Join News @ Iritty Whats App Group

കൂത്തുപറമ്പ് ടൗണിൽ നിർത്തിയിട്ട ബൈക്കിൽ പാമ്പ്; പിടികൂടിയത് ടാങ്ക് കവറിനുള്ളിൽ നിന്ന്

കണ്ണൂർ: കൂത്തുപറമ്പ് ടൗണിൽ നിർത്തിയിട്ട ബൈക്കിൽ പാമ്പിനെ കണ്ടെത്തി. വള്യായി സ്വദേശി പ്രശാന്തിന്റെ ബൈക്കിലാണ് പാമ്പ് കയറിയത്. അതുവഴി നടന്ന് പോവുകയായിരുന്ന സ്ത്രീയാണ് ആദ്യം ബൈക്കിൽ പാമ്പിനെ കണ്ട് പരിസരത്തുള്ളവരെ അറിയിച്ചത്. ബൈക്കുടമ പ്രശാന്ത് സ്ഥലത്തെത്തി ഏറെ ശ്രമിച്ചെങ്കിലും ടാങ്ക് കവറിനുള്ളിൽ നിന്ന് പാമ്പിനെ പുറത്തെത്തിക്കാൻ കഴിഞ്ഞിരുന്നില്ല.
ഫോറസ്റ്റ് റസ്ക്യൂ ടീം അംഗം ഷംസീർ കൂത്തുപറമ്പ് സ്ഥലത്തെത്തിയാണ് പാമ്പിനെ പുറത്തെടുത്തത്. പൂച്ചക്കണ്ണൻ ഇനത്തിൽപ്പെട്ട പാമ്പിനെ പിന്നീട് കണ്ണവം വനത്തിനുള്ളിൽ വിട്ടയച്ചു. ദക്ഷിണേഷ്യയിൽ കണ്ടുവരുന്ന മാരകമല്ലാത്ത വിഷമുള്ള ഒരിനം പാമ്പാണ് പൂച്ചക്കണ്ണൻ.

ഈ വർഷം മാർച്ചിൽ ബൈക്കിനുള്ളിൽ ഒളിച്ച മൂർഖൻ പാമ്പിനെ വാവ സുരേഷ് പിടികൂടിയത് വലിയ വാർത്തയായിരുന്നു. ആലപ്പുഴ ചാരുമൂട് ശാരദാസ് ടെക്സ്റ്റയില്‍സ് ഉടമ മുകേഷിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മകന്‍ അഖില്‍ ജിമ്മില്‍ പോകുവാനായി ബുളളറ്റിലേക്ക് കയറുമ്പോളാണ് തറയില്‍ കിടന്നിരുന്ന പാമ്പിനെ ശ്രദ്ധയില്‍പ്പെടുന്നത്.

ബൈക്കില്‍ നിന്ന് ചാടിയിറങ്ങിയ അഖില്‍ തലനാരിഴയ്ക്കാണ് കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. തുടര്‍ന്ന് പാമ്പ് മറ്റൊരു ബൈക്കിനുള്ളിലേക്ക് ഇഴഞ്ഞ് നീങ്ങി. ഈ ബൈക്ക് കവറ് കൊണ്ട് മൂടിയിട്ടിരിക്കുകയായിരുന്നു. പിന്നാലെ നാട്ടുകാരും വീട്ടുകാരും വിവരമറിഞ്ഞ് എത്തി.

വാവ സുരേഷിനെ ഫോണില്‍ വിളിച്ച് വിവരമറിയിച്ചു. ഇതോടെ നാട്ടുകാര്‍ തടിച്ചുകൂടി. വൈകുന്നേരം മൂന്നര മുതലുള്ള കാത്തിരിപ്പിന് വിരാമമിട്ട് രാത്രി 8.30ഓടെയാണ് സുരേഷ് എത്തിയത്. ബൈക്ക് മൂടിയിരുന്ന കവറ് നീക്കിയതോടെ ഹാന്റിലിനടിയില്‍ ചുറ്റി കിടക്കുകയായിരുന്നു പാമ്പ്.

ഉടന്‍ തന്നെ പാമ്പിനെ പിടികൂടി പ്ലാസ്റ്റിക് ടിന്നിലാക്കി. പിടികൂടിയ പാമ്പ് രണ്ടു വയസ് മാത്രമുള്ള ചെറിയ മൂര്‍ഖനാണെന്നും ആശുപത്രി വിട്ട ശേഷം പുറത്തുപോയി ആദ്യമാണ് പാമ്പിനെ പിടിക്കുന്നതെന്നും സുരേഷ് പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group