പെട്രോളിലെ എഥനോൾ പരിശോധന; ശുദ്ധമായ പെട്രോൾ നല്‍കാതെ എണ്ണ കമ്പനികള്‍, വെല്ലുവിളിയായി താരതമ്യ പരിശോധന
തിരുവനന്തപുരം:കേരളത്തില്‍ വില്‍ക്കുന്ന പെട്രോളിലെ എഥനോൾ അളവ് കണ്ടെത്താനുള്ള പരിശോധനയിൽ അനിശ്ചിതത്വം. കലർപ്പില്ലാത്ത പെട്രോൾ താരതമ്യ പഠനത്തിന് നൽകാതെ എണ്ണ കമ്പനികൾ നിസ്സഹകരിച്ചതാണ് പ്രതിസന്ധിക്ക് കാരണം. ഗ്യാസ് ക്രോമറ്റോഗ്രഫി പരിശോധനക്കായി കിറ്റുകളടക്കം സർക്കാർ വാങ്ങിയിരുന്നെങ്കിലും ശുദ്ധമായ പെട്രോള്‍ നല്കാൻ ചട്ടമില്ലെന്നാണ് കമ്പനികളുടെ വാദം. ഇതോടെ രാസവസ്തുക്കൾ കലർത്തിയുള്ള പരമ്പരാഗത പരിശോധനയ്ക്കാണ് സർക്കാർ തയ്യാറെടുക്കുന്നത്.
കർണാടക സർക്കാർ നടത്തിയ പരിശോധനയില്‍ പെട്രോളില്‍ 31 ശതമാനം എഥനോൾ കണ്ടെത്തിയിരുന്നു. 20 ശതമാനമാണ് രാജ്യത്ത് അനുവദനീയമായ അളവ് എന്നിരിക്കെ കണ്ടെത്തല്‍ വൻ വിവാദമായി. പിന്നാലെ മുഖ്യമന്ത്രി വി ഡി സതീശന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തി കേരളത്തിലും എഥനോൾ പരിശോധന നടത്താൻ തീരുമാനിച്ചു. സർക്കാർ ലാബുകളില്‍ ഗ്യാസ് ക്രോമറ്റോഗ്രഫി എന്ന അധുനീക പരിശോധന നടത്താനായിരുന്നു നീക്കം. ഇതിനായി ഓയില്‍ കമ്പനികളില്‍ നിന്ന് വരുത്തിയ കിറ്റുകള്‍ മൂന്ന് ദിവസം മുൻപാണ് എത്തിയത്. എന്നാല്‍ താരതമ്യ പരിശോധനയ്ക്കായി കലർപ്പില്ലാത്ത ശുദ്ധമായി പെട്രോൾ നല്കാൻ കഴിയില്ലെന്ന നിലപാടിലാണ് എണ്ണ കമ്പനികൾ.
ശുദ്ധമായ പെട്രോള്‍ പരിശോധനക്ക് നല്കാൻ ചട്ടമില്ലെന്ന് ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയെ കമ്പനികള്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ രാസവസ്തുക്കള്‍ കലർത്തിയുള്ള പരന്പരാഗത പരിശോധന നടത്താനാണ് സർക്കാരിന് കീഴിലുള്ള ലാബുകള്‍ തയ്യാറെക്കുന്നത്. വരുന്ന ആഴ്ച തന്നെ പരിശോധന നടത്തി ഫലം പുറത്ത് വിട്ടേക്കും. എഥനോൾ അളവ് കൂടുതല്‍ ആണെങ്കില്‍ കോടതിയെ സമീപിച്ച് ശുദ്ധമായ പെട്രോള്‍ കമ്പനികളില്‍ നിന്ന് ലഭ്യമാക്കാനുള്ള നീക്കവും സർക്കാർ നടത്തിയേക്കും. കർണാടകയിലെ പരിശോധന ശാസ്ത്രീയമല്ലെന്ന വാദം ഉയർത്തിയാണ് കേന്ദ്ര സർക്കാരും എണ്ണ കമ്പനികളും അളവ് സംബന്ധിച്ച ഫലം തള്ളിയത്. കേരളത്തിലും പരമ്പരാഗത പരിശോധന നടത്തേണ്ടി വരുന്ന സാഹചര്യത്തില്‍ ഫലം സംബന്ധിച്ച കേന്ദ്ര നിലപാട് എന്തായിരിക്കുമെന്നതിലാണ് ആകാംക്ഷ. ശുദ്ധമായ പെട്രോൾ നല്‍കാത്തത് അളവ് തടയാനുള്ള കമ്പനികളുടെ കുറുക്കുവഴിയെന്ന വിമർശനവും ഉയരുന്നുണ്ട്.
إرسال تعليق