Join News @ Iritty Whats App Group

‘അധികാരദുർവിനിയോഗവും ഗൂഢാലോചനയും’; മാസപ്പടി കേസിലെ എഫ്ഐആറിലെ വിവരങ്ങൾ പുറത്ത്, പിണറായി വിജയനെതിരെ ഗുരുതര ആരോപണങ്ങൾ

‘അധികാരദുർവിനിയോഗവും ഗൂഢാലോചനയും’; മാസപ്പടി കേസിലെ എഫ്ഐആറിലെ വിവരങ്ങൾ പുറത്ത്, പിണറായി വിജയനെതിരെ ഗുരുതര ആരോപണങ്ങൾ


സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിജിലൻസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിലെ വിവരങ്ങൾ പുറത്ത്. പിണറായി വിജയൻ, മകൾ വീണ ടി, സിഎംആർഎൽ ഉടമ ശശിധരൻ കർത്ത എന്നിവർ ഗൂഢാലോചന നടത്തിയെന്നാണ് എഫ്ഐആറിലെ ആരോപണം. വ്യക്തിതാൽപര്യങ്ങൾക്കായി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നും വിജിലൻസ് രേഖകളിൽ പറയുന്നു. എഫ്ഐആറിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു.

സിഎംആർഎല്ലും വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസും ഉൾപ്പെട്ട സാമ്പത്തിക ഇടപാടുകളിലൂടെ വ്യക്തിപരമായ നേട്ടമുണ്ടാക്കാൻ ശ്രമിച്ചെന്നാണ് വിജിലൻസിന്റെ ആരോപണം. എക്സാലോജിക്കിന് സിഎംആർഎൽ നൽകിയ തുകയുടെ ഇടപാടുകളിൽ ദുരൂഹതയുണ്ടെന്നും രേഖകളിൽ പറയുന്നു. 2016 ഓഗസ്റ്റിലും 2020 ജൂണിലും വീണയ്ക്കും എക്സാലോജിക്കിനും നൽകിയ പണം പിണറായി വിജയനിലേക്ക് എത്തിയിട്ടുണ്ടോയെന്ന കാര്യവും അന്വേഷണപരിധിയിലുണ്ട്.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാൻ കേരള ഹൈക്കോടതി നിർദേശിച്ചതിന് പിന്നാലെയാണ് വിജിലൻസ് നടപടി. ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തിൽനിന്ന് വിവരങ്ങൾ ശേഖരിച്ച വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് രണ്ട് എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തത്.

സിഎംആർഎല്ലിൽനിന്ന് അധികാരദുർവിനിയോഗത്തിലൂടെ പണം സമ്പാദിച്ചെന്ന ആരോപണത്തിൽ അഴിമതി നിരോധന നിയമപ്രകാരമാണ് ആദ്യ കേസ്. ഇതിൽ പിണറായി വിജയനാണ് ഒന്നാം പ്രതി. വീണ ടി, എക്സാലോജിക് സൊല്യൂഷൻസ്, ശശിധരൻ കർത്ത, സുരേഷ് കുമാർ, എംപവർ ഇന്ത്യ എന്നിവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട പണം വെളുപ്പിക്കാനും കുഴൽപ്പണ ഇടപാടുകൾ നടത്താനും ശ്രമിച്ചെന്ന ഇഡിയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് രണ്ടാമത്തെ കേസ്. ഇതിൽ മുഹമ്മദ് റിയാസാണ് ഒന്നാം പ്രതി. വീണ ടി, ഷൈജൽ മുഹമ്മദ്, ഹസൻ വാരിസ്, നിഖിൽ പി, ഫൈജാസ് വി.പി, നന്ദുലാൽ എന്നിവരാണ് മറ്റ് പ്രതികൾ. ഹൈക്കോടതി നിർദേശത്തിന്റെ പശ്ചാത്തലത്തിൽ തുടർ അന്വേഷണ നടപടികൾക്ക് നിയമതടസ്സമുണ്ടാകില്ലെന്നാണ് വിജിലൻസിന്റെ വിലയിരുത്തൽ.

Post a Comment

Previous Post Next Post
Join Our Whats App Group