Join News @ Iritty Whats App Group

സ്വന്തം വീട്ടിലും ഭര്‍ത്താവിന്റെ വീട്ടിലും ഒരേ പോലെ അവകാശം; സ്ത്രീകളെ ഭര്‍തൃ വീട്ടില്‍ നിന്ന് പുറത്താക്കാനാകില്ല: സുപ്രീംകോടതി

സ്ത്രീകള്‍ക്ക് സ്വന്തം വീട്ടിലും ഭര്‍ത്താവിന്റെ വീട്ടിലും ഒരേ പോലെ അവകാശമുണ്ടെന്ന് സുപ്രീംകോടതി. അവരെ അവിടെ നിന്നും പുറത്താക്കാന്‍ പാടില്ല. ഭര്‍തൃഗൃഹങ്ങളില്‍ നിന്ന് പുറത്താക്കുന്നത് കുടുംബ ബന്ധങ്ങളില്‍ വിള്ളലുണ്ടാക്കുമെന്നും കോടതി വ്യക്തമാക്കി. ഭര്‍തൃഗൃഹത്തില്‍ തനിക്കും ഭര്‍ത്താവിനും താമസം നിഷേധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര സ്വദേശിനി നല്‍കിയ അപ്പീലിലാണ് കോടതിയുടെ നിരീക്ഷണം.

ജസ്റ്റിസുമാരായ അജയ് റസ്‌തോഗി, ബിവി നാഗരത്‌ന എന്നിവരുള്‍പ്പെട്ട അവധിക്കാല ബെഞ്ചാണ് ഹര്‍ജിയില്‍ നിരീക്ഷണം വ്യക്തമാക്കിയത്. ഹര്‍ജി ജൂണ്‍ രണ്ടിന് പരിഗണിക്കും. ഹര്‍ജി പരിഗണിക്കുന്ന സമയത്ത് മഹാരാഷ്ട്ര സ്വദേശിനിയുടെ ഭര്‍ത്താവിന്റെ വീട്ടുകാരുമായി വീഡിയോ കോണ്‍ഫറന്‍സ് മുഖേന ആശയവിനിമയം നടത്താന്‍ സൗകര്യം ഒരുക്കണമെന്ന് കോടതി രജിസ്ട്രാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

മുതിര്‍ന്ന പൗരന്മാരുടെ അവകാശസംരക്ഷണ നിയമപ്രകാരം മകനെയും മരുമകളെയും വീട്ടില്‍നിന്ന് ഒഴിവാക്കിത്തരണം എന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയുടെ ഭര്‍ത്താവിന്റെ അച്ഛന്‍ നേരത്തെ ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. തുടര്‍ന്ന് ദമ്പതിമാരോട് വീട്ടില്‍ നിന്ന് മാറണമെന്നും 25,000 രൂപ പ്രതിമാസം ജീവനാംശമായി പരാതിക്കാരന് നല്‍കണമെന്നും ട്രിബ്യൂണല്‍ ഉത്തരവിടുകയുണ്ടായി.

ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധിയുണ്ടായില്ല. തുടര്‍ന്നാണ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. കുടുംബത്തിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് സ്ത്രീയുടെ സാന്നിധ്യം ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യം ഉണ്ടാകുകയാണെങ്കില്‍ കോടതിയ്ക്ക് ഇക്കാര്യത്തില്‍ ഉപാധികള്‍ വെയ്ക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

Post a Comment

أحدث أقدم
Join Our Whats App Group