Join News @ Iritty Whats App Group

പൈലറ്റുമാർ അനുമതി നൽകും മുമ്പേ പൊലീസുകാർ വിമാനത്തിൽ കയറി; സിജെപി നേതാക്കളെ അറസ്റ്റ് ചെയ്ത രീതിയിൽ എയർ ഇന്ത്യയ്ക്ക് അതൃപ്തി

പൈലറ്റുമാർ അനുമതി നൽകും മുമ്പേ പൊലീസുകാർ വിമാനത്തിൽ കയറി; സിജെപി നേതാക്കളെ അറസ്റ്റ് ചെയ്ത രീതിയിൽ എയർ ഇന്ത്യയ്ക്ക് അതൃപ്തി


ദില്ലി: അഭിജിത്ത് ദീപ്കെ അടക്കമുള്ള സിജെപി നേതാക്കളെ വിമാനത്തിൽ കയറി അറസ്റ്റ് ചെയ്ത രീതിയിൽ എയർ ഇന്ത്യയ്ക്ക് അതൃപ്തി. വിമാനത്തിനകത്തേക്ക് സുരക്ഷാ ഉദ്യോഗസ്ഥർ കയറുന്നതിലെ പ്രോട്ടോകോൾ എന്തെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിക്ക് എയർ ഇന്ത്യ കത്ത് നൽകി. പൈലറ്റുമാർ അനുമതി നൽകും മുമ്പ് തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ദീപ്കെയുടെ സീറ്റിനടുത്തേക്ക് എത്തിയിരുന്നു എന്നാണ് റിപ്പോർട്ട്.

ശനിയാഴ്ച രാവിലെ എട്ടുമണിയോടെ ആണ് അഭിജിത്ത് ദീപ്കെ, സൗരവ് ദാസ്, അശുദോഷ് റങ്ക തുടങ്ങിയ സിജെപി നേതാക്കൾ മുംബൈയിൽ നിന്ന് ദില്ലിയിലേക്ക് പുറപ്പെട്ടത്. രാവിലെ 10:20 ഓടെ വിമാനം ദില്ലിയിൽ എത്തി. മൂവരെയും കസ്റ്റ‍ഡിയിലെടുക്കുന്നതിന് മുന്നോടിയായി സിഐഎസ്എഫ് ഉദ്യോഗസ്ഥർ വിമാനത്തിലെ മറ്റ് യാത്രക്കാർക്ക് സന്ദേശം നൽകിയിരുന്നു. പൈലറ്റുമാരും ഇക്കാര്യം യാത്രക്കാരെ അനൗൺസ്മെൻ്റിലൂടെ അറിയിച്ചു. കൂടാതെ, 7എ, 7ബി, 7സി എന്നീ സീറ്റുകളിൽ ഇരുന്ന മൂവരും പുറത്തേക്ക് ഇറങ്ങണമെന്നും പൈലറ്റുമാ‍ർ ആവശ്യപ്പെട്ടു. എന്നാൽ ഇതിനിടെ തന്നെ പൊലീസ് വിമാനത്തിൽ പ്രവേശിച്ച് മൂന്നുപേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് വിവരം. ഇക്കാര്യത്തിൽ പ്രോട്ടോകോൾ ലംഘനം നടന്നിട്ടുണ്ടോ എന്നാണ് എയ‍‍ർ ഇന്ത്യ, ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയോട് ആരായുന്നത്.

അതേസമയം ഇന്നലെ കസ്റ്റഡിയിൽ എടുത്തവരിൽ നാലായിരം പേരെയും വിട്ടയച്ചെന്ന് ദില്ലി പൊലീസ് അറിയിച്ചു. എന്നാൽ സിജെപിയുടെ പ്രധാന നേതാക്കൾ എവിടെ ആണെന്ന് പൊലീസ് വ്യക്തമാക്കുന്നില്ല. മുത്തശ്ശി മരിച്ചതിനാൽ അഭിജിത്ത് ദീപ്‌കെയ്ക്ക് നാട്ടിലേക്ക് മടങ്ങാൻ അനുവാദം നൽകാം എന്ന് പൊലീസ് അറിയിച്ചിരുന്നു. എന്നാൽ, ദീപ്കെയ്ക്ക് ഒപ്പമുള്ള സൗരവ് ദാസ്, അശുദോഷ് റങ്ക എന്നിവർ എവിടെ എന്നതിൽ വ്യക്തതയില്ല.

ഇന്നും സിജെപിയും മറ്റു സംഘടനകളും പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത സാഹചര്യത്തിൽ ദില്ലിയിൽ കനത്ത സുരക്ഷ തുടരുകയാണ്. മുപ്പതിനായിരം പൊലീസ് ഉദ്യോഗസ്ഥരും 200 കമ്പനി കേന്ദ്രസേനയും സുരക്ഷാ ജോലികളിൽ തുടരുകയാണ്. അടച്ചിട്ട 45 സ്റ്റേഷനുകൾ രാത്രി തുറന്നു. പ്രവർത്തനം സാധാരണ നിലയിൽ എന്ന് ദില്ലി റെയിൽ മെട്രോ കോർപറേഷൻ അറിയിച്ചു. ഇന്നലെ രാത്രി 10 മണിവരെ സ്റ്റേഷനുകൾ അടഞ്ഞുകിടന്നു. എല്ലാ ട്രെയിൻ സർവീസുകളുടെയും നിയന്ത്രണം നീക്കി. ട്രെയിനുകൾ സാധാരണ നിലയിൽ സർവീസ് നടത്തുന്നതായി നോർത്തേൺ റെയിൽവേ അറിയിച്ചു. അതേസമയം പല ട്രെയിനുകളും വൈകി ഓടുകയാണ്

പ്രതിഷേധക്കാർക്ക് എതിരായ പൊലീസ് നടപടി ചോദ്യം ചെയ്യുന്ന ഹർജി സുപ്രീംകോടതി അവധി ദിനമായ ഇന്ന് പ്രത്യേക സിറ്റിങ് നടത്തി പരിഗണിക്കും. സമരക്കാരെ പൊലീസ് തടഞ്ഞുവെക്കുന്നതും കസ്റ്റഡിയിലെടുക്കുന്നതും ചോദ്യം ചെയ്യുന്ന ഹർജികൾ ആവും കോടതിക്ക് മുന്നിൽ എത്തുക.

Post a Comment

Previous Post Next Post
Join Our Whats App Group