Join News @ Iritty Whats App Group

മതാടിസ്ഥാനത്തില്‍ നിര്‍ണയിക്കേണ്ട ഒന്നല്ല പൗരത്വം; രാജ്യത്ത് ജനങ്ങളെ ഭിന്നിപ്പിക്കാനുളള സര്‍വ്വേ നടക്കുന്നു- മുഖ്യമന്ത്രി

രാജ്യത്തെ മതനിരപേക്ഷത തകർക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയ ശക്തികളെ പ്രോത്സാഹിപ്പിക്കുന്ന പ്രവണതയാണ് ഇപ്പോള്‍ കണ്ടുവരുന്നത്. രാജ്യത്ത് ഒരു വിഭാഗം ജനങ്ങൾ അരക്ഷിതാവസ്ഥയിലാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതാടിസ്ഥാനത്തിൽ പൗരത്വം നിർണയിക്കുന്നത് ജനാധിപത്യ രാജ്യത്തിനു ചേരാത്ത നടപടിയാണ്. ഭരണഘടനയ്ക്ക് വിരുദ്ധമായി പൗരത്വം നിശ്ചയിക്കാൻ ആർക്കും അവകാശമില്ല. രാജ്യത്ത് ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള സർവ്വേ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു. ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് വർഗീയ കലാപം നടത്താൻ ശ്രമം നടക്കുന്നുവെന്ന സർവേകൾ നടന്നു കൊണ്ടിരിക്കുന്നതായി റിപ്പോർട്ടുകള്‍ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിസന്ധിഘട്ടത്തിൽ കൂടെ നിൽക്കേണ്ടവർ പുറംതിരിഞ്ഞു നിൽക്കുന്ന അവസ്ഥയാണ്. കേരളത്തിന്റെ തകർച്ചയാണ് ചിലരുടെ ലക്ഷ്യം. കെ റെയിലിനെതിരായ പ്രതിപക്ഷത്തിന്റെ പ്രതിഷേധം കണക്കിലെടുത്തായിരുന്നു മുഖ്യമന്ത്രിയുടെ ഈ പരാമർശം. വികസന പദ്ധതികൾ തടസപ്പെടരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളവും സർവ്വേ നടത്തുന്നുണ്ട് എന്നാല്‍ അത് ജനങ്ങളെ ഭിന്നിപ്പിക്കാനല്ല. മറിച്ച്ദ രിദ്രരായ കുടുംബങ്ങൾ‍ ഏതൊക്കെയാണെന്ന് കണ്ടെത്താനും,അവരെ മുഖ്യധാരയിലേക്ക് ഉയർത്തികൊണ്ടുവരാനുമാണ്. കേന്ദ്രത്തെ അനുകരിക്കാനാണ് മറ്റ് സംസ്ഥാനങ്ങൾ ശ്രമിക്കുന്നത്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായ നടപടിയാണ് കേരളം സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കരുതെന്ന് കേന്ദ്രത്തോട് അഭ്യർത്ഥിക്കുകയാണ്. കേരളം പൊതുമേഖല സ്ഥാപനങ്ങളെ സംരക്ഷിച്ചു എന്നാല്‍ സംസ്ഥാന സർക്കാർ ഏറ്റെടുത്ത ഭൂമി വരെ സ്വകാര്യ മേഖലക്ക് നൽകാൻ കേന്ദ്രം ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പ്രകാശനം ചെയ്തു. കേന്ദ്രസർക്കാരിനെ വിമർശിച്ചും സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളെണ്ണി പറഞ്ഞുമായിരുന്നു മുഖ്യമന്ത്രി സംസാരിച്ചത്.

Post a Comment

أحدث أقدم
Join Our Whats App Group