Join News @ Iritty Whats App Group

കണ്ണൂർ ജില്ലയിലെ 11 കോളനികളിലേക്ക് ഇനി റേഷൻ കട സഞ്ചരിക്കും

കണ്ണൂര്‍: ജില്ലയിലെ 11 കോളനികളിലേക്ക് ഇനി റേഷന്‍ ധാന്യങ്ങള്‍ സര്‍ക്കാര്‍ വീട്ടിലെത്തിച്ചു നല്‍കും. സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കു റേഷന്‍ ധാന്യങ്ങള്‍ എത്തിക്കുന്ന സഞ്ചരിക്കുന്ന റേഷന്‍ കട ജില്ലയില്‍ പ്രവര്‍ത്തനം തുടങ്ങി.
കോളനികളിലുള്ള കുടുംബങ്ങള്‍ക്ക് യാത്രാക്ലേശം അനുഭവപ്പെടുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ അര്‍ഹതപ്പെട്ട ഭക്ഷ്യധാന്യങ്ങള്‍ സൗജന്യമായി കോളനികളിലെ വീട്ടിലെത്തിക്കാന്‍ തീരുമാനിച്ചത്. ജില്ലാതല ഉദ്ഘാടനം ഇരിട്ടി കീഴ്പള്ളിയില്‍ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി ആര്‍ അനില്‍ നിര്‍വഹിച്ചു.

ജില്ലയിലെ മൂന്നു താലൂക്കുകളിലായി 11 കോളനികളിലേക്കാണ് ഇതോടെ പ്രയോജനം ലഭിക്കുക. 11 കോളനികളിലായി 458 കുടുംബങ്ങള്‍ക്കു ആശ്വാസമാകും. ഇരിട്ടി താലൂക്കില്‍ ആറളം പഞ്ചായത്തിലെ ചതിരൂര്‍ 110, വിയറ്റ്‌നാം, അയ്യന്‍കുന്ന് പഞ്ചായത്തിലെ എടപ്പുഴ അംബേദ്കര്‍, കൊട്ടിയൂരിലെ കൂനംപള്ള, കേളകത്തെ രാമച്ചി പണിയ, രാമച്ചി കുറിച്യ എന്നീ കോളനികളിലേക്കും തലശ്ശേരി താലൂക്കിലെ കോളയാട് പഞ്ചായത്തിലെ പറക്കാട്, കൊളപ്പ, പാട്യത്തെ മുണ്ടയോട്, കടവ് കോളനികളിലേക്കും തളിപ്പറമ്ബ് താലൂക്കിലെ പയ്യാവൂര്‍ പഞ്ചായത്തിലെ ഏറ്റുപാറ കോളനികളിലേക്കുമാണ് ആദ്യഘട്ടത്തില്‍ സഞ്ചരിക്കുന്ന റേഷന്‍ കട പ്രവര്‍ത്തിക്കൂക.

നിലവില്‍ വാഹനങ്ങള്‍ വാടകക്കെടുത്താണ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നത്. അതാത് മണ്ഡലങ്ങളിലേക്കായി എംഎല്‍എമാര്‍ വാഹനം വാങ്ങാനായി ഫണ്ട് അനുവദിക്കണമെന്ന് മന്ത്രി അഡ്വ. ജി ആര്‍ അനില്‍ പറഞ്ഞു. ജില്ലയില്‍ യാത്രാബുദ്ധിമുട്ട് നേരിടുന്ന മറ്റു ഗോത്രകോളനികളിലേക്കും സഞ്ചരിക്കുന്ന റേഷന്‍കടയുടെ സേവനം ഉടന്‍ ലഭ്യമാക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസ് സീനിയര്‍ സൂപ്രണ്ട് കെ രാജീവ് അറിയിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group