കാക്കകൾ കൂട്ടത്തോടെ ചത്തു; ഇരിക്കൂറില്‍ പക്ഷിപ്പനിബാധയെന്ന് ആശങ്ക
ഇരിക്കൂർ: ഇരിക്കൂറിലെ വിവിധ ഭാഗങ്ങളിൽ കാക്കകളും കോഴികളും കൂട്ടത്തോടെ ചത്തുവീഴുന്ന സംഭവത്തിൽ പക്ഷിപ്പനി (ബേർഡ് ഫ്ളൂ) സംശയിക്കുന്നതായി അധികൃതർ. എന്നാൽ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ല. ജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്ന് ആരോഗ്യ, മൃഗസംരക്ഷണ വകുപ്പുകൾ വ്യക്തമാക്കി.
പട്ടീൽ, പൈസായി, മാമാനം, കമാലിയ സ്കൂളിന്റെ പിൻവശം എന്നിവിടങ്ങളിലാണ് തുടർച്ചയായ ദിവസങ്ങളിൽ കാക്കകളെ ചത്ത നിലയിൽ കണ്ടെത്തിയത്. തുടക്കത്തിൽ കാര്യമാക്കിയില്ലെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ പഞ്ചായത്തിന്റെ മറ്റു ഭാഗങ്ങളിലും കാക്കകൾ ചത്തുവീണതോടെ നാട്ടുകാർ വിവരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ അറിയിക്കുകയായിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് സി.കെ മുഹമ്മദിന്റെ നിർദേശപ്രകാരം വെറ്ററിനറി ഡോക്ടർ അനു ദിനേശിന്റെ നേതൃത്വത്തിലുള്ള മൃഗസംരക്ഷണ വകുപ്പ് സംഘവും ഹെൽത്ത് ഇൻസ്പെക്ടർ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ആരോഗ്യ വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി.
ചത്ത പക്ഷികളിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ കണ്ണൂരിലെ റീജണൽ ഡിസീസ് ഡയഗ്നോസ്റ്റിക് ലാബിലേക്ക് പോസ്റ്റ്മോർട്ടത്തിനായി അയച്ചു. തുടർന്ന് വിശദപരിശോധനയ്ക്കായി സാമ്പിളുകൾ ഭോപ്പാലിലെ ഹൈസെക്യൂരിറ്റി ലാബിലേക്കും അയച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കകം ഫലം കേരള സർക്കാരിന് ലഭിക്കും. ഫലം വന്നശേഷം മാത്രമേ മരണകാരണം പക്ഷിപ്പനിയാണോ എന്ന് സ്ഥിരീകരിക്കാനാകൂവെന്ന് അധികൃതര്‍ പറഞ്ഞു
إرسال تعليق