത്തിയത്. എന്നാൽ ഈ തസ്തികയിലുള്ളയാൾ റിട്ടയർ ചെയ്തിട്ട് ആറുമാസമായെങ്കിലും പുതിയ നിയമനം ഇതുവരെ നടത്തിയിട്ടില്ല. ഈ വർഷം അദ്ധ്യയനം തുടങ്ങി ഒരുമാസത്തോട് അടുത്തിട്ടും താത്കാലിക നിയമനം പോലും ഉണ്ടായിട്ടില്ല. സ്‌കൂളിന്റെ ഈ പരിതാപകരമായ അവസ്ഥ മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞ മനുഷ്യാവകാശ കമ്മീഷൻ ഇതിന്റെ അടിസ്ഥാനത്തിൽ ഇടപെടുകയായിരുന്നു. 
     
നിയമസഭയിലും ചർച്ചയായി 

ആദിവാസി കുട്ടികൾ മാത്രം പഠിക്കുന്ന ആറളം ഫാം ഹയർസെക്കൻഡറിയിൽ സ്ഥിരം അധ്യാപകരെ നിയമിക്കാത്ത പ്രശ്നം വ്യാഴാഴ്ച നിയമസഭയിലും ചർച്ചയായി. സ്‌ക്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മൂന്ന് വർഷമായിട്ടും ഒരു സ്ഥിരം അധ്യാപകനില്ലെന്ന വിഷയം ശുന്യവേളിൽ സണ്ണിജോസഫ് എം എൽ എയാണ് സഭയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. സ്‌കൂളിൽ അധ്യാപക തസ്തിക സ്യഷ്ടിക്കുന്നതിനായുള്ള പ്രപ്പോസൽ പൊതു വിദ്യാഭ്യാസ ഡയരക്ടർ സമർച്ചിച്ചിട്ടുണ്ടെന്നും അതിൻമേൽ ചില അധിക വിവരങ്ങൾ കൂടി ആവശ്യമായതിനാൽ ഉടൻ സമർപ്പിക്കാൻ പൊതു വിദ്യാഭ്യാസ ഡയരക്ടറേട് നിർദ്ദേശിച്ചതായും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി മറുപടി നൽകി. പ്രിൻസിപ്പൽ തസ്തിക ഒഴിഞ്ഞുകിടക്കുന്നതിനാൽ പുതിയ നിയമനത്തിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. തസ്തിക ഇല്ലാത വിദ്യാലയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിന് പ്രിൻസിപ്പൽമാർക്കും ഹയർസെക്കൻഡറി റീജിയണൽ ഡയരക്ടറേറ്റിനും അനുമതി നൽകിയിട്ടുണ്ട്. അതിനാൽ കുട്ടികളുടെ പഠനത്തിന് പ്രതിസന്ധിയുണ്ടാവില്ലെന്നുമാണ് മന്ത്രി സഭയെ അറിയിച്ചത്.

Post a Comment

أحدث أقدم
Join Our Whats App Group