Join News @ Iritty Whats App Group

പെർമിറ്റ് പുതുക്കാതെ ആറളം ഫാം സ്‌കൂൾ ബസ് ഓടിയത് രണ്ടു വർഷം - ഡ്രൈവർക്ക് നോട്ടീസ്

ഇരിട്ടി: പെർമിറ്റ് പുതുക്കാതെ ആറളം ഫാം ഗവ. സ്ക്കൂൾ ബസ് ഓടിയത് രണ്ടുവർഷം. ഫാമിന്റെ വിവിധ ബ്ലോക്കുകളിൽ നിന്നും കുട്ടികളെ എത്തിക്കുന്ന സ്‌ക്കൂൾ ബസ്സാണ് രണ്ട് വർഷപമായി ഓടിയത് പെർമിറ്റ് പുതുക്കാതെയാണെന്ന് പരിശോധനയിൽ കണ്ടെത്തിയത്. 2020 മാർച്ചിൽ ബസ്സിന്റെ പെർമിറ്റ് കാലാവധി കഴിഞ്ഞിരുന്നു. ഇത്തവണയും ആധ്യയന വർഷത്തിന്റെ ആരംഭത്തിൽ ബസ്സിൽ കുട്ടികളെ കയറ്റാനുള്ള ശ്രമം നടത്തിയെങ്കിലും പരിശോധനയിൽ പെർമ്മിറ്റിലെന്ന് കണ്ടെത്തിയതോടെ ഓട്ടം നിർത്തിവെച്ചിരിക്കുകയാണ്. 
പെർമിറ്റ് പുതുക്കാൻ അപേക്ഷ നൽകിയെന്നാണ് സ്‌ക്കൂൾ അധികൃതർ പറയുന്നത്. പെർമ്മിറ്റില്ലാത്ത ബസ് ഓടിച്ചതിന് ഉടൻ ഡ്രൈവറെ പുറത്താക്കണമെന്ന് കാണിച്ച് ഐ ടി ഡി പി പ്രൊജക്ട് ഓഫീസർ സ്‌ക്കൂൾ അധികൃതർക്ക് കത്തുനിൽകിയിട്ടുണ്ട്. ഐ ടി ഡി പിയാണ് ഡ്രൈവറുടെ താല്ക്കാലിക നിയമനം നടത്തിയതെങ്കിലും പെർമിറ്റ് പുതുക്കലും ഇൻഷൂറൻസ് എടുക്കലുമെല്ലാം യഥാ സമയം സ്‌ക്കൂൾ അധികൃതരെ അറിയിക്കേണ്ടത് ബസ് ഡ്രൈവറാണ്. ഇക്കാര്യത്തിൽ ഡ്രൈവറുടെ ഭാഗത്തുനിന്നും വീഴ്ച്ച ഉണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിന് സ്‌കൂൾ അധികൃതരിൽ നിന്നും വിശദീകരണം ചോദിച്ചിരിക്കുകയാണ്. 
കാട്ടാനകൾ ഉൾപ്പെടെ വന്യജീവി ഭീഷണിയുള്ള പ്രദേശത്തുനിന്നും കുട്ടികളെ സ്‌ക്കൂളിൽ എത്തിക്കുന്നത് ബസ്സിലാണ്. ഗോത്ര സാരഥി പദ്ധതി പ്രകാരം ആദിവാസി കുട്ടികളെ സ്‌ക്കൂളിൽ എത്തിക്കുന്നതിന് മറ്റ് വാഹന സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. രണ്ട് വർഷമായി പെർമിറ്റ് എടുക്കാത ബസ്സിൽ വിദ്യാർഥികളെ കയറ്റി ഓടിയത് സ്‌കൂൾ അധികൃതരുടെ വലിയ അനാസ്ഥയായാണ് കണക്കാക്കുന്നത്. ഇതിനിടയിൽ അപകടങ്ങളും മറ്റും ഉണ്ടായില്ലെന്നതിൽ ആശ്വാസം കൊള്ളുകയാണ് അധികൃതർ. 
പി.കെ. ശ്രീമതി എം പിയായിരുന്നപ്പോൾ മണ്ഡല വികസന ഫണ്ടിൽനിന്നാണ് ആറളം ഫാം സ്‌ക്കൂളിന് ബസ് വാങ്ങാൻ പണം അനുവദിച്ചത്. ബസ് സൗകര്യം ലഭിച്ചതോടെ ഫാമിന്റെ വിദൂര ഭാഗങ്ങളിൽ നിന്നു പോലും കുട്ടികൾ സ്‌ക്കൂളിൽ എത്തുന്ന സാഹചര്യം ഉണ്ടായി. അതേസമയം കാലാകാലം ബസ്സിന്റെ അറ്റകുറ്റപണികൾ നടത്തുന്നതിൽ വലിയ വീഴ്ച്ചയാണ് ഉണ്ടാകുന്നത്. നേരത്തെ ഇൻഷൂറൻസ് പുതുക്കാതെ ഓടിയ സംഭവങ്ങളും അപകടരമായ നിലയിലുള്ള ടയർ ഉപയോഗിച്ചുള്ള ഓട്ടവും വിവാദമായിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group