Join News @ Iritty Whats App Group

കര്‍ണാടക സര്‍ക്കാര്‍ തിരിഞ്ഞുനോക്കുന്നില്ല; മാക്കൂട്ടം ചുരം വഴി യാത്ര ദുരിതം

കര്‍ണാടക സര്‍ക്കാര്‍ തിരിഞ്ഞുനോക്കുന്നില്ല; മാക്കൂട്ടം ചുരം വഴി യാത്ര ദുരിതം


തലശ്ശേരിമൈസൂരു അന്തര്‍സംസ്‌ഥാന പാതയിലെ മാക്കൂട്ടം ചുരം റോഡ്‌ തകര്‍ന്നിട്ട്‌ മാസങ്ങള്‍ പിന്നിട്ടിട്ടും അറ്റകുറ്റപ്പണികള്‍ക്ക്‌ നടപടിയെടുക്കാതെ കര്‍ണാടക പൊതുമരാമത്ത്‌ വകുപ്പ്‌.

മഴക്കാലത്ത്‌ രൂപപ്പെട്ട വന്‍കുഴികള്‍ യാത്രക്കാരുടെ നടുവൊടിക്കുമ്പോഴും അധികൃതര്‍ കണ്ടില്ലെന്നു നടിക്കുകയാണെന്നാണ്‌ ആക്ഷേപം. റോഡിലെ കുഴികളും കൊടുംവളവുകളും കനത്ത മൂടല്‍മഞ്ഞും ഒരുപോലെ ഭീഷണിയാകുന്നതോടെ മാക്കൂട്ടം ചുരത്തിലൂടെയുള്ള യാത്ര ദുരിതപൂര്‍ണമായി.റോഡിന്റെ പല ഭാഗങ്ങളിലും മെക്കാഡം ടാറിങ്‌ തകര്‍ന്ന്‌ വലിയ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്‌. വളവുകളില്‍ കുഴികള്‍ നിറഞ്ഞതോടെ വാഹനങ്ങള്‍ വേഗം കുറച്ച്‌ കടന്നുപോകേണ്ട സ്‌ഥിതിയാണ്‌. ഇതുമൂലം ചുരത്തില്‍ ഗതാഗതക്കുരുക്കും പതിവാകുന്നു. രാത്രികാലങ്ങളില്‍ കുഴികള്‍ തിരിച്ചറിയാനാകാതെ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതായും യാത്രക്കാര്‍ പറയുന്നു. മൂടല്‍മഞ്ഞ്‌ കാഴ്‌ചപരിധി കുറയ്‌ക്കുന്നതും അപകടസാധ്യത വര്‍ധിപ്പിക്കുന്നു.

കൂട്ടുപുഴ പിന്നിട്ട്‌ വിരാജ്‌പേട്ടയിലെത്താന്‍ മണിക്കൂറുകള്‍ വേണ്ടിവരുന്ന സാഹചര്യമാണ്‌ നിലവിലുള്ളത്‌. റോഡിന്റെ ശോച്യാവസ്‌ഥ കാരണം വാഹനങ്ങള്‍ ഇഴഞ്ഞുനീങ്ങുന്നതാണ്‌ യാത്ര വൈകാന്‍ പ്രധാന കാരണം. ചരക്കുവാഹനങ്ങളും യാത്രാബസുകളും സ്വകാര്യ വാഹനങ്ങളും ഒരുപോലെ ഗതാഗതക്കുരുക്കില്‍പ്പെടുന്നു. നിശ്‌ചിതസമയത്ത്‌ ലക്ഷ്യസ്‌ഥാനത്തെത്തേണ്ട യാത്രക്കാരും വിദ്യാര്‍ഥികളും രോഗികളുമായി പോകുന്നവരും ഇതുമൂലം പ്രയാസം നേരിടുകയാണ്‌.കേരളത്തില്‍നിന്ന്‌ മൈസൂരു, ബെംഗളൂരു നഗരങ്ങളിലേക്ക്‌ പോകുന്നതിനുള്ള പ്രധാന അന്തര്‍സംസ്‌ഥാന പാതയാണിത്‌. കണ്ണൂര്‍, തലശേരി, മട്ടന്നൂര്‍, ഇരിട്ടി മേഖലകളില്‍നിന്ന്‌ ദിവസേന ആയിരക്കണക്കിന്‌ ആളുകളാണ്‌ ഈ വഴിയിലൂടെ യാത്ര ചെയ്ുന്നയത്‌. ഐ.ടി. നഗരമായ ബെംഗളൂരുവിനെ കേരളവുമായി ബന്ധിപ്പിക്കുന്ന പാതയിലൂടെ ടൂറിസ്‌റ്റ് ബസുകളും കെ.എസ്‌.ആര്‍.ടി.സി. ബസുകളും ഉള്‍പ്പെടെ 50ലേറെ ബസുകള്‍ ദിവസേന സര്‍വീസ്‌ നടത്തുന്നുണ്ട്‌. സ്വകാര്യ വാഹനങ്ങളുടെയും ചരക്കുവാഹനങ്ങളുടെയും തിരക്കും ഏറെയാണ്‌.

