Join News @ Iritty Whats App Group

ഔറംഗബാദ് ഇനി സംഭാജിനഗര്‍, ഒസ്മാനാബാദ് ഇനി ധാരാശിവ്: പ്രതിസന്ധിക്കിടെ സ്ഥലപ്പേരുകൾ മാറ്റി മഹാരാഷ്ട്ര സ‍ര്‍ക്കാർ


മുംബൈ: വിശ്വാസ വോട്ടെടുപ്പിനെ ചോദ്യം ചെയ്തുള്ള ഹര്‍ജിയിൽ സുപ്രീംകോടതിയിൽ വാദം തുടരുന്നതിനിടെ നഗരങ്ങളുടേയും വിമാനത്താവളങ്ങളുടേയും പേരുകൾ മാറ്റി മഹാരാഷ്ട്ര സര്‍ക്കാര്‍. ബുധനാഴ്ച വൈകിട്ട് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയിൽ ചേര്‍ന്ന മന്ത്രിസഭായോഗമാണ് രണ്ട് ജില്ലകളുടേയും രണ്ട് വിമാനത്തവാളങ്ങളുടേയും പേരുകൾ മാറ്റാനുള്ള നിര്‍ദേശം അംഗീകരിച്ചത്. 

ഔറംഗബാദ് നഗരത്തിൻ്റെ പേര് സംഭാജിനഗർ എന്നും ഒസ്മാനാബാദിനെ ധാരാശിവ് എന്നും മന്ത്രിസഭായോഗം പുനർനാമകരണം ചെയ്തു. മഹാഅഖാഡി സഖ്യത്തിൽ ചേര്‍ന്നതോടെ ശിവസേനയുടെ തീവ്രഹിന്ദുത്വം നഷ്ടപ്പെട്ടെന്ന് വിമതര്‍ വിമര്‍ശനം ഉയര്‍ത്തുന്നതിനിടെയാണ് നിര്‍ണായക മന്ത്രിസഭായോഗത്തിൽ സ്ഥലപ്പേരുകൾ മുഖ്യഅജൻ‍ഡയാക്കി താക്കറെ കൊണ്ടുവന്നത്. 

മറാത്ത രാജാവായ ഛത്രപതി ശിവജിയുടെ മൂത്ത മകനായിരുന്നു സംഭാജി. 17-ാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തിയായ ഔറംഗസേബ് ഈ പ്രദേശത്തിന്റെ ഗവർണറായിരിക്കെയാണ് ഔറംഗബാദിന് ആ പേര് ലഭിച്ചത്. ഔറംഗസേബ് വധിക്കാൻ ഉത്തരവിട്ട സാംഭാജിയുടെ പേരു മാറ്റണമെന്നത് ഏറെക്കാലമായുള്ള ശിവസേനയുടെ ആവശ്യമായിരുന്നു. 

ഹൈദരാബാദിലെ അവസാന ഭരണാധികാരി മിർ ഉസ്മാൻ അലി ഖാന്റെ പേരിലുള്ള ഒസ്മാനാബാദ്, നഗരത്തിനടുത്തുള്ള ആറാം നൂറ്റാണ്ടിലെ ഗുഹകളിൽ നിന്നാണ് ധാരാശിവ് എന്ന പുതിയ പേര് ജില്ലയ്ക്ക് വേണ്ടി സ്വീകരിച്ചത്. നവി മുംബൈയിലെ പുതിയ വിമാനത്താവളത്തിന് ഡിബി പാട്ടീലിൻ്റെ പേരിടാനും മന്ത്രിസഭായോഗം തീരുമാനിച്ചു. വിമാനത്താവളത്തിന് ബാലസാഹേബ് താക്കറെയുടെ പേരിടണമെന്ന അഭിപ്രായം ശിവസേനയിൽ ഉണ്ടായിരുന്നുവെങ്കിലും നവിമുംബൈ നഗരത്തിൻ്റെ നിര്‍മ്മാണത്തിൽ നിര്‍ണായക പങ്കുവഹിച്ച ഡിബി പാട്ടീലിൻ്റെ പേരിടാനാണ് മന്ത്രിസഭായോഗത്തിൻ്റെ തീരുമാനം.

Post a Comment

أحدث أقدم
Join Our Whats App Group