അഭിറാം കൊലപാതകം; മൃതദേഹം ഉപേക്ഷിക്കാനുള്ള പദ്ധതി പാളിയത് കനത്ത മഴയിൽ, ഉമറിന് കൂട്ടുനിന്നത് സുഹൃത്ത് ഐശ്വര്യയെന്ന് പൊലീസ്
തിരുവനന്തപുരം: പാങ്ങപ്പാറയിലെ പ്ലസ് വൺ വിദ്യാർഥി അഭിറാമിന്റെ കൊലപാതകത്തിൽ കൂടുതൽ ഗൂഢാലോചനാ വിവരങ്ങൾ പുറത്ത്. മൃതദേഹം മറ്റൊരിടത്ത് ഉപേക്ഷിക്കാനുള്ള പ്രതികളുടെ നീക്കം കനത്ത മഴയെ തുടർന്നാണ് പാളിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. മൃതദേഹം മാറ്റുന്നതിനായി സമീപത്തെ കടയിൽനിന്ന് വലിയ കവർ വാങ്ങിയിരുന്നതായും വിവരമുണ്ട്. ഉമറിന്റെ സുഹൃത്ത് ഐശ്വര്യയെ ചോദ്യം ചെയ്തതോടെയാണ് മറ്റ് പ്രതികൾ നൽകിയ മൊഴികളിലെ വൈരുധ്യങ്ങൾ പുറത്തുവന്നത്.
കേസിൽ റിമാൻഡിലുള്ള മുഴുവൻ പ്രതികളെയും കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇതിനായി കോടതിയിൽ അപേക്ഷ നൽകും. അന്വേഷണം വഴിതെറ്റിക്കാൻ പ്രതികൾ തെറ്റായ മൊഴികൾ നൽകുന്നതായാണ് പൊലീസിന്റെ വിലയിരുത്തൽ. പ്രതികളെ ഒന്നിച്ചും വെവ്വേറെയും ചോദ്യം ചെയ്ത് സംഭവത്തിലെ ദുരൂഹതകൾ നീക്കാനാണ് നീക്കം.
അതേസമയം, പ്രതികളുടെ ഫോൺവിളികളും സമൂഹമാധ്യമങ്ങളിലെ ചാറ്റുകളും സൈബർ സെൽ പരിശോധിച്ചുവരികയാണ്. കൊലപാതകവുമായി ബന്ധപ്പെട്ട തെളിവുകൾ കണ്ടെത്തുന്നതിനായി മൊബൈൽ ഫോണുകൾക്കായുള്ള തിരച്ചിലും തുടരുന്നു.
രണ്ടാം പ്രതിയായ ഉമറിന് കൊലപാതകത്തിൽ സഹായം നൽകിയത് സുഹൃത്ത് ഐശ്വര്യയാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കൊലപാതകം നടന്ന സമയത്ത് ഉമർ വീട്ടിലുണ്ടായിരുന്നുവെന്ന് വരുത്തിത്തീർത്ത് അന്വേഷണത്തെ വഴിതെറ്റിക്കാനായിരുന്നു ഇരുവരുടെയും ശ്രമം. ഇതിനായി ഐശ്വര്യ ഉമറിനെ ഫോണിൽ വിളിക്കുകയും കൊലപാതകം നടക്കുന്നതുവരെ സംഭാഷണം തുടരുകയും ചെയ്തെന്നാണ് പൊലീസ് പറയുന്നത്. ഉമർ കാപ്പാ കേസിൽ ശിക്ഷ അനുഭവിച്ചയാളാണ്. ഒന്നാം പ്രതിയായ 17കാരൻ മോഷണക്കേസിലും പ്രതിയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
إرسال تعليق