ഇല്ലാത്ത കൊലപാതകത്തിന് രണ്ടര വര്‍ഷം ജയിലില്‍; ജാമ്യത്തിലിറങ്ങിയ യുവാവ് കണ്ടെത്തിയത് താൻ 'കൊലപ്പെടുത്തിയ ' യുവതിയെ
മണ്ഡ്യ: കൊല്ലപ്പെട്ടുവെന്ന് പൊലീസും വീട്ടുകാരും വിധിയെഴുതിയ യുവതിയെ ഏഴ് വർഷത്തിന് ശേഷം ജീവനോടെ കണ്ടെത്തി. കർണാടകയിലെ മണ്ഡ്യ ജില്ലയിലാണ് സംഭവം.
യുവതിയെ കൊലപ്പെടുത്തിയെന്ന കുറ്റം ചുമത്തപ്പെട്ട് രണ്ടര വർഷത്തോളം ജയിലില്‍ കഴിഞ്ഞ നിരപരാധിയായ യുവാവിന്റെയും അഭിഭാഷകന്റെയും ഇടപെടലിലൂടെയാണ് യുവതിയെ കണ്ടെത്തിയത്.
സംഭവത്തില്‍ ഗുരുതരമായ അന്വേഷണ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിനെ തുടർന്ന്, അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന വിരമിച്ച ഇൻസ്‌പെക്ടർ പ്രഭാകറിന്റെ പങ്കിനെക്കുറിച്ച് സമഗ്ര അന്വേഷണം നടത്താൻ മണ്ഡ്യ ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടു.
സംഭവത്തിന്റെ തുടക്കം
2019 ജൂലൈ മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മണ്ഡ്യയിലെ പാണ്ഡവപുര സ്വദേശിയായ മഞ്ജു, തന്റെ ഇഷ്ടത്തിന് വിരുദ്ധമായി വീട്ടുകാർ വിവാഹം കഴിപ്പിച്ചതിനെ തുടർന്ന് വീടുവിട്ടിറങ്ങുകയായിരുന്നു. ആണ്‍സുഹൃത്തിനെ വിവാഹം കഴിച്ച് ജീവിക്കാനായി യാത്ര തിരിച്ച മഞ്ജു, ബസ് സ്റ്റാൻഡില്‍ വെച്ച് വീട്ടിലേക്ക് അത്യാവശ്യമായി ഒരു ഫോണ്‍ വിളിക്കുന്നതിനായി അവിടെയുണ്ടായിരുന്ന രാഗിമുദ്ദനഹള്ളി സ്വദേശി രാജേഷിന്റെ മൊബൈല്‍ ഫോണ്‍ വാങ്ങി ഉപയോഗിച്ചു.
മഞ്ജുവിനെ കാണാതായതോടെ പിതാവ് നാഗരാജു പൊലീസില്‍ പരാതി നല്‍കി. യുവതി അവസാനമായി വിളിച്ചത് രാജേഷിന്റെ ഫോണില്‍ നിന്നാണെന്ന് പൊലീസ് കണ്ടെത്തിയെങ്കിലും, മഞ്ജുവിനെ കണ്ടെത്താനാകാത്തതിനെ തുടർന്ന് 2021-ല്‍ ഈ മിസ്സിങ് കേസ് പൊലീസ് അവസാനിപ്പിച്ചു.
കൊലപാതക കേസും ജയില്‍വാസവും
എന്നാല്‍ 2021 ആഗസ്റ്റ് 11-ന് മഞ്ജുവിന്റെ പിതാവ് നാഗരാജു പുതിയൊരു പരാതിയുമായി പൊലീസിനെ സമീപിച്ചു. അനന്തപത്മനാഭ, ഗുരുകുമാർ എന്നീ രണ്ട് വ്യക്തികള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരാതി. 2019-ല്‍ രാജേഷ് മഞ്ജുവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാവേരി നദിയില്‍ തള്ളിയെന്നായിരുന്നു ആരോപണം.
