Join News @ Iritty Whats App Group

എഫ് ട്യൂൺ ക്രീം വിവാദം; അന്വേഷണം ശക്തമാക്കി ഡ്രഗ്സ് കൺട്രോൾ വിഭാഗം, വ്ലോഗർമാർക്കെതിരെയും നടപടിക്ക് നീക്കം

എഫ് ട്യൂൺ ക്രീം വിവാദം; അന്വേഷണം ശക്തമാക്കി ഡ്രഗ്സ് കൺട്രോൾ വിഭാഗം, വ്ലോഗർമാർക്കെതിരെയും നടപടിക്ക് നീക്കം


എഫ് ട്യൂൺ ഫേസ് ക്രീം ഉപയോഗിച്ചതിന് പിന്നാലെ 17കാരിക്ക് ഗുരുതര വൃക്കരോഗം സ്ഥിരീകരിച്ചെന്ന പരാതിയിൽ അന്വേഷണം ശക്തമാക്കി ഡ്രഗ്സ് കൺട്രോൾ വിഭാഗം. കോഴിക്കോട് സീനിയർ ഡ്രഗ്സ് കൺട്രോൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് പെൺകുട്ടിയുടെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിക്കും. ചികിത്സ നൽകിയ ആശുപത്രിയിൽ നിന്ന് മെഡിക്കൽ രേഖകളും തേടിയിട്ടുണ്ട്.

സംസ്ഥാന ഡ്രഗ്സ് കൺട്രോളറുടെ നിർദേശപ്രകാരമാണ് പരിശോധന. അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറും. ഓൺലൈൻ വഴി വാങ്ങിയ ക്രീമിന്റെ ഉറവിടം സംബന്ധിച്ച് ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. അംഗീകാരമില്ലാത്ത സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ ഉപയോഗിക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വ്യാജ സൗന്ദര്യവർധക വസ്തുക്കളുടെ വിൽപ്പന തടയാൻ ആരോഗ്യവകുപ്പും നടപടികൾ ശക്തമാക്കുകയാണ്. ഡ്രഗ്സ് കൺട്രോളറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രത്യേക സമിതി രൂപീകരിച്ചേക്കും. വ്യാജ ഉൽപ്പന്നങ്ങളുടെ ഓൺലൈൻ വിപണനം തടയുന്നതിനുള്ള നടപടികളും ഊർജിതമാക്കിയിട്ടുണ്ട്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ ഉൽപ്പന്നങ്ങൾ പ്രമോട്ട് ചെയ്യുന്ന വ്ലോഗർമാർക്കെതിരെയും നടപടിയുണ്ടാകുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഓപ്പറേഷൻ സൗന്ദര്യയുടെ ഭാഗമായി എല്ലാ ജില്ലകളിലും വ്യാപക പരിശോധന നടത്തും.

അതേസമയം, എഫ് ട്യൂൺ ക്രീം ഉപയോഗിച്ച പെൺകുട്ടിക്ക് വൃക്കരോഗം സ്ഥിരീകരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണവും പുരോഗമിക്കുകയാണ്. നീതി തേടി കൺസ്യൂമർ കോടതിയെ സമീപിക്കാനും പരാതിക്കാരി ഒരുങ്ങുന്നുണ്ട്. പൊതുപ്രവർത്തകനായ എം.ടി. മുർഷിദ് സംഭവത്തിൽ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

അതിനിടെ, എഫ് ട്യൂൺ ക്രീം പ്രമോട്ട് ചെയ്തതിൽ തെറ്റ് പറ്റിയെന്ന് ടെലിവിഷൻ താരം റെനീഷ റഹ്മാൻ സമ്മതിച്ചിരുന്നു. ക്രീം ഉപയോഗിച്ച പെൺകുട്ടിയുടെ ആരോഗ്യനില മോശമായെന്ന വാർത്ത ഞെട്ടലുണ്ടാക്കിയെന്നും പ്രമോഷൻ നടത്തിയതിൽ ഖേദമുണ്ടെന്നും റെനീഷ വ്യക്തമാക്കിയിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group