ചീഫ് ജസ്റ്റിസിനെതിരായ സോഷ്യൽ മീഡിയ പോസ്റ്റ്: മുഴുവൻ കെപിസിസി ഭാരവാഹികൾക്കും സുപ്രീംകോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്
ചീഫ് ജസ്റ്റിസിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ അപകീർത്തികരമായ പോസ്റ്റ് പങ്കുവെച്ച സംഭവത്തിൽ കെപിസിസി ഭാരവാഹികൾക്കെതിരെ കടുത്ത നടപടിയുമായി സുപ്രീംകോടതി. മുഴുവൻ കെപിസിസി ഭാരവാഹികൾക്കും കോടതി സ്വമേധയാ കോടതിയലക്ഷ്യ നോട്ടീസ് അയച്ചു. കോടതിയുടെ അധികാരത്തെയും അന്തസ്സിനെയും ചോദ്യം ചെയ്യുന്ന ഇത്തരം നടപടികൾ ശക്തമായി നേരിടുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
കേസ് പരിഗണിക്കുന്നതിനിടെ കെപിസിസിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ നിരുപാധികം മാപ്പ് അപേക്ഷിച്ചെങ്കിലും അത് സ്വീകരിക്കാൻ സുപ്രീംകോടതി തയ്യാറായില്ല. ‘ആദ്യം പരസ്യമായി താറടിച്ചു കാണിക്കുക, അതിനുശേഷം വന്ന് മാപ്പ് പറയുക എന്ന് പറയുന്നതിൽ എന്ത് കാര്യമാണുള്ളത്’ എന്ന് കോടതി രൂക്ഷമായി ചോദിച്ചു.
ചീഫ് ജസ്റ്റിസിനെയും നീതിന്യായ വ്യവസ്ഥയെയും തരംതാഴ്ത്താൻ ബോധപൂർവമായ ശ്രമം നടന്നതായാണ് കോടതിയുടെ നിരീക്ഷണം. കോടതിയലക്ഷ്യ ഹർജിയിൽ വിശദമായ പരിശോധന നടത്തുന്നതിനായി സുപ്രീംകോടതി അമിക്കസ് ക്യൂറിയെയും നിയമിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കെപിസിസി ഭാരവാഹികൾ നോട്ടീസിന് കൃത്യമായ മറുപടി നൽകേണ്ടിവരും.
ഒക്ടോബർ 12നാണ് കെപിസിസിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ ചീഫ് ജസ്റ്റിസിനെതിരെ വിവാദ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ‘പ്രിയ സൂര്യകാന്ത്, നിയമവും വ്യവസ്ഥയും നിങ്ങളുടെ പരിധിയിലല്ലെങ്കിൽ ഇപ്പോൾ തന്നെ രാജി വെക്കൂ. അത് കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരാളെ ഞങ്ങൾ കണ്ടെത്തിക്കൊള്ളാം’ എന്നായിരുന്നു പോസ്റ്റ്. പോസ്റ്റ് പ്രത്യക്ഷപ്പെട്ട് അധികം വൈകാതെ തന്നെ ഇത് വ്യാപകമായി പ്രചരിക്കുകയായിരുന്നു.
إرسال تعليق