ഇതേത്തുടർന്ന് പൊലീസ് കൊലപാതകത്തിന് കേസെടുത്തു. അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായ ഇൻസ്‌പെക്ടർ പ്രഭാകർ രാജേഷിനെ അറസ്റ്റ് ചെയ്യുകയും പശ്ചിമവാഹിനിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തു. മൃതദേഹം കണ്ടെത്താനായില്ലെങ്കിലും, സാക്ഷിമൊഴികളുടെയും രാജേഷിന്റേതെന്ന് പറയപ്പെടുന്ന കുറ്റസമ്മത മൊഴിയുടെയും അടിസ്ഥാനത്തില്‍ പൊലീസ് കൊലപാതക കുറ്റപത്രം സമർപ്പിച്ചു. തുടർന്ന് രണ്ടര വർഷത്തോളം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞ രാജേഷ്, പിതാവിന്റെയും അഭിഭാഷകന്റെയും സഹായത്തോടെയാണ് പിന്നീട് ജാമ്യത്തിലിറങ്ങിയത്.
വഴിത്തിരിവായ അന്വേഷണം
ജാമ്യത്തിലിറങ്ങിയ ശേഷവും താൻ നിരപരാധിയാണെന്ന് ആവർത്തിച്ച രാജേഷും അഭിഭാഷക സംഘവും നടത്തിയ സ്വതന്ത്ര അന്വേഷണത്തിലാണ് മഞ്ജുവിനെ കണ്ടെത്തിയത്. മണ്ഡ്യയിലെ നാഗമംഗലയ്ക്ക് സമീപം ഭർത്താവിനൊപ്പം താമസിക്കുകയായിരുന്നു യുവതി.
രാജേഷിന്റെ അഭിഭാഷകൻ വിവരമറിയിച്ചതിനെ തുടർന്ന് ബിന്ദിഗനവിലെ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്യുകയും മഞ്ജുവിനെ വനിതാ സംരക്ഷണ കേന്ദ്രമായ സാന്ത്വന കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു.
യുവതിയുടെ മൊഴി
തന്നെ കാണാതായതിന് ശേഷം കൊലപാതക കേസ് രജിസ്റ്റർ ചെയ്ത വിവരം അറിഞ്ഞിരുന്നില്ലെന്ന് മഞ്ജു പൊലീസിന് നല്‍കിയ പ്രാഥമിക മൊഴിയില്‍ വ്യക്തമാക്കി. ''രാജേഷ് ആരാണെന്ന് പോലും എനിക്കറിയില്ല. എന്റെ അച്ഛൻ എന്തിനാണ് ഇത്തരമൊരു കേസ് നല്‍കിയതെന്നും അറിയില്ല. അദ്ദേഹം പൂർണമായും നിരപരാധിയാണ്. ഈ മൊഴി എവിടെയും നല്‍കാൻ ഞാൻ തയ്യാറാണ്''- മഞ്ജു പൊലീസിനോട് പറഞ്ഞു.
നടപടി ആവശ്യപ്പെട്ട് കുടുംബം; അന്വേഷണത്തിന് ഉത്തരവ്
കള്ളപ്പരാതി നല്‍കിയ നാഗരാജുവിനെതിരെയും, വ്യാജ തെളിവുകള്‍ ഉണ്ടാക്കി രാജേഷിന്റെ ജീവിതം തകർത്ത വിരമിച്ച ഇൻസ്‌പെക്ടർ പ്രഭാകറിനെതിരെയും കർശന നിയമനടപടി സ്വീകരിക്കണമെന്ന് രാജേഷിന്റെ കുടുംബം ആവശ്യപ്പെട്ടു.
സംഭവത്തില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചതായി മണ്ഡ്യ ജില്ലാ പൊലീസ് മേധാവി ശോഭറാണി മാധ്യമങ്ങളോട് സമ്മതിച്ചു. മൃതദേഹം കണ്ടെത്താതെ കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് വ്യക്തമാക്കിയ എസ്പി അന്വേഷണത്തിലെ വീഴ്ചകളെക്കുറിച്ച് സമഗ്രമായി അന്വേഷിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസിന് നിർദേശം നല്‍കിയതായും അറിയിച്ചു.
Post a Comment