Join News @ Iritty Whats App Group

ഇസ്രായേലിലേക്ക് മാറും, അവിടെ പ്രധാനമന്ത്രിയാകും; അമേരിക്കയില്‍ ജനം കൈവിട്ടാല്‍ ട്രംപിന്റെ പദ്ധതി

ഇസ്രായേലിലേക്ക് മാറും, അവിടെ പ്രധാനമന്ത്രിയാകും; അമേരിക്കയില്‍ ജനം കൈവിട്ടാല്‍ ട്രംപിന്റെ പദ്ധതി


ഇടക്കാല തിരഞ്ഞെടുപ്പില്‍ ദയനീയമായ തിരിച്ചടി നേരിടുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ റിപബ്ലിക്കന്‍ പാര്‍ട്ടി.

കോണ്‍ഗ്രസിലെ രണ്ട് സഭകളിലും ഡെമോക്രാറ്റുകള്‍ ആധിപത്യം നേരിടുന്നതാണ് ഫലം വരുമ്പോവുള്ള കാഴ്ച. ഇത്രയും തിരിച്ചടി ട്രംപ് പ്രതീക്ഷിച്ചില്ല. ഇറാനില്‍ നടത്തിയ യുദ്ധം ട്രംപിന് സാമ്പത്തികവും രാഷ്ട്രീയവുമായ തിരിച്ചടി നല്‍കുകയാണിപ്പോള്‍.

കടുത്ത സാമ്പത്തിക ഞെരുക്കത്തിലേക്ക് അമേരിക്കയെ തള്ളിവിട്ടത് ഇറാനെതിരായ യുദ്ധമാണ് എന്നാണ് വിലയിരുത്തല്‍. നേരത്തെ ചില പ്രയാസം നേരിട്ടിരുന്ന അമേരിക്കക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചത് ഇറാനെതിരായ യുദ്ധം തുടങ്ങിയ ശേഷമുള്ള സാമ്പത്തിക സാഹചര്യമാണ്. യുഎസ് ഖജനാവിന് വലിയ നഷ്ടമാണ് യുദ്ധം വരുത്തിവെച്ചത്. കൂടാതെ വിപണിയിലെ തിരിച്ചടിയും. ഈ സാഹചര്യത്തില്‍ ട്രംപിന്റെ ഭാവി നീക്കം എന്താകും? അദ്ദേഹം ഇസ്രായേലിലേക്ക് പോകുമോ?

ഇടക്കാല തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസാരിക്കുന്ന വേളയില്‍ ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. അമേരിക്കന്‍ ജനതയ്ക്ക് തന്നെ മടുത്താല്‍ ഇസ്രായേലിലേക്ക് പോകുമെന്നാണ് ട്രംപ് ഫോക്‌സ് ന്യൂസിനോട് പ്രതികരിച്ചത്. അവിടെ തനിക്ക് 99 ശതമാനം ജനപിന്തുണയുണ്ടെന്നും ഇസ്രായേലിലെ പ്രധാനമന്ത്രിയാകുമെന്നും ട്രംപ് പറഞ്ഞു.

തമാശരൂപേണയാണ് ട്രംപ് പ്രതികരിച്ചത് എങ്കിലും തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ഈ ചോദ്യം വീണ്ടും ഉയരുകയാണ്. അമേരിക്കയുടെ പ്രതാപം ആഗോള സമൂഹത്തിന് മുമ്പില്‍ നഷ്ടപ്പെടുന്ന അവസ്ഥയാണ് കാണുന്നത്. ഇറാന്‍ മുന്നോട്ട് വച്ച ഉപാധികള്‍ അംഗീകരിച്ച്‌ യുദ്ധത്തില്‍ നിന്ന് അമേരിക്ക പിന്തിരിയുമോ എന്ന ചോദ്യവും ഇനി ബാക്കിയാണ്.

ഖത്തറില്‍ കഴിഞ്ഞ ദിവസം ഇറാന്റെയും അമേരിക്കയുടെയും നയതന്ത്ര പ്രതിനിധികള്‍ എത്തിയിരുന്നു. സമാധാന ഫോര്‍മുല ചര്‍ച്ച ചെയ്യുകയായിരുന്നു ലക്ഷ്യം. ഒടുവില്‍ ഫോര്‍മുല ഇരുരാജ്യങ്ങള്‍ക്കും ഖത്തര്‍ പ്രതിനിധികള്‍ കൈമാറി. ഇറാന്റെ തടഞ്ഞുവച്ച ഫണ്ട് വിട്ടുകൊടുക്കല്‍ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അമേരിക്ക അംഗീകരിച്ചേക്കുമെന്നാണ് ഒടുവില്‍ വരുന്ന സൂചനകള്‍.

അതിനിടെ, ഇസ്രായേലിന് തിരിച്ചടിയാകുന്ന മറ്റൊരു തീരുമാനം എടുത്തുവെന്ന് ട്രംപ് സൂചിപ്പിച്ചു. ഇസ്രായേലിന് നല്‍കിവരുന്ന സഹായം അധികകാലം ഉണ്ടാകില്ല എന്ന് നെതന്യാഹുവിനെ അറിയിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ കരാര്‍ ആയിട്ടുണ്ടെന്നും ട്രംപ് വെളിപ്പെടുത്തി. 400 കോടി ഡോളറിന്റെ സാമ്പത്തിക സഹായമാണ് അമേരിക്ക ഇസ്രായേലിന് നല്‍കി വരുന്നത്. ഈ വര്‍ഷം കഴിഞ്ഞാല്‍ അത് ലഭിക്കില്ലെന്നാണ് ട്രംപ് ഇസ്രായേല്‍ പ്രധാനമന്ത്രിയെ അറിയിച്ചതത്രെ. ഇസ്രായേലിന് പണം നല്‍കുന്നത് റിപബ്ലിക്കന്‍ പാര്‍ട്ടിയെ വിമര്‍ശിക്കാനുള്ള വിഷയമാക്കി ഡെമോക്രാറ്റുകള്‍ മാറ്റിയിട്ടുണ്ടെന്ന് ട്രംപ് പരിതപിക്കുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group