കര്‍ണാടകയില്‍നിന്ന്‌ കേരളത്തിലേക്ക്‌ നിതാ്യേപയോഗ സാധനങ്ങള്‍, പഴം, പച്ചക്കറി തുടങ്ങിയവ എത്തിക്കുന്നതിലും മാക്കൂട്ടം ചുരം റോഡിന്‌ നിര്‍ണായക പങ്കുണ്ട്‌. റോഡിലെ കുഴികളും ഗതാഗതക്കുരുക്കും ചരക്കുനീക്കത്തെയും പ്രതികൂലമായി ബാധിക്കുന്നു. വാഹനങ്ങള്‍ ഏറെനേരം വഴിയില്‍ കുടുങ്ങുന്നതോടെ ചരക്കുവാഹനങ്ങളുടെ സമയക്രമം തെറ്റുകയും യാത്രാച്ചെലവും സമയനഷ്‌ടവും വര്‍ധിക്കുകയും ചെയ്യുന്നു. മൈസൂരു, ബെംഗളൂരു എന്നിവിടങ്ങളില്‍ പഠിക്കുന്ന നിരവധി മലയാളി വിദ്യാര്‍ഥികളും ഈ പാതയെയാണ്‌ ആശ്രയിക്കുന്നത്‌.ഏഴ്‌ മീറ്റര്‍ വീതിയില്‍ മെക്കാഡം ടാറിങ്‌, കോണ്‍ക്രീറ്റ്‌ പ്രവൃത്തികള്‍, ഓവുചാല്‍ നിര്‍മാണം എന്നിവ ഉള്‍പ്പെടുത്തി ചുരം റോഡ്‌ നവീകരിച്ചിരുന്നു. എന്നാല്‍, കനത്ത മഴയെ തുടര്‍ന്ന്‌ ചില ഭാഗങ്ങളില്‍ വീണ്ടും വന്‍കുഴികള്‍ രൂപപ്പെടുകയായിരുന്നു. പ്രതിഷേധം ശക്‌തമായതിനെത്തുടര്‍ന്ന്‌ ഫെബ്രുവരിയില്‍ പെരുമ്പാടി മുതല്‍ ഹനുമാന്‍ ക്ഷേത്രം വരെയുള്ള 5.9 കിലോമീറ്റര്‍ ഭാഗത്ത്‌ നവീകരണപ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയിരുന്നു. എന്നിട്ടും പാതയുടെ വിവിധ ഭാഗങ്ങളിലെ തകര്‍ച്ച യാത്രക്കാര്‍ക്ക്‌ ദുരിതമാവുകയാണ്‌.മഴയില്‍ തകര്‍ന്ന ഭാഗങ്ങളില്‍ അടിയന്തര അറ്റകുറ്റപ്പണികള്‍ നടത്തുകയും റോഡിന്റെ സുരക്ഷ ഉറപ്പാക്കുകയും വേണമെന്നാണ്‌ യാത്രക്കാരുടെ ആവശ്യം. കൊടുംവളവുകളിലെ കുഴികള്‍ അടയ്‌ക്കുന്നതിനൊപ്പം ഓവുചാലുകളുടെ കാര്യക്ഷമതയും ഉറപ്പാക്കണം. മൂടല്‍മഞ്ഞ്‌ കൂടുതലുള്ള മേഖലകളില്‍ മുന്നറിയിപ്പ്‌ ബോര്‍ഡുകളും സുരക്ഷാ സംവിധാനങ്ങളും ശക്‌തിപ്പെടുത്തണമെന്നും ആവശ്യമുയരുന്നു.കേരളത്തിലേക്കും തിരിച്ചുമുള്ള യാത്രയ്‌ക്കും വ്യാപാരചരക്കുനീക്കത്തിനും ഒരുപോലെ പ്രധാനപ്പെട്ട പാതയായിട്ടും മാക്കൂട്ടം ചുരം റോഡിന്റെ ശോച്യാവസ്‌ഥ പരിഹരിക്കാന്‍ കര്‍ണാടക അധികൃതര്‍ അടിയന്തരമായി ഇടപെടുന്നില്ലെന്ന പരാതിയാണ്‌ ശക്‌തമാകുന്നത്‌. റോഡ്‌ പൂര്‍ണമായി തകരുന്നതും വലിയ അപകടങ്ങള്‍ സംഭവിക്കുന്നതും കാത്തിരിക്കാതെ അറ്റകുറ്റപ്പണികള്‍ നടത്തണമെന്നാണ്‌ യാത്രക്കാരുടെ ആവശ്യം.

Post a Comment

أحدث أقدم
Join Our Whats App Group