Join News @ Iritty Whats App Group

ദില്ലിയിലെ നിയന്ത്രണം: 'ജാ​ഗ്രതയുടെ പേരിൽ മുഴുവൻ അടച്ചിടാനാകില്ല, മെട്രോ പൂർണമായി അടക്കരുത്'; വിമർശിച്ച് സുപ്രീം കോടതി

ദില്ലിയിലെ നിയന്ത്രണം: 'ജാ​ഗ്രതയുടെ പേരിൽ മുഴുവൻ അടച്ചിടാനാകില്ല, മെട്രോ പൂർണമായി അടക്കരുത്'; വിമർശിച്ച് സുപ്രീം കോടതി


ദില്ലി: ഗ്യാനേഷ്കുമാറിനെതിരായ സിജെപി സമരം നേരിടാൻ മെട്രോ സർവ്വീസും ദില്ലിയിലേക്കുള്ള ട്രെയിനുകളും പൂർണ്ണമായും റദ്ദാക്കുന്നത് തടഞ്ഞ് സുപ്രീംകോടതി. സാഹചര്യമനുസരിച്ച് ജനങ്ങളെ വലയ്ക്കാതെ നിയന്ത്രങ്ങൾ ഏർപ്പെടുത്തിയാൽ മതിയെന്ന് കോടതി നിർദ്ദേശിച്ചു. ഈച്ചയെ കൊല്ലാൻ ചുറ്റിക ആവശ്യമില്ലെന്ന് നീരീക്ഷിച്ച കോടതി അനുമതി വാങ്ങാതെുള്ള പ്രതിഷേധം നിയമവിരുദ്ധമാണെന്നും വ്യക്തമാക്കി. നാളത്തെ സമരത്തിനെത്തുന്നവരെ പല സംസ്ഥാനങ്ങളിലെും കസ്റ്റഡിയിൽ എടുക്കുകയാണെന്ന് സിജെപിയും ഇടതു സംഘടനകളും കുറ്റപ്പെടുത്തി. ദില്ലി പൊലീസ് 70 കമ്പനി കേന്ദ്രസേനയെ കൂടി സുരക്ഷയ്ക്ക് വിന്യസിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ സ്ഥിതി നിരന്തരം നിരീക്ഷിക്കുകയാണ്.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ സിജെപിയുടെ പ്രതിഷേധം പ്രഖ്യാപിച്ച സാഹചര്യത്തിൽ 57 മെട്രോ സ്റ്റേഷനുകൾ ഇന്നു രാത്രി 9 മണിമുതൽ അടച്ചിടാൻ പൊലീസ് നിർദ്ദേശം നൽകിയിരുന്നു. ദില്ലിയിലേക്ക് നാളെ പുലർച്ചെ നാലു മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെ എത്തേണ്ട എല്ലാ ട്രെയിനുകളും റദ്ദാക്കി. നിയന്ത്രണങ്ങൾക്കെതിരെ എംഎ ബേബി അടക്കമുള്ളവർ നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് പരിഗണിച്ചത്. പ്രതിഷേധം കൈവിട്ടു പോകാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കാൻ സർക്കാരിന് അവകാശമുണ്ടെന്ന് കോടതി പറഞ്ഞു.

എന്നാൽ എല്ലാം അടച്ചിട്ട് ജനങ്ങളുടെ അവകാശം ഹനിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. അതിനാൽ പൂർണ്ണമായും തടയുന്നതിന് പകരം മെട്രോ, ട്രെയിൻ സർവ്വീസുകൾ നിയന്ത്രണത്തോടെ നടത്തണം. എല്ലാ റോഡുകളും ബാരിക്കേഡുകൾ വച്ച് അടയ്ക്കരുതെന്നുംകോടതി നിർദ്ദേശിച്ചു. സംഘാടകരായ കോക്ക്റോച്ച് ജനത പാർട്ടി ഹർജി നൽകാത്തതിനാൽ അനുമതിയെക്കുറിച്ച് ഇപ്പോൾ വാദം കേൾക്കാനാകില്ല. അനുമതി ഇല്ലെങ്കിൽ നിയമവിരുദ്ധമാകും എന്ന് ബഞ്ചിലെ ജസ്റ്റിസ് ജോയ്മല്യ ബാഗ്ച്ചി പരാമർശിച്ചു. ജന്തർമന്തർ ഉചിതമായ സ്ഥലമല്ലെന്ന്ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റിസ് വിശാലമായൊരു സ്ഥലം പ്രതിഷേധത്തിന് കണ്ടെത്തി കൂടെ എന്ന് സോളിസ്റ്റർ ജനറൽ തുഷാർ മേത്തയോട് ചോദിച്ചു.

കഴിഞ്ഞ തവണ ഒരു ദിവസത്തേക്ക് അനുമതി നൽകി‌യപ്പോൾ പതിനേഴ് ദിവസം ധർണ്ണയിരുന്നെന്ന് തുഷാർ മേത്ത പ്രതികരിച്ചു. രാഹുൽ ഗാന്ധിയുടെ സമരവും നിയമവിരുദ്ധമായിരുന്നു. വനിതാ ഉദ്യോഗസ്ഥരെ ലൈംഗികമായി ഉപദ്രവിച്ചെന്നും സോളിസിറ്റർ ജനറൽ വാദിച്ചു. കോടതി ഇടപെടാത്ത സാഹചര്യത്തിൽ സമരത്തിന് അനുമതി നിഷേധിച്ചത് ദില്ലി പൊലീസ് പുനപരിശോധിക്കില്ല. സിജെപി പ്രതിഷേധങ്ങളിൽ പങ്കെടുക്കരുതെന്ന നിർദ്ദേശം പിജി ഹോസ്റ്റലുകളിൽ അടക്കം തങ്ങുന്നവർക്ക് നൽകുന്നുണ്ട്. ദില്ലിയിൽ ചില മസ്ജിദുകളിൽ അടക്കം എത്തി പൊലീസ് മുന്നറിയിപ്പ് നൽകി.

പശ്ചിമബംഗാളിൽ നിന്ന് 40 കമ്പനിയും ഛത്തീസ്ഗഢിൽ നിന്ന് 30 കമ്പനി അധിക സേനയേയും സുരക്ഷയ്ക്കായി ദില്ലിയിൽ എത്തിച്ചു. ബവാനയിലെ രാജീവ് ഗാന്ധി സ്റ്റേഡിയം, ഛത്രസാൽ സ്റ്റേഡിയം എന്നിവ തടങ്കൽ കേന്ദ്രങ്ങൾ ആക്കി. സിജെപി നോർത്ത് കോർഡിനേറ്റർ മോഹൻ യാദവിനെ കസ്റ്റഡിയിലെടുത്തായി സിജെപി പറഞ്ഞു. യുപിയിലും ഹരിയാനയിലും എസ്എഫ്ഐ പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി. പൂനെയിൽ നിന്ന് ദില്ലിക്ക് പുറപ്പെട്ട് എഐഎസ്എഫ് പ്രവർത്തകരെ മധ്യപ്രദേശിൽ കസ്റ്റഡിയിലെടുത്തു. ഇന്നലെ സിപിഎം ആസ്ഥാനമായ സുർജിത്ത് ഭവനിൽ നീരീക്ഷണത്തിന് പൊലീസ് എത്തിയത് വിവാദമായിരുന്നു. അയൽ രാജ്യങ്ങളിലേതിന് സമാനമായ അക്രമത്തിന് പദ്ധതിയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഈ ആഴ്ച മണിപ്പൂർ സന്ദർശനം അടക്കം നിശ്ചയിച്ചിരുന്ന ആഭ്യന്തരമന്ത്രി അമിത് ഷാ ദില്ലിയിൽ തങ്ങി സ്ഥിതി നിരന്തരം നിരീക്ഷിക്കുകയാണ്.

Post a Comment

Previous Post Next Post
Join Our Whats App Group