Join News @ Iritty Whats App Group

പിണറായി വിജയന്റെ വീട്ടിൽ ഇഡി ഉദ്യോ​ഗസ്ഥർ, വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം; വീടിന് മുന്നിലെ തൂണിൽ സമൻസ് പതിപ്പിച്ച് ഇഡി

പിണറായി വിജയന്റെ വീട്ടിൽ ഇഡി ഉദ്യോ​ഗസ്ഥർ, വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം; വീടിന് മുന്നിലെ തൂണിൽ സമൻസ് പതിപ്പിച്ച് ഇഡി


സിഎംആർഎൽ-എക്‌സാലോജിക് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ ഇ.ഡി ഉദ്യോഗസ്ഥരെത്തി. പിണറായി വിജയന്റെ ബേക്കറി ജംക്ഷനിലെ വീട്ടിലാണ് ഇ.ഡി. ഉദ്യോഗസ്ഥർ എത്തിയത്. സമൻസ് കൈമാറാനായാണ് തിരുവനന്തപുരത്തെ വീട്ടിൽ ഉദ്യോഗസ്ഥരെത്തിയത്. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെടുന്ന നോട്ടിസ് വീടിന്റെ മുന്നിലെ തൂണിൽ പതിച്ച ശേഷം ഉദ്യോഗസ്ഥർ മടങ്ങി. പിണറായി വിജയനോ കുടുംബാംഗങ്ങളോ വീട്ടിൽ ഉണ്ടായിരുന്നില്ല. വീട്ടിലുണ്ടായിരുന്ന ജീവനക്കാർ ആരും നോട്ടിസ് സ്വീകരിക്കാതിരുന്ന സാഹചര്യത്തിലാണ് വീടിനു മുന്നിലുള്ള തൂണിൽ നോട്ടിസ് പതിപ്പിച്ചത്. തപാലിലും ഇ.ഡി നോട്ടിസ് അയച്ചിട്ടുണ്ട്.

വെള്ളിയാഴ്ച ഇ.ഡി ഓഫീസിൽ ഹാജരാവണമെന്നാണ് സമൻസിൽ നിർദേശിച്ചിരിക്കുന്നത്. വിവരമറിഞ്ഞ് മുൻമന്ത്രി വി.ശിവൻകുട്ടി ഉൾപ്പെടെയുള്ള നേതാക്കൾ വീട്ടിലെത്തി. ഇ.ഡി സംഘം ആദ്യമെത്തിയപ്പോൾ പിണറായി സ്ഥലത്തില്ലെന്നും കണ്ണൂരിലാണെന്നും അറിയിച്ചപ്പോൾ മടങ്ങിപ്പോയെന്നു ശിവൻകുട്ടി പറഞ്ഞു. പിന്നീട് ഉദ്യോഗസ്ഥർ തിരിച്ചുവന്ന ശേഷം സമൻസ് ഭിത്തിയിൽ പതിക്കുകയാണെന്നും സാക്ഷി ഒപ്പിട്ടു നൽകണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ജീവനക്കാർ ഇതു സമ്മതിച്ചില്ല. ഉദ്യോഗസ്ഥർ വീണ്ടും മടങ്ങിയ ശേഷം പൊലീസുകാരെയും കൂട്ടി തിരിച്ചുവന്ന് ബലമായി സമൻസ് പതിച്ചു മടങ്ങുകയായിരുന്നു. സുപ്രീംകോടതിയിൽ നിലനിൽക്കുന്ന കേസിലാണ് ഇ.ഡി ഇത്തരത്തിൽ നടപടി സ്വീകരിച്ചിരിക്കുന്നത്.

പിണറായി കണ്ണൂരിലാണുള്ളതെന്ന് വി ശിവൻകുട്ടി വ്യക്തമാക്കി. കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണുള്ളത്. അതിനിടയിൽ ഇ.ഡി ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത് ശരിയായ കാര്യമല്ലെന്നും ഈ നടപടി അന്യായവും ജനാധിപത്യ വിരുദ്ധവുമായ കാര്യമാണെന്നും ശിവൻ കുട്ടി പറഞ്ഞു. കേരളത്തിലെ പ്രതിപക്ഷ നേതാവ് നാടുവിട്ടു പോയ നേതാവൊന്നും അല്ലല്ലോയെന്ന് ശിവൻകുട്ടി ചോദിച്ചു.പിണറായി വിജയൻ കണ്ടുകിട്ടാത്ത ആളെ പോലെയാണ് ഇ.ഡിയുടെ നടപടിയെന്നും രാവിലെ ഒരുതവണ ഇ.ഡി ഉദ്യോഗസ്ഥരെത്തിയിരുന്നുവെന്നും രണ്ടാമത് വീണ്ടുമെത്തി പിന്നീട് മൂന്നാമത് എത്തിയപ്പോഴാണ് നിർബന്ധപൂർവം ഭിത്തിയിൽ സമൻസ് ഒട്ടിച്ചതെന്നും നേതാക്കൾ പറയുന്നു. മൂന്ന് പോലീസുകാരാണ് ഇതിന് സാക്ഷിയായി നിന്നത്. സർക്കാരും ഇതിന് കൂട്ടുനിൽക്കുന്നുവെന്നാണ് മനസ്സിലാവുന്നതെന്നും വി ശിവൻ കുട്ടി പറഞ്ഞു.

സമയമെടുത്ത് നോട്ടിസ് നേരിട്ട് കൊടുക്കാൻ കഴിയുമായിരുന്നല്ലോ. പിണറായി വേട്ടയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. സംസ്ഥാനസർക്കാരും അതിനു കൂട്ടുനിൽക്കുന്നതുകൊണ്ടാണ് പൊലീസുകാരെ അയച്ചിരിക്കുന്നതെന്നും വി ശിവൻകുട്ടി ആരോപിച്ചു. മുൻപ് ഇതേ വീട്ടിൽ റെയ്ഡിന് എത്തിയപ്പോഴാണ് സിപിഎം പ്രവർത്തകർ ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ചത്. അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത വിജിലൻസിന്റെ നടപടികൾക്കെതിരെ പിണറായി വിജയൻ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് അതിവേഗനീക്കവുമായി ഇ.ഡി. രംഗത്തെത്തിയിരിക്കുന്നത്.

ഇ.ഡി. കേസിന് ആധാരമായ വിജിലൻസ് എഫ്.ഐ.ആർ. ചോദ്യംചെയ്ത് പിണറായി വിജയൻ അടക്കമുള്ളവർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നതിനിടെയാണ് ഇ.ഡിയുടെ സമൻസ്. ചോദ്യംചെയ്യൽ കണക്കിലെടുത്ത് 23-ന് കൊച്ചി ഇ.ഡി. ഓഫീസിന്റെ സുരക്ഷ കൂട്ടാൻ സി.ഐ.എസ്.എഫിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ പിണറായി വിജയനുപുറമേ മകൾ ടി. വീണയടക്കം ഏഴുപേർ പ്രതിപ്പട്ടികയിലുണ്ടെങ്കിലും പിണറായിക്കുമാത്രമാണ് സമൻസ് നൽകിയത്. ഔദ്യോഗികപദവി ദുരുപയോഗം ചെയ്ത്, സ്വന്തമായും മകൾ ടി. വീണയ്ക്കും അവരുടെ കമ്പനിക്കും നിയമവിരുദ്ധമായ സാമ്പത്തിക നേട്ടമുണ്ടാക്കാൻ അഴിമതി നടത്തിയെന്നാണ് കേസ്.

2016 ഓഗസ്റ്റുമുതൽ 2020 ജൂൺവരെയുള്ള കാലയളവിൽ കൺസൾട്ടൻസിയുടെയും അനുബന്ധസേവന കരാറുകളുടെയും മറവിൽ പിണറായി വിജയന് മകൾ ടി. വീണ വഴി സി.എം.ആർ.എൽ. കമ്പനി 3.28 കോടി രൂപ കൈക്കൂലി നൽകിയെന്നാണ് ഇ.ഡി. കേസ്.

Post a Comment

أحدث أقدم
Join Our Whats App Group