ഭയരഹിതമായി ക്രിസ്മസ് ആഘോഷിക്കാൻ സാഹചര്യമൊരുക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം
രാജ്യത്തെ ക്രൈസ്തവർക്ക് ഭയരഹിതമായും സമാധാനപരമായും ക്രിസ്മസ് ആഘോഷിക്കാൻ സാഹചര്യമൊരുക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം. ക്രിസ്മസ് ആഘോഷങ്ങൾക്ക് തടസ്സങ്ങളുണ്ടാകാതിരിക്കാൻ സംസ്ഥാന മുഖ്യമന്ത്രിമാർക്ക് ആഹ്വാനം നൽകുന്ന പൊതുപ്രസ്താവന പ്രധാനമന്ത്രി പുറപ്പെടുവിക്കണമെന്നാണ് ആവശ്യം. വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തുന്ന ഇടപെടലുകളെയും ഫോറം അഭിനന്ദിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരാധനാലയങ്ങൾക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങളിലും പ്രാർത്ഥനാ യോഗങ്ങൾ തടസ്സപ്പെടുത്തുന്നതിലും ഫോറം ആശങ്ക രേഖപ്പെടുത്തി. ക്രൈസ്തവർക്കെതിരായ ആക്രമണങ്ങൾ, കരോൾ സംഘങ്ങൾക്കു നേരെയുള്ള ഭീഷണികൾ, മതപരമായ ആഘോഷങ്ങളിലെ ഇടപെടലുകൾ എന്നിവയും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ക്രൈസ്തവ സമൂഹത്തിന്റെ സുരക്ഷിതത്വത്തെ ബാധിക്കുന്നതായും ഫോറം വ്യക്തമാക്കി.
ക്രൈസ്തവ സമൂഹങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ഭരണഘടന ഉറപ്പുനൽകുന്ന മതവിശ്വാസത്തിനും ആരാധനയ്ക്കുമുള്ള അവകാശങ്ങൾ സംരക്ഷിക്കാനും കേന്ദ്രസർക്കാർ ഇടപെടണമെന്നാണ് ആവശ്യം. രാജ്യത്തെ എല്ലാ ക്രൈസ്തവർക്കും ഭയമില്ലാതെ വിശ്വാസം ആചരിക്കാനും ആഘോഷങ്ങളിൽ പങ്കെടുക്കാനും കഴിയുന്ന സാഹചര്യം ഉറപ്പാക്കണമെന്നും ഫോറം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
Post a Comment