Join News @ Iritty Whats App Group

80,000 ലോണിന് അപേക്ഷിച്ചു, കിട്ടിയത് 4000, നഷ്ടമായത് 1.60,000, എസ്എംഎസ്, ഓൺലൈൻ തട്ടിപ്പ് വ്യാപകം

കാസര്‍കോട്: ജില്ലയില്‍ ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങുന്നുവരുടെ എണ്ണം കൂടുന്നു. നാലായിരം രൂപ ലോണ്‍ കിട്ടിയ ചെട്ടുംകുഴി സ്വദേശിക്ക് നഷ്ടമായത് ഒരു ലക്ഷത്തി അറുപതിനായിരം രൂപ. കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ ഒരു മാസത്തിനിടയില്‍ 65 ലധികം പേരാണ് സൈബര്‍ പൊലീസിനെ സമീപിച്ചത്.

ലോണ്‍ നല്‍കാമെന്ന് പറഞ്ഞ് മൊബൈല്‍ ഫോണിലേക്ക് ഒരു എസ്എംഎസ് വരും. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് വ്യക്തി വിവരങ്ങള്‍ നല്‍കി ലോണിന് അപേക്ഷിക്കുന്നവരാണ് തട്ടിപ്പിന് ഇരയാകുന്നത്. 80,000 രൂപ ലഭിക്കുമെന്ന അറിയിപ്പില്‍ കാസര്‍‍കോട് ചെട്ടുംകുഴി സ്വദേശിയായ യുവാവ് ലിങ്ക് വഴി ലോണിന് അപേക്ഷിച്ചു. കിട്ടിയത് വെറും നാലായിരം രൂപ.

നിശ്ചിത സമയം കഴിയുമ്പോള്‍ എണ്ണായിരം തിരിച്ചടക്കാനായി നിര്‍ദേശം. അത് അടച്ചപ്പോള്‍ വീണ്ടും തുക ആവശ്യപ്പെട്ടു. പിന്നീട് ബ്ലാക്ക് മെയില് ചെയ്ത് പണം ആവശ്യപ്പെട്ടുകൊണ്ടേ ഇരുന്നു. വ്യാജ നമ്പര്‍ വഴി വിളിച്ച് പണം ആവശ്യപ്പെടുന്നത് ഇപ്പോഴും തുടരുന്നു. കാസര്‍കോട് ജില്ലയില്‍ 65 പേരാണ് ഒരുമാസത്തിനിടെ ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പ് പരാതിയുമായി സൈബർ സെല്ലിനെ സമീപിച്ചിരിക്കുന്നത്.

നാണക്കേട് മൂലം പറ്റിക്കപ്പെട്ട പലരും പരാതിയുമായി എത്തുന്നില്ലെന്നതായിരുന്നു മുൻകാല തട്ടിപ്പുകളിലെല്ലാം ഉള്ള സമാനത. പുതിയ തട്ടിപ്പിൽ പെട്ടവരും പരാതിയുമായി എത്തിയവരിൽ എത്രയോ കൂടുതലുണ്ടാകാമെന്ന് തന്നെയാണ് പൊലീസ് നിഗമനം. പൊലീസും ബാങ്കുകളും തട്ടിപ്പുകളെ കുറിച്ചുള്ള മുന്നറിയിപ്പുകളും ജാഗ്രതാ നിർദേശവും നിരന്തരം പുറപ്പെടുവിക്കുന്നതിനിടെയാണ് വീണ്ടും ഇത്തരം സംഘങ്ങൾ പിടിമുറുക്കുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group