'എന്തുകൊണ്ട് തിരുത്തുന്നില്ല', നന്ദകുമാറിന്റെ മലപ്പുറം പരാമർശത്തിൽ രൂക്ഷവിമർശനവുമായി സണ്ണി ജോസഫ്; 'പാർട്ടിയിലെ കാര്യങ്ങൾ പരസ്യമാക്കരുത്'
കണ്ണൂർ: സി പി എം നേതാവ് നന്ദകുമാർ നടത്തിയത് മലപ്പുറത്തിനെതിരായ കടുത്ത വിദ്വേഷ പ്രതികരണമാണെന്നും നേരത്തെ മുൻ മുഖ്യമന്ത്രി പിണറായി വിജയനും സമാനമായ പ്രസ്താവന നടത്തിയിട്ടുണ്ടെന്നും കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്. മലപ്പുറത്തിനെതിരായ ഇത്തരം പരാമർശങ്ങൾ സി പി എമ്മിന്റെ തന്ത്രത്തിന്റെ ഭാഗമാണ്. വിഷയം തിരുത്താൻ നന്ദകുമാറോ സി പി എമ്മോ തയ്യാറാകുന്നില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, തിരുത്തലിന്റെ അല്ല മറിച്ച് ആവർത്തനത്തിന്റെ പാതയിലാണ് സി പി എം എന്നും വിമർശിച്ചു. സി പി എമ്മിന്റെ നിലപാട് വൈരുധ്യം നിറഞ്ഞതാണെന്നും സണ്ണി ജോസഫ് അഭിപ്രായപ്പെട്ടു
തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലേക്ക് നടന്ന ഡി വൈ എഫ് ഐ പ്രതിഷേധ മാർച്ചിനെയും സണ്ണി ജോസഫ് വിമർശിച്ചു. കേസിൽ പോലീസിന്റെ നടപടിയെ വ്യക്തിപരമായി കാണേണ്ടതില്ലെന്ന് പറഞ്ഞ അദ്ദേഹം, പോലീസുകാരെ ഭീഷണിപ്പെടുത്തി വരുതിക്ക് നിർത്താമെന്ന് ആരും കരുതേണ്ടതില്ലെന്നും കൂട്ടിച്ചേർത്തു. പോലീസിന്റെ ഭാഗത്ത് എന്തെങ്കിലും തരത്തിലുള്ള വീഴ്ചകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് പരിശോധിക്കേണ്ടത് ആഭ്യന്തര വകുപ്പാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാർട്ടിയിലെ കാര്യങ്ങൾ പരസ്യമാക്കരുത്
പാർട്ടിയിലെ സംഘടനാപരമായ കാര്യങ്ങൾ പരസ്യമായി പറയാതെ അകത്തുതന്നെ സംസാരിക്കണമെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ സംഘടനാ കാര്യങ്ങൾ ദില്ലിയിൽ പോയി ദേശീയ നേതൃത്വത്തോട് വ്യക്തമാക്കും. വിഷയത്തിൽ കെ സി വേണുഗോപാൽ സ്വീകരിച്ച നിലപാട് തന്നെയാണ് തനിക്കുമുള്ളതെന്നും ഇത് അടൂർ പ്രകാശിന് മാത്രമല്ല, പാർട്ടിയിലെ എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും സണ്ണി ജോസഫ് ഓർമ്മിപ്പിച്ചു.
إرسال تعليق