Join News @ Iritty Whats App Group

ലൈഫ് പദ്ധതി തുടരും, ഭവനരഹിതരില്ലാത്ത കേരളമാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി; 'മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക ഭവനപദ്ധതി നടപ്പാക്കും'

ലൈഫ് പദ്ധതി തുടരും, ഭവനരഹിതരില്ലാത്ത കേരളമാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി; 'മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക ഭവനപദ്ധതി നടപ്പാക്കും'



തിരുവനന്തപുരം: കേരളത്തിൽ ലൈഫ് ഭവനപദ്ധതി തുടരുമെന്നും ഭവനരഹിതരില്ലാത്ത കേരളമാണ് സർക്കാരിന്‍റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ. മത്സ്യത്തൊഴിലാളികളെ ലൈഫ് പദ്ധതിയിൽനിന്ന് മാറ്റിനിർത്തി അവർക്കായി പ്രത്യേക ഭവനപദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മത്സ്യത്തൊഴിലാളികൾക്കായുള്ള ഷീ സ്‌കൂട്ടർ പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിലാണ് പ്രഖ്യാപനം.

യുഡിഎഫ് അധികാരത്തിലെത്തിയതോടെ ലൈഫ് ഭവനപദ്ധതി നിർത്തലാക്കിയെന്ന പ്രചാരണം പ്രതിപക്ഷമടക്കം ഉയർത്തുന്നതിനിടെയാണ് പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. “ലൈഫ് പദ്ധതിക്കൊന്നും കുഴപ്പമില്ല. ലൈഫ് തുടരും. എന്നാൽ അതിന് മുമ്പുണ്ടായിരുന്ന ഭവനനിർമാണ പദ്ധതി വഴി നിർമിച്ചിരുന്നത്ര വീടുകൾ ലൈഫ് പദ്ധതിയുടെ ഭാഗമായതിന് ശേഷം നിർമിക്കപ്പെട്ടിട്ടില്ലെന്നത് സത്യമാണ്. ഇതുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളി സംഘടനകളിൽനിന്ന് വലിയ പരാതികൾ ലഭിച്ചിരുന്നു. അതിനാലാണ് മത്സ്യത്തൊഴിലാളികൾക്കായുള്ള ഭവനനിർമാണ പദ്ധതി ലൈഫിൽനിന്ന് മാറ്റിയത്. ഇക്കാര്യം ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്” മുഖ്യമന്ത്രി പറഞ്ഞു.

നിലവിൽ ലൈഫ് പദ്ധതിയിലൂടെ നാല് ലക്ഷം രൂപയാണ് ലഭിക്കുന്നത്. മത്സ്യത്തൊഴിലാളികൾക്കായി നടപ്പാക്കുന്ന പ്രത്യേക ഭവനപദ്ധതിയിൽ എത്ര തുക നൽകുമെന്ന കാര്യം ഇപ്പോൾ വെളിപ്പെടുത്തുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 'അത് ഇപ്പോൾ പറയുന്നില്ല. സസ്‌പെൻസായി കിടക്കട്ടെ' എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Post a Comment

أحدث أقدم
Join Our Whats App Group