Join News @ Iritty Whats App Group

സ്‌കൂളുകൾ കുട്ടികൾക്കുള്ള വാക്സിനേഷൻ കേന്ദ്രങ്ങളാക്കും; വിദ്യാഭ്യാസമന്ത്രി

സ്‌കൂളുകൾ കുട്ടികൾക്കുള്ള വാക്സിനേഷൻ കേന്ദ്രങ്ങളാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. വാക്സിനെടുക്കാത്ത കുട്ടികളുടെ കണക്കെടുക്കാൻ ക്ലാസ് ടീച്ചേഴ്സിന് ചുമതല നൽകി. കുട്ടികളുടെ എണ്ണമനുസരിച്ച് വാക്സിനേഷൻ കേന്ദ്രം ക്രമീകരിക്കും. സ്‌കൂളുകളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ മന്ത്രി നിർദേശം നൽകി.

ഇതിനിടെ എല്ലാ കുട്ടികള്‍ക്കും വാക്‌സിന്‍ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. സ്‌കൂള്‍ തുറന്ന സാഹചര്യത്തില്‍ എല്ലാ കുട്ടികള്‍ക്കും വാക്‌സിനെടുക്കാനുള്ള നടപടികള്‍ വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് നടപ്പിലാക്കുന്നതാണ്. പകര്‍ച്ചവ്യാധികള്‍ക്കെതിരേയും പ്രത്യേകിച്ച് നിപ വൈറസിനെതിരേയും പേ വിഷബാധയ്‌ക്കെതിരേയും ജാഗ്രത പാലിക്കണമെന്നും മന്ത്രി നിർദേശിച്ചു.

കൊവിഡ് കേസുകള്‍ ചെറുതായി ഉയര്‍ന്നെങ്കിലും ആശങ്കപ്പെടേണ്ടതില്ല. ഇപ്പോള്‍ ബാധിച്ചിരിക്കുന്നത് ഒമിക്രോണ്‍ വകഭേദമാണ്. പരിശോധനകളില്‍ മറ്റ് വകഭേദങ്ങള്‍ കണ്ടെത്തിയിട്ടില്ല. കൊവിഡിനോടൊപ്പം ജീവിക്കുക എന്നതാണ് പ്രധാനം. എല്ലാവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കുക. കിടപ്പ് രോഗികള്‍, വയോജനങ്ങള്‍ എന്നിവരെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാനുള്ളവരും പ്രിക്കോഷന്‍ ഡോസ് എടുക്കാനുള്ളവരും അതെടുക്കേണ്ടതാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ബന്ധമായും പ്രിക്കോഷന്‍ ഡോസ് എടുക്കണം. സംസ്ഥാനത്തെ കൊവിഡ് സ്ഥിതി വിലയിരുത്താന്‍ യോഗം ചേര്‍ന്നു. വളരെ ശക്തമായ ബോധവത്ക്കരണം നടത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group