ബെംഗളൂരുവിൽ മലയാളി യുവാവിനെ അടിച്ചുകൊന്നു; കൊലപ്പെടുത്തിയത് പെൺസുഹൃത്തിന്റെ പിതാവ്, പ്രതി അറസ്റ്റിൽ
ബെംഗളൂരുവിൽ മലയാളി യുവാവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തി. പാലക്കാട് പട്ടാമ്പിക്കടുത്ത് തിരുവേഗപ്പുറം സ്വദേശി കിരൺ (22) ആണ് കൊല്ലപ്പെട്ടത്. പെൺസുഹൃത്തിന്റെ പിതാവാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം. സംഭവത്തിൽ കിരണിന്റെ തൊഴിലുടമ കൂടിയായ ആനന്ദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ യെലഹങ്കയിലാണ് സംഭവം. ഇന്നലെ രാത്രിയായിരുന്നു കൊലപാതകം.
കഴിഞ്ഞ രണ്ടുവർഷമായി ആനന്ദിന്റെ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു കിരൺ. ഇതിനിടെ ആനന്ദിന്റെ 19 വയസ്സുള്ള മകളുമായി യുവാവ് അടുപ്പത്തിലായി. മൈസൂരിൽ പഠിക്കുന്ന പെൺകുട്ടി തുടർച്ചയായ അവധിയെ തുടർന്ന് വീട്ടിലെത്തിയിരുന്നു. ഇതിനിടെ ആനന്ദും ഭാര്യയും തമിഴ്നാട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങി. പിന്നാലെ കിരൺ പെൺകുട്ടിയുടെ വീട്ടിലെത്തുകയായിരുന്നു.
എന്നാൽ അപ്രതീക്ഷിതമായി വീട്ടിൽ തിരിച്ചെത്തിയ ആനന്ദ് മകൾക്കൊപ്പം കിരണിനെ കണ്ടതോടെ പ്രകോപിതനായി. മകളെ ബന്ധുവീട്ടിലേക്ക് മാറ്റിയശേഷം ബാറ്റും പൈപ്പും ഉപയോഗിച്ച് കിരണിനെ ക്രൂരമായി മർദിക്കുകയായിരുന്നു. അടിവയറ്റിലുൾപ്പെടെ ഗുരുതരമായി പരിക്കേറ്റ കിരൺ മർദനത്തെ തുടർന്ന് കുഴഞ്ഞുവീണു.
ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. കിരണിന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
Post a Comment