എടക്കാനം റിവർ വ്യൂ പോയിന്റ് സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നു; ജനകീയ കമ്മിറ്റി രൂപീകരിക്കാൻ നാട്ടുകാർ
ഇരിട്ടി: പ്രകൃതിഭംഗി ആസ്വദിക്കാനെത്തുന്നവരുടെ ഇഷ്ടകേന്ദ്രമായ എടക്കാനം റിവർ വ്യൂ പോയിന്റും പരിസര പ്രദേശങ്ങളും ലഹരി ഉപയോഗത്തിന്റെയും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളുടെയും കേന്ദ്രമായി മാറുന്നതായി പരാതി. ഇതിനെതിരെ പ്രദേശത്ത് ജാഗ്രത ശക്തമാക്കാൻ ജനകീയ കമ്മിറ്റി രൂപീകരിക്കാനൊരുങ്ങി നാട്ടുകാർ.
ജില്ലയ്ക്കകത്തുനിന്നും പുറത്തുനിന്നുമായി നിരവധി പേരാണ് ദിവസവും എടക്കാനം റിവർ വ്യൂ പോയിന്റിൽ എത്തുന്നത്. എന്നാൽ വിനോദസഞ്ചാര കേന്ദ്രത്തിന്റെ മറവിൽ ചിലർ ലഹരി ഉപയോഗവും മറ്റ് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും നടത്തുന്നതായാണ് നാട്ടുകാരുടെ ആരോപണം. എം ഡി എം എ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം ഇവിടെ നടക്കുന്നതായും നാട്ടുകാർ പറയുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ എക്സൈസ് നടത്തിയ പരിശോധനയിൽ എം ഡി എം എ ഉപയോഗിച്ച യുവാക്കളെ പിടികൂടിയിരുന്നു. സ്കൂൾ, കോളേജ് സമയങ്ങളിൽ ക്ലാസ് ഒഴിവാക്കി വിദ്യാർഥികൾ ഇവിടെ എത്തുന്നതായും പരാതിയുണ്ട്. രാത്രികാലങ്ങളിൽ ഉൾപ്പെടെ ആളുകളുടെ സാന്നിധ്യം വർധിക്കുന്നത് പ്രദേശവാസികൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായാണ് പരാതി. ഇതോടെയാണ് പ്രദേശത്ത് നിരീക്ഷണവും ജാഗ്രതയും ശക്തമാക്കാൻ നാട്ടുകാർ ജനകീയ കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചത്.
റിവർ വ്യൂ പോയിന്റിലും പരിസരങ്ങളിലും പോലീസിന്റെയും എക്സൈസിന്റെയും നേതൃത്വത്തിൽ നിരന്തര പരിശോധന നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വിനോദസഞ്ചാര കേന്ദ്രത്തിന്റെ സ്വാഭാവിക സൗന്ദര്യവും സുരക്ഷിതത്വവും സംരക്ഷിക്കുന്നതിനൊപ്പം ലഹരി ഉപയോഗവും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും തടയാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.
Post a Comment