കണ്ണൂര്‍ കോക്ടെയിലില്‍ നിന്ന് ശേഖരിച്ച സാമ്പിളില്‍ ബാക്ടീരിയ സാന്നിദ്ധ്യം; ഭക്ഷ്യസുരക്ഷാ വകുപ്പ് കേസെടുത്തു
കണ്ണൂർ: കണ്ണൂർ കോക്ടെയിലില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ സുരക്ഷിതമല്ലാത്ത ബാക്ടീരിയകളുടെ സാന്നിദ്ധ്യം. ഭക്ഷ്യ സുരക്ഷാ വകുപ്പ് കോഴിക്കോട് മലാപറമ്പിലെ റീജ്യണല്‍ അനാലിറ്റിക്കല്‍ ലാബോറട്ടറിയില്‍ നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് സുരക്ഷിതമല്ലാത്ത ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയത്.
ഇതേ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ണൂർ സർക്കിള്‍ തളിപ്പറമ്പ് ആർ.ഡി.ഒ മുൻപാകെ കേസ് ഫയല്‍ ചെയ്തു.
കഴിഞ്ഞ മാസം 21ന് കണ്ണൂർ കാള്‍ടെക്സിലെ കണ്ണൂർ കോക്ടെയില്‍ എന്ന ജൂസ് കടയില്‍ നിന്ന് കോക്ടെയില്‍ കഴിച്ച ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി പേർക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നു. ചർദ്ദി, വയറിളക്കം, തലവേദന ഉള്‍പ്പെടെ അനുഭവപ്പെട്ട കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ചികിത്സ തേടിയത്. ഭൂരിഭാഗം പേർക്കും തൊട്ടടുത്ത ദിവസങ്ങളിലായാണ് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്.
തുടർന്ന് 23ാം തീയതി ജില്ലാ ആരോഗ്യ വകുപ്പ്, ഭക്ഷ്യ സുരക്ഷ വകുപ്പ്, കോർപ്പറേഷൻ ആരോഗ്യ വിഭാഗം എന്നിവരുടെ നേതൃത്വത്തില്‍ കടയില്‍ വിശദമായ പരിശോധന നടത്തിയിരുന്നു. ഭക്ഷ്യ സുരക്ഷാ വകുപ്പ് കോക്ടെയിലില്‍ ചേർക്കുന്ന അണ്ടിപ്പരിപ്പ്, പഞ്ചസാര, അനാർ, ശീതീകരിച്ച പാല്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ സാമ്പിള്‍ ശേഖരിച്ച് പരിശോധനക്ക് അയച്ചിരുന്നു. കൂടാതെ 21 ന് അവിടെ നിന്നും വാങ്ങിയ കോക്ടെയില്‍ കണ്ണൂർ തായത്തെരുവിലെ വ്യക്തി വീട്ടിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നു. ഇതും കോഴിക്കോടുള്ള ലാബിലേക്ക് പരിശോധനക്കായി അയച്ചു. ജില്ല ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ ചുമതലയുള്ള അസി. കമ്മിഷണർ എസ്. സംഗീത് റിപ്പോർട്ട് പരിശോധിച്ചതിന് ശേഷമാണ് കേസെടുക്കാൻ ശുപാർശ ചെയ്തത്. നിലവില്‍ 55 ഓളം പരാതികളാണ് ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ ലഭിച്ചത്. ഇവർക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള വകുപ്പും കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ന്യൂനതകള്‍ പരിഹരിക്കുന്ന മുറക്ക് സ്ഥാപനം തുറന്ന് പ്രവർത്തിക്കാൻ ഭക്ഷ്യ സുരക്ഷ വകുപ്പ് അനുമതി നല്‍കും.
إرسال تعليق