Join News @ Iritty Whats App Group

മാസങ്ങൾ നീണ്ട നിയന്ത്രണങ്ങൾക്കൊടുവിൽ ജന്തർ മന്തർ തുറന്നു; കനത്ത പൊലീസ് വിന്യാസം തുടരുന്നു, കടകൾ തുറന്ന ആശ്വാസത്തിൽ വ്യാപാരികൾ

മാസങ്ങൾ നീണ്ട നിയന്ത്രണങ്ങൾക്കൊടുവിൽ ജന്തർ മന്തർ തുറന്നു; കനത്ത പൊലീസ് വിന്യാസം തുടരുന്നു, കടകൾ തുറന്ന ആശ്വാസത്തിൽ വ്യാപാരികൾ


ദില്ലി:മാസങ്ങൾ നീണ്ട നിയന്ത്രണങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ ദില്ലിയിലെ ജന്തർ മന്തർ റോഡിലെ കെട്ടിയടച്ച മേഖല വീണ്ടും തുറന്നു. ബാരിക്കേഡുകൾ നീക്കിയതോടെ പ്രദേശത്തെ ഗതാഗതവും വ്യാപാരവും സാധാരണ നിലയിലായി. നിയന്ത്രണങ്ങൾ നീക്കിയെങ്കിലും കനത്ത പൊലീസ് വിന്യാസം ഇപ്പോഴും തുടരുകയാണ്.

ദില്ലിയിലെ പ്രതിഷേധങ്ങളുടെ പ്രധാന കേന്ദ്രമായിരുന്നു ജന്തർ മന്തർ. പതിനേഴ് ദിവസം നീണ്ട സിജെപി സമരം ജന്തർ മന്തറിലേക്ക് ദേശീയ ശ്രദ്ധ തിരിയാൻ ഇടയാക്കി. ഈ പ്രതിഷേധ സമയത്ത് ഇങ്ങോട്ടുള്ള വാഹന ഗതാഗതം നിയന്ത്രിച്ചിരുന്നു. ധർമേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ പ്രതിഷേധക്കാർ ഒഴിഞ്ഞതോടെ ജന്തർ മന്തറിലേക്കുള്ള പ്രവേശനം പൊലീസ് തടഞ്ഞു. റോഡിന്റെ വിവിധ ഭാഗങ്ങളിൽ മൂന്നടിയോളം ഉയരമുള്ള ബാരിക്കേഡുകൾ സ്ഥാപിച്ചു. സുരക്ഷാ നിയന്ത്രണങ്ങളുടെ ചുമതല ദില്ലി പൊലീസ് കേന്ദ്രസേനയ്ക്ക് കൈമാറുകയും ചെയ്തു.

ജന്തർ മന്തറിനെ ഔദ്യോഗിക പ്രതിഷേധ കേന്ദ്രങ്ങളുടെ പട്ടികയിൽനിന്ന് ഒഴിവാക്കിയ നടപടിക്കെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധമുയർന്നു. ജന്തർ മന്തറിലേക്ക് കടക്കാൻ പലരും ശ്രമിച്ചതും നിയന്ത്രണങ്ങൾ കൂട്ടാൻ ഇടയാക്കി. ഒന്നര മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ജന്തർ മന്തറിലെ ബാരിക്കേഡുകൾ നീക്കി റോഡ് ഗതാഗതത്തിനായി തുറന്നുനൽകിയത്. രാവിലെ ആറുമണിയോടെ റോഡിലെ ബാരിക്കേഡുകളെല്ലാം നീക്കിയെങ്കിലും ഉച്ചയോടെ വീണ്ടും ബാരിക്കേഡുകൾ സ്ഥാപിച്ച് ഗതാഗതം ഒരു വശത്തു കൂടിയാക്കി. കനത്ത പൊലീസ് വിന്യാസം സ്ഥലത്ത് തുടരുകയാണ്. നിയന്ത്രണങ്ങൾ നീങ്ങിയതോടെ മലയാളിയായ കേശവൻ കുട്ടിയുടെ ദോശ കട അടക്കം വ്യാപാര സ്ഥാപനങ്ങളും സജീവമായി. ദിവസങ്ങളോളം അടച്ചിട്ട കടകൾ വീണ്ടും തുറക്കാനായതിന്റെ ആശ്വാസത്തിലാണ് വ്യാപാരികൾ.

പ്രതിഷേധ കേന്ദ്രമായിരുന്ന ജന്തർ മന്തറിനെ ഇനി ബിനാലെ വേദിയാക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. ഡിസംബർ മുതൽ ഫെബ്രുവരി വരെ നീണ്ടുനിൽക്കുന്ന ഇന്ത്യാ ബിനാലെയ്ക്ക് ജന്തർ മന്തർ വേദിയാകും. ജന്തർ മന്തർ ഡീനോട്ടിഫൈ ചെയ്തതിന് എതിരായ ഹർജികൾ ഈ മാസം അവസാനം പരിഗണിക്കാനായി സുപ്രീംകോടതി മാറ്റിയിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group