Join News @ Iritty Whats App Group

സൈബര്‍ തട്ടിപ്പിലൂടെ ഈ വര്‍ഷം നഷ്ടമായത് 420 കോടി രൂപ! പരിവാഹന്‍ സൈറ്റിലെ ഡേറ്റകള്‍ ചോരുന്നു, വിദ്യാര്‍ത്ഥികളുടെ അക്കൗണ്ടുകള്‍ ഉപയോഗിച്ച് തട്ടിപ്പ്

സൈബര്‍ തട്ടിപ്പിലൂടെ ഈ വര്‍ഷം നഷ്ടമായത് 420 കോടി രൂപ! പരിവാഹന്‍ സൈറ്റിലെ ഡേറ്റകള്‍ ചോരുന്നു, വിദ്യാര്‍ത്ഥികളുടെ അക്കൗണ്ടുകള്‍ ഉപയോഗിച്ച് തട്ടിപ്പ്


തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം സൈബർ തട്ടിപ്പിലൂടെ നഷ്ടമായത് 420 കോടി രൂപയെന്ന് പൊലീസ്. സൈബർ തട്ടിപ്പും ഹവാല ഇടപാടു തമ്മിൽ ബന്ധമുണ്ടെന്ന് സൈബർ ഓപ്പറേഷൻ ഐജി പി. പ്രകാശ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പരിവാഹനിൽ നിന്നും ഡേറ്റകൾ ചോരുന്നുണ്ടെന്നും സൈബർ തട്ടിപ്പ് സംഘം കോളജ് വിദ്യാർത്ഥികളെ സ്വാധീനിച്ച് അക്കൗണ്ടുകള്‍ വാടകക്കെടുക്കുന്നുണ്ടെന്നും പ്രകാശ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മിക്ക തട്ടിപ്പിന് പിന്നിലും ചൈനീസ് സംഘങ്ങളാണെന്നും സൈബർ ഓപ്പറേഷൻ ഐജി പറയുന്നു. പരിവാഹൻ സൈറ്റുമായി ബന്ധപ്പെട്ട ലിങ്ക് വഴിയാണ് കഴിഞ്ഞ കുറച്ച് നാളായി വലിയ രീതിയിൽ തട്ടിപ്പ് നടക്കുന്നത്. ഇങ്ങനെ വരുന്ന മെസേജുകളിലെ ലിങ്കുകൾ ഒരിക്കലും ഓപ്പൺ ചെയ്യരുത്.

അറിയാത്ത നമ്പരുകളിൽ നിന്നുമുള്ള ലിങ്കുകൾ ക്ലിക്ക് ചെയ്യാനോ, ഒടിപി, പിൻ നമ്പർ ഷെയർ ചെയ്യാനോ പാടില്ല. അക്കൌണ്ട് ഹാക്ക് ചെയ്തെന്ന് അറിഞ്ഞാലുടൻ ബാങ്കുമായി ബന്ധപ്പെട്ട് മരവിപ്പിക്കണമെന്നും അല്ലെങ്കിൽ പണം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും പൊലീസ് വ്യക്തമാക്കി. മ്യൂൾ അക്കൌണ്ടുകൾ വഴിയാണ് തട്ടിപ്പ് ഏറെയും നടക്കുന്നത്. അതുകൊണ്ട് തന്നെ യഥാർത്ഥ പ്രതികളെ കണ്ടെത്തുക എന്നത് ശ്രമകരമാണ്. സൈബർ തട്ടിപ്പുകാർക്കായി മ്യൂൾ അക്കൌണ്ടുകൾ ഓപ്പൺ ചെയ്തുകൊടുക്കുന്നവർ കേരളത്തിലുണ്ട്. പോക്കറ്റ് മണിക്കായി കോളേജ് വിദ്യാർത്ഥികളും തട്ടിപ്പിന് കൂട്ടു നിൽക്കുന്നുണ്ട്. ഇവരുടെ അക്കൌണ്ടിലേക്കാണ് തട്ടിപ്പ് നടത്തി ലഭിക്കുന്ന പണം വരുന്നത്. ഇതിന് വിദ്യാർത്ഥികൾക്ക് കമ്മീഷൻ ലഭിക്കും. ദയവായി ഇത്തരം കുറ്റകൃത്യങ്ങളുടെ ഭാഗമാകരുതെന്ന് ഐജി പി. പ്രകാശ് പറഞ്ഞു.

സൈബർ ഫ്രോഡും ഹവാലയും ഇപ്പോൾ ഒരുമിച്ചാണ് നടക്കുന്നത്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുന്നുണ്ട്. തട്ടിപ്പ് പണം ക്രിപ്റ്റോകറൻസിയായും ഹവാല വെളുപ്പിക്കാനുമാണ് ഉപയോഗിക്കുന്നത്. തട്ടിപ്പിന് പിന്നിൽ ചൈനീസ് സംഘങ്ങളും ഉണ്ട്. കേരളത്തിലും ചൈനീസ് സംഘങ്ങൾക്ക് സഹായം നൽകുന്നവരുണ്ട്. എല്ലാ തട്ടിപ്പുകാരെയും വലയിലാക്കുമെന്നും കുറ്റകൃത്യങ്ങൾക്ക് കൂട്ടു നിൽക്കരുതെന്നും ഐജി പി. പ്രകാശ് മുന്നറിയിപ്പ് നൽകി.

Post a Comment

Previous Post Next Post
Join Our Whats App Group