Join News @ Iritty Whats App Group

ഇൻസ്റ്റഗ്രാം പോസ്റ്റ് ഇഷ്ടപ്പെട്ടില്ല, ജൂനിയേഴ്സിനെ ബൈക്കിൽ പിന്തുടർന്നു, വളഞ്ഞിട്ട് തല്ലിച്ചതച്ചു; നാദാപുരം എം.ഇ.ടി കോളേജിൽ കൂട്ടത്തല്ല്

ഇൻസ്റ്റഗ്രാം പോസ്റ്റ് ഇഷ്ടപ്പെട്ടില്ല, ജൂനിയേഴ്സിനെ ബൈക്കിൽ പിന്തുടർന്നു, വളഞ്ഞിട്ട് തല്ലിച്ചതച്ചു; നാദാപുരം എം.ഇ.ടി കോളേജിൽ കൂട്ടത്തല്ല്


കോഴിക്കോട്: ഇന്‍സ്റ്റഗ്രാം പോസ്റ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് രണ്ട് വിദ്യാര്‍ത്ഥികളെ ക്രൂരമായി തല്ലിച്ചതച്ചു. കോഴിക്കോട് നാദാപുരം കല്ലാച്ചിയിലെ എം.ഇ.ടി കോളേജ് വിദ്യാര്‍ത്ഥികളാണ് ചേരിതിരിഞ്ഞ് ആക്രമണം നടത്തിയത്. സ്‌കൂട്ടറില്‍ പോകുന്ന രണ്ട് വിദ്യാര്‍ത്ഥികളെ പിന്നാലെ ബൈക്കുകളിലും മറ്റുമായി എത്തിയ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് തടയുന്നതും ക്രൂരമായി ആക്രമിക്കുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഏവരിലും നടുക്കമുണ്ടാക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളാണിത്.

കഴിഞ്ഞ വെള്ളിയാഴ്ച കോളേജില്‍ സീനിയര്‍-ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. രണ്ടു ദിവസത്തെ അവധിക്കൊടുവില്‍ ഇന്നാണ് കോളേജ് തുറന്നത്. ഇതിന് പിന്നാലെയാണ് വീണ്ടും ഏറ്റുമുട്ടലുണ്ടായത്. ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി ബന്ധപ്പെട്ട തര്‍ക്കം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വാക്കേറ്റത്തിലും തുടര്‍ന്ന് കോളേജ് ക്യാംപസിന് അകത്തും പുറത്തുമായി ചേരിതിരിഞ്ഞുള്ള അടിപിടിയിലും കലാശിക്കുകയായിരുന്നു.

കോളേജ് ക്യാംപസില്‍ തുടങ്ങിയ സംഘര്‍ഷം പിന്നീട് തുണേരി പട്ടാണിയിലേക്കും നാദാപുരം താലൂക്ക് ആശുപത്രി പരിസരത്തേക്കും വ്യാപിച്ചു. സംഭവത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാദാപുരം പോലീസ് വിദ്യാര്‍ത്ഥികളെ പിരിച്ചുവിടാന്‍ ലാത്തിവീശി. പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ നാദാപുരം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയശേഷം മടങ്ങിപ്പോയി എന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തില്‍ ഇതുവരെ ഔദ്യോഗികമായി ആരും പരാതി നല്‍കിയിട്ടില്ല.

Post a Comment

Previous Post Next Post
Join Our Whats App Group