കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് സൗദിയിലേക്കുള്ള മൂന്ന് വിമാനങ്ങൾ റദ്ദാക്കി
മലപ്പുറം:റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെയുണ്ടായ ഹൂത്തി ആക്രമണത്തെത്തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള മൂന്ന് വിമാന സർവീസുകൾ റദ്ദാക്കി. രാവിലെ 9.55-ന് പുറപ്പെടേണ്ട സൗദി എയർലൈൻസ് SV 713, രാവിലെ 09:10-ന് റിയാദിലേക്ക് പുറപ്പെടേണ്ട ഫ്ലൈനാസ് XY 328, രാത്രി 8.15-ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് IX 321 എന്നിവയാണ് റദ്ദാക്കിയത്. സർവീസുകൾ മുടങ്ങിയതോടെ യാത്രക്കാർ ദുരിതത്തിലായി.
ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ സ്ഥിരീകരിച്ചു. ആക്രമണത്തിൽ 309 പേർക്ക് പരിക്കേറ്റു. റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിന് നേരെ ഇന്നലെയാണ് ആക്രമണം നടന്നത്. പശ്ചിമേഷ്യയിൽ ഇറാനുമായി ബന്ധപ്പെട്ട് ഫെബ്രുവരിയിൽ യുദ്ധം തുടങ്ങിയ ശേഷം ഇതുവരെ സൗദിക്ക് നേരെ ഉണ്ടായതിൽ വെച്ച് ഏറ്റവും വലിയ ആക്രമണമാണിത്. പരിക്കേറ്റ നിരവധി പേരുടെ അതീവ ഗുരുതരമെന്നാണ് പുറത്തുവരുന്ന വിവരം. ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ നാല് പേർ സൗദി അറേബ്യക്കാരാണ്. ബംഗ്ലാദേശ്, ജോർദാൻ, ഈജിപ്‌ത്, പലസ്തീൻ, സിറിയ എന്നിവിടങ്ങളിൽ നിന്നുള്ളവരും മരിച്ചവരിലുണ്ട്
റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുള്ള ആവർത്തിച്ചുള്ള ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഇന്ത്യ രംഗത്തെത്തി. സാധാരണക്കാർക്കും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആവർത്തിച്ചുള്ള ആക്രമണങ്ങൾ തികച്ചും അസ്വീകാര്യമെന്ന് ഇന്ത്യ അറിയിച്ചു. ആക്രമണം ഉടൻ തന്നെ അവസാനിപ്പിക്കണം. സൗദി അറേബ്യയിലെ ജനങ്ങൾക്കും സർക്കാരിനും ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നുവെന്നും മേഖലയിൽ എത്രയും പെട്ടെന്ന് സമാധാനവും സാധാരണ നിലയും പുനഃസ്ഥാപിക്കണം എന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
Post a Comment