Join News @ Iritty Whats App Group

ബട്ട്‌ലറും (89) സഞ്ജുവും (47) തകർത്തടിച്ചു; ഗുജറാത്തിനെതിരെ രാജസ്ഥാന് വമ്പന്‍ സ്‌കോര്‍



ഐപിഎല്ലിലെ പ്ലേഓഫ് ഘട്ടത്തില്‍ ആദ്യ പോരാട്ടമായ ക്വാളിഫയര്‍ ഒന്നില്‍ ഗുജറാത്ത് ടൈറ്റാന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് വമ്പന്‍ സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സാണ് നേടിയിരിക്കുന്നത്. 56 പന്തില്‍ 89 റണ്‍സെടുത്ത ഓപ്പണര്‍ ജോസ് ബട്ട്‌ലറാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍.
നായകന്‍ സഞ്ജു സാംസണ്‍ 26 പന്തിലാണ് 47 റണ്‍സ് അടിച്ചെടുത്തത്. ദേവ്ദത്ത് പടിക്കല്‍ 20 പന്തില്‍ 28 റണ്‍സ് നേടി.

പതിഞ്ഞ തുടക്കമാണ് രാജസ്ഥാന് ലഭിച്ചത്. രണ്ടാം ഓവറിലെ അവസാന പന്തില്‍ മികച്ച ഫോമിലുള്ള യശസി ജയ്സ്വാളിനെ (3) നഷ്ടമായി. എന്നാല്‍ ക്രീസിലെത്തിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ തുടക്കം മുതല്‍ ആക്രമിച്ച് കളിച്ചു. ബട്ട്‌ലറെ കാഴ്ച്ചകാരനാക്കിയായിരുന്നു സഞ്ജുവിന്റെ പ്രകടനം. യ്ഷ് ദയാലിനെതിരെ സിക്സടിച്ചാണ് സഞ്ജു തുടങ്ങിയത്. മൂന്നാം വിക്കറ്റില്‍ ബട്ട്‌ലര്‍ക്കൊപ്പം 68 റണ്‍സാണ് മലയാളി താരം കൂട്ടിച്ചേര്‍ത്തത്. സായ് കിഷോറിന്റെ പന്തില്‍ അല്‍സാരി ജോസഫിന് ക്യാച്ച് നല്‍കി പുറത്താവുമ്പോള്‍ സഞ്ജു മൂന്ന് സികസും അഞ്ച് ഫോറും നേടിയിരുന്നു.

പിന്നീടെത്തിയ ദേവ്ദത്ത് പടിക്കലും നിര്‍ണായക പ്രകടനം കാഴ്ചവെച്ചു. 20 പന്തുകള്‍ നേരിട്ട താരം 28 റണ്‍സ് അടിച്ചെടുത്തു. രണ്ട് വീതം സിക്സും ഫോറും ദേവ്ദത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഹാര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. ഒരു വശത്ത് വിക്കറ്റ് വീഴുമ്പോഴും ബട്ട്‌ലര്‍ പിടിച്ചുനിന്നത് രാജസ്ഥാന് ഗുണം ചെയ്തു. പതിഞ്ഞ താളത്തില്‍ തുടങ്ങിയ ബട്ട്‌ലര്‍ ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ 89 റണ്‍സ് നേടിയിരുന്നു. ഇതു തന്നെയായിരുന്നു രാജസ്ഥാന്‍ ഇന്നിങ്‌സിലെ നട്ടെല്ല്.

12 ഫോറു രണ്ട് സിക്സും അടങ്ങുന്നതായിരുന്നു ബട്ട്‌ലറുടെ ഇന്നിങ്‌സ്. ബട്ട്‌ലര്‍ക്കൊപ്പം റിയാന്‍ പരാഗ് (4) പുറത്താവാതെ നിന്നു. ഗുജറാത്തിനായി മുഹമ്മദ് ഷമി, യഷ് ദയാല്‍, സായ് കിഷോര്‍ ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നേടിയ ഗുജറാത്ത് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നിര്‍ണായക മത്സരത്തില്‍ പ്ലെയിങ് ഇലവനില്‍ മാറ്റം വരുത്താതെ രാജസ്ഥാന്‍ ഇറങ്ങുമ്പോള്‍ ഗുജറാത്ത് ഇന്ന് ഒരു മാറ്റം വരുത്തിയിട്ടുണ്ട്. ലോക്കി ഫെര്‍ഗൂസണ് പകരം അല്‍സാരി ജോസഫ് ടീമിലേക്ക് എത്തി.


Post a Comment

أحدث أقدم
Join Our Whats App Group