‘കൊച്ചിയിൽ ബീഫ് വിൽക്കുന്നു’ മോദിയെയും യോഗിയെയും ടാഗ് ചെയ്ത് ഉത്തരേന്ത്യൻ സ്വദേശിയുടെ പരാതി; ലേശം മൊരിഞ്ഞ ബീഫും പൊറോട്ടയും എടുത്താലോ? എന്ന് മലയാളികൾ
കൊച്ചിയിലെ എസ്.ആർ. ടീ ഷോപ്പിൽ പരസ്യമായി ബീഫ് വിൽക്കുന്നുവെന്ന യുവാവിന്റെ സോഷ്യൽ മീഡിയ പോസ്റ്റിന് പിന്നാലെ കമന്റ് ബോക്സിൽ നിറഞ്ഞത് മലയാളികളുടെ ബീഫ് റെസിപ്പികൾ. ‘ഇത് ഉത്തർപ്രദേശല്ല, കേരളമാണ്’, ‘മലയാളികൾക്ക് ഇഷ്ടമുള്ളത് കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്’ തുടങ്ങിയ പ്രതികരണങ്ങൾക്കൊപ്പം വ്യത്യസ്തമായ ബീഫ് വിഭവങ്ങളുടെ റെസിപ്പികളും പങ്കുവെച്ചാണ് മലയാളികൾ പോസ്റ്റിനോട് പ്രതികരിക്കുന്നത്. ആയിരക്കണക്കിന് കമന്റുകളാണ് യുവാവിന്റെ പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടത്.
ഉത്തരേന്ത്യൻ സ്വദേശിയായ സഞ്ജയ് ശർമയാണ് കൊച്ചിയിലെ വഴിയോര ഭക്ഷണശാലയിൽ ബീഫ് വിൽക്കുന്നതിനെതിരെ സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും വിഷയത്തിൽ ഇടപെട്ട് രാജ്യവ്യാപകമായി നടപടി സ്വീകരിക്കണമെന്നാണ് യുവാവിന്റെ ആവശ്യം.
‘കേരളത്തിലെ കൊച്ചിയിൽ കണ്ട കാഴ്ച എന്നെ വല്ലാതെ വേദനിപ്പിച്ചു. ഒരു പ്രാദേശിക വഴിയോര ഭക്ഷണശാലയിൽ യാതൊരു മടിയുമില്ലാതെ പരസ്യമായി ബീഫ് വിൽക്കുന്നതിന്‍റെ ചിത്രമാണിത്. ഹൈന്ദവ പാരമ്പര്യത്തിലും ഗോമാതാവിനോടുള്ള ആദരവിലും ആഴത്തിൽ വേരൂന്നിയ ഒരു രാജ്യത്ത്, നമ്മുടെ തെരുവുകളിൽ ഇത്തരമൊരു കാഴ്ച കാണേണ്ടി വരുന്നത് അങ്ങേയറ്റം വേദനാജനകമാണ്. നമ്മുടെ പവിത്രമായ മൂല്യങ്ങളെ മാനിക്കുന്ന തരത്തിലുള്ള രാജ്യവ്യാപകമായ നിയമനിർമാണങ്ങൾ കൊണ്ടുവരാൻ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും ഈ വിഷയം ശ്രദ്ധിക്കണമെന്ന് ഞാൻ ആത്മാർഥമായി അഭ്യർത്ഥിക്കുന്നു. നമ്മുടെ വിശ്വാസങ്ങളെയും പാരമ്പര്യങ്ങളെയും സംരക്ഷിക്കുന്നതിനായി എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃതമായ ഒരു സമീപനം അനിവാര്യമാണ്’ എന്ന കുറിപ്പോടെയാണ് iamsharmasanjay എന്ന വ്ലോഗർ ഇൻസ്റ്റയിൽ യുവാവ് വീഡിയോ പങ്കുവച്ചത്. ഒപ്പം ഹോട്ടലിന്‍റെ ഫോട്ടോയും മെനു പ്രദര്‍ശിപ്പിച്ചിരിക്കുന്ന ബോര്‍ഡിന്‍റെയും ഫോട്ടോ ഇയാൾ പോസ്റ്റ് ചെയുതു.
ബീഫ് ഫ്രൈ, ബീഫ് റോസ്റ്റ്, ബീഫ് സ്റ്റ്യൂ, ബീഫ് കുറുമ, ചില്ലി ബീഫ്, കപ്പ ബിരിയാണി തുടങ്ങി കേരളത്തിലെ തനത് ബീഫ് വിഭവങ്ങളുടെ നീണ്ട പട്ടികയാണ് മലയാളികൾ കമന്റ് ബോക്സിൽ പങ്കുവെച്ചത്. ‘മോദിയുടെ നേതൃത്വത്തിൽ ലോകത്തിലെ ഏറ്റവും വലിയ ബീഫ് കയറ്റുമതി രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും ഇതിൽ വലിയൊരു പങ്ക് യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തർപ്രദേശിൽ നിന്നാണെന്നും നിങ്ങൾ അറിയണം’ എന്നായിരുന്നു മറ്റൊരാളുടെ പരിഹാസ കമന്റ്.
‘ലേശം മൊരിഞ്ഞ ബീഫും പൊറോട്ടയും എടുത്താലോ?’ എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. ‘ബീഫിന്‍റെ ഏറ്റവും വലിയ കയറ്റുമതിക്കാര്‍ യോഗിയുടെ ഉത്തര്‍പ്രദേശാണ്. ‘അമ്മ’യെ കയറ്റുമതി ചെയ്യാന്‍ നാണമില്ലേ? എന്ന പരിഹാസ ചോദ്യവും കമന്റ് സെക്ഷനിൽ ഉയർന്നു.
കഴിഞ്ഞ ഒക്ടോബറിൽ ഫോർട്ട് കൊച്ചിയിലെ കാശി ആർട്ട് കഫേയിൽ ബീഫ് വിളമ്പുന്നതിനെതിരെ വർഗീയ പരാമർശം നടത്തിയ വ്ലോഗർ അമൃത് സിങ് ഡാരനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിൻ്റെ ചൂടാറും മുൻപാണ് കൊച്ചിയിലെ ബീഫ് വിൽപ്പന ചൂണ്ടിക്കാട്ടി സഞ്ജയ് ശർമയുടെ പോസ്റ്റും ചർച്ചയാകുന്നത്.
Post a Comment