Join News @ Iritty Whats App Group

പ്രിൻസിപ്പാളും അധ്യാപകരുമില്ല ; ആറളം ഫാം ഗവ. ഹയർസെക്കണ്ടറി സ്‌കൂളിൽ വിജയം 36. 79 ശതമാനം, വിജയശതമാനം കുറയാൻ കാരണം അധികൃതരുടെ അനാസ്ഥ

ഇരിട്ടി: ഹയർസെക്കണ്ടറി ഫലം വന്നപ്പോൾ ആറളം ഫാം പുനരധിവാസമേഖലയിലെ ഗവ. ഹയർസെക്കണ്ടറി സ്‌കൂളിൽ വിജയം 36. 79 ശതമാനം. 106 കുട്ടികളിൽ 100 പേരാണ് പരീക്ഷയെഴുതിയത്. ഇതിൽ 39 പേരാണ് വിജയിച്ചത്. സ്‌കൂളിൽ ഹയർസെക്കണ്ടറി ആരംഭിച്ചതിനു ശേഷമുള്ള രണ്ടാം ബാച്ചാണ് ഇത്. ആദ്യ ബാച്ചിൽ ഇത് 28. 28 ശതമാനമായിരുന്നു. 
അധികൃതരുടെ അനാസ്ഥയാണ് ഇവിടെ വിജയ ശതമാനം ഇത്രമാത്രം കുറയാൻ ഇടയാക്കുന്നത് എന്ന് പരക്കെ ആക്ഷേപ മുയരുകയാണ്. മാസങ്ങളോളം പ്രിസിപ്പാൾ ഇല്ലതെയായിരുന്നു പ്രവർത്തനം മുന്നോട്ടു പോയത്. ഏതാനും മാസങ്ങൾ മാത്രം ഉണ്ടായിരുന്ന പ്രിൻസിപ്പാൾ റിട്ടയർ ചെയ്തു പോയശേഷം ഇപ്പോൾ ഈ കസേര ഒഴിഞ്ഞു കിടക്കുകയാണ്. പകരം ആർക്കെങ്കിലും പ്രിൻസിപ്പലിന്റെ ചാർജ്ജ് നൽകിയിട്ടുമില്ല. 9 അദ്ധ്യാപക തസ്‌തിതികകൾ വേണ്ടിടത്തും ഒരു അദ്ധ്യാപകനെപ്പോലും നിയമിച്ചിട്ടില്ല. താത്കാലിക നിയമനങ്ങളിൽ എത്തുന്നവരാണ് വിദ്യാർഥികളെ പഠിപ്പിച്ചു കൊണ്ടിരുന്നത്. പല സാങ്കേതിക പ്രശ്നങ്ങളിലും പെട്ട് പല അദ്ധ്യാപകരും എത്താത്ത സ്ഥിതിയും ഉണ്ടായിരുന്നു. ഇതെല്ലാം തരണം ചെയ്താണ് ഇത്രയെങ്കിലും പേർ വിജയിച്ചു കേറിയിരിക്കുന്നത്.  
ഏഷ്യയിലെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ മേഖലയാണ് ആറളം ഫാം. ഇവിടെ എസ് എസ് എൽ സി പഠനം പൂർത്തിയാക്കി ഇറങ്ങുന്ന വിദ്യാർത്ഥികൾക്ക് പ്ലസ് ടു പഠനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2019 ൽ ഹയർ സെക്കണ്ടറി വിഭാഗം ആരംഭിച്ചത്. കൊമേഴ്‌സ്, ഹ്യുമാനിറ്റിസ് ബാച്ചുകളുള്ള സ്‌കൂളിൽ പക്ഷെ വിദ്യാർത്ഥികളെ പഠിപ്പിക്കാനുള്ള അദ്ധ്യാപകരെ നിയമിക്കാത്തതാണ് പ്രശ്നം സൃഷ്ടിക്കുന്നത്. ആദിവാസി മേഖലയിലെ വിദ്യാലയം എന്ന നിലയിൽ പ്രത്യേക ഉത്തരവ് വഴിയെങ്കിലും അദ്ധ്യാപകരെ നിയമിക്കേണ്ടതായിരുന്നു. എന്നാൽ ഇത് ഉണ്ടാകുന്നില്ല. ഈ വിഷയം മാദ്ധ്യമങ്ങൾ വാർത്തയാക്കിയതോടെ കഴിഞ്ഞ വർഷം ബാലാവകാശ കമ്മീഷൻ ചെയർമാൻ സ്ഥലത്തെത്തുകയും പ്രശ്നങ്ങൾ പഠിച്ച് എത്രയും പെട്ടെന്ന് നിയമങ്ങൾ നടത്തണമെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു. 
പ്രിൻസിപ്പൽ തസ്തിക അനുവദിക്കുകയും കഴിഞ്ഞ ഡിസംബറിൽ നിയമനം നടത്തുകയും ചെയ്‌തെങ്കിലും ഇദ്ദേഹം മെയ് 31 ന് വിരമിച്ചു. ഇതിനുശേഷം പകരം പ്രിൻസിപ്പാലിനെ ഇതുവരെ നിയമിച്ചിട്ടില്ല. ഒഴിഞ്ഞുകിടക്കുന്ന അദ്ധ്യാപിക തസ്തികകളിൽ ഒന്നിൽ പ്പോലും നിയമനം നടത്തിയിട്ടുമില്ല. ഈ പ്രതിസന്ധികൾക്കെല്ലാം ഇടയിൽ ഇത്രയെങ്കിലും പേർ വിജയിച്ചു കയറിഎന്നതുതന്നെ ഏറെ ആശ്വാസകരമാണ് എന്നാണ് പ്രദേശവാസികളും രക്ഷിതാക്കളും പറയുